ADVERTISEMENT

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സ്രഷ്ടാവ് ഡെന്നിസ് ജോസഫ് ഓർമയായിട്ട് ഒരുവര്‍ഷം. 2021 മെയ് 10ന് ഹൃദയാഘാതത്തെ തുടർന്നാണ് ഡെന്നിസിനെ മലയാള സിനിമയ്ക്ക് നഷ്ടമായത്.  മലയാള സിനിമയിൽ ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർത്ത ഒട്ടേറെ മെഗാഹിറ്റുകൾ അടക്കം 65 ഓളം സിനിമകൾക്കു തിരക്കഥയൊരുക്കിയ ഡെന്നിസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിൾ 1988 ലെ, കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. ഡെന്നിസ് തിരക്കഥയെഴുതിയ ആകാശദൂത് 1993 ലെ, സാമൂഹിക പ്രസക്തിയുള്ള സിനിമയ്ക്കുള്ള ദേശീയ അവാർഡും നേടി.

 

mohanlal-dennis-joseph-new

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20 ന് എം.എൻ.ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ച ഡെന്നീസ് ജോസഫ്, ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളജിൽനിന്നു ബിരുദ പഠനവും പൂർത്തിയാക്കി. ഫാർമസിയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.

dennis-joseph-2

 

കട്ട് കട്ട് എന്ന സിനിമാ മാസികയിൽ പത്രപ്രവർത്തകനായാണ് തുടക്കം. പിന്നീട് കുറച്ചുകാലം ഒരു പ്രസ് നടത്തിയിരുന്നു. ജേസിയുടെ ഈറൻ സന്ധ്യ എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി 1985 ലാണ് സിനിമാ പ്രവേശം. പിന്നീടു വന്ന നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകൻ തുടങ്ങിയ ചിത്രങ്ങൾ ഡെന്നിസിനെ അക്കാലത്തെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്താക്കി. ജോഷി, തമ്പി കണ്ണന്താനം എന്നിവരുടെ സംവിധാനത്തിൽ ഡെന്നിസ് വിജയപരമ്പര തന്നെ സൃഷ്ടിച്ചു.

 

എൺപതുകളുടെ രണ്ടാം പകുതി മലയാള സിനിമയിൽ ഡെന്നിസ് ജോസഫിന്റേതായിരുന്നു. ആ തിരക്കഥകൾ മലയാളത്തിലെ 2 മഹാനടന്മാരെ താരപദവയിലേക്കു കൈപിടിച്ചുകയറ്റി. ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ ‘നിറക്കൂട്ട്’ മമ്മൂട്ടിയെ മലയാള സിനിമയുടെ അമരത്തെത്തിച്ചു. തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ മകനി’ലൂടെ  മോഹൻലാൽ എന്ന സൂപ്പർതാരം പിറന്നു. സുരേഷ് ഗോപിയുടെ അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയായിരുന്നു.  

 

പിന്നെ ഡെന്നിസ് പേനയെടുത്ത വഴിയേ മലയാളസിനിമ നീങ്ങുകയായിരുന്നു. ചെന്നൈ വുഡ്​ലാൻഡ്സ് ഹോട്ടലായിരുന്നു അന്നു സിനിമക്കാരുടെ താവളം. മമ്മൂട്ടിയും മോഹൻലാലും ചെന്നൈയിലെത്തിയാൽ ഡെന്നിസ് ജോസഫിന്റെ മുറിക്കു തൊട്ടടുത്തുള്ള മുറികൾ തന്നെ ആവശ്യപ്പെടുമായിരുന്നുവെന്നാണു കഥ. 

 

മമ്മൂട്ടിയുടെ താരപദവി വീണ്ടെടുത്ത ‘ന്യൂഡൽഹി’ (1987) വന്നതോടെ ഡെന്നിസ് ദക്ഷിണേന്ത്യയിലെ തന്നെ അറിയപ്പെടുന്ന തിരക്കഥാകൃത്തായി. ‘ന്യൂഡൽഹി’ കണ്ടിട്ടു മണിരത്നവും രജനീകാന്തും തന്നെത്തേടി മുറിയിൽ വന്ന സംഭവം ഓർമപ്പുസ്തകത്തിൽ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ, മറ്റു ഭാഷകളിൽനിന്നു വലിയ ഓഫറുകൾ സ്വീകരിച്ചതുമില്ല. 

 

മലയാളത്തിൽ തുടരെ സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചുകൊണ്ടിരുന്ന കാലം. മോഹൻലാലിനു വേണ്ടി ‘ഭൂമിയിലെ രാജാക്കന്മാർ,’ ‘വഴിയോരക്കാഴ്ചകൾ’, ‘ഇന്ദ്രജാലം’... മമ്മൂട്ടിക്കുവേണ്ടി ‘സംഘം’, ‘കോട്ടയം കു‍ഞ്ഞച്ചൻ’, ‘നായർസാബ്’. മലയാളികളെ ഇന്നും ചിരിപ്പിക്കുന്ന ‘നമ്പർ 20 മദ്രാസ് മെയിലും’ കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയ ‘ആകാശദൂതും’ അതേ തൂലികയിൽനിന്നു പിറവിയെടുത്തു.

 

തിരക്കഥാകൃത്തുകളിലെ സൂപ്പർസ്റ്റാർ

 

മലയാളത്തിൽ തിരക്കഥാകൃത്തുക്കൾക്കു താരപദവി സമ്മാനിച്ച എഴുത്തുകാരനായിരുന്നു ഡെന്നിസ് ജോസഫ്. നിർമാതാക്കളും സംവിധായകനും കൂടി തീരുമാനിക്കുന്ന കഥയ്ക്ക് അവർ ആവശ്യപ്പെടുന്ന രീതിയിൽ തിരക്കഥയും സംഭാഷണവും ചമയ്ക്കുന്ന രീതി ‘രാജാവിന്റെ മകൻ’ മാറ്റിമറിച്ചു. അധോലോകത്തുനിന്ന് വിൻസന്റ് ഗോമസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ഡെന്നിസ് ജോസഫിന്റെ തന്റേടമായിരുന്നു. 

 

നായകൻ കൊല്ലപ്പെടുന്ന പതിവില്ലാത്ത ക്ലൈമാക്സ് മലയാള സിനിമയെ പുതുവഴിയിലേക്കു നയിച്ചു. ‘‘നിർമാതാക്കൾ കൊടുക്കുന്ന കാശ് എണ്ണി നോക്കാതെ പോക്കറ്റിലിടുന്ന എഴുത്തുകാരായിരുന്നു അന്നേറെയും. ഞാനാണ് അതിനു മാറ്റം വരുത്തിയത്’’– ഒരിക്കൽ സ്വകാര്യ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com