ADVERTISEMENT

നമുക്ക്‌ ഏറെ പ്രിയപ്പെട്ട മാധ്യമമാണ് സിനിമ. ഒരേ സിനിമ തന്നെ പലവട്ടം കാണുന്നവരുണ്ട്. ടിവിയിലും നവമാധ്യമങ്ങളിലും സിനിമയുടെ ക്ലിപ്പുകൾ കണ്ടുകൊണ്ടേയിരിക്കുന്നവരുണ്ട്. പലര്‍ക്കും പല വിധത്തിലാണ് സിനിമയോടുള്ള സ്നേഹം. ചിലർ താരങ്ങളെ അനുകരിക്കുന്നു, ചിലര്‍ അവരുടെ വേഷവിധാനം അനുകരിക്കുന്നു, ചിലര്‍ ചേഷ്ടകൾ അനുകരിക്കുന്നു. ചിലർ മക്കള്‍ക്ക് താരങ്ങളുടെ പേരിടുന്നു. വീട്ടില്‍ ഫോട്ടോ ഫ്രെയിം ചെയ്ത് വയ്ക്കുന്നു (ഇപ്പോള്‍ മൊബൈലില്‍ സൂക്ഷിക്കുന്നു). ചിലർ പാട്ടുകള്‍ മൂളുന്നു. ചിലര്‍ സിനിമാ സ്റ്റൈലിൽ പ്രേമിക്കുന്നു, മരിക്കുന്നു, കൊല്ലുന്നു, കൊള്ളയടിക്കുന്നു. പ്രിയ താരത്തിന്റെ മാസ് എന്‍ട്രി സമയത്ത് ചിലർ തിയറ്ററില്‍ നൃത്തം ചെയ്യുന്നു, പണം സ്ക്രീനിലേക്ക് എറിയുന്നു. താരത്തിന്റെ ദേഹവിയോഗത്തിൽ മനംനൊന്ത് സ്വയം അഗ്നിക്ക് ഇരയാകുന്നു. ഫാന്‍സ്‌ അസോസിയേഷൻ ഉണ്ടാക്കുന്നു. പ്രിയ താരത്തെ ഒന്നു സ്പര്‍ശിക്കാന്‍, ഒപ്പം സെല്‍ഫി എടുക്കാൻ വന്‍തിരക്കിനിടയിൽ ബുദ്ധിമുട്ടുന്നു. ഇഷ്ടതാരത്തെ ഒരുനോക്കു കാണാനായി കെട്ടിടത്തിലും മരത്തിലും കയറിയ ചിലര്‍ താഴെ വീഴുന്നു. സിനിമ യാഥാർഥ്യമല്ല എന്നറിഞ്ഞിട്ടും നാം സിനിമയിലേക്ക് വളരെയധികം ആകൃഷ്ടരാവുന്നു. സിനിമ നമുക്ക് ലഹരി പോലെയാണ്. 

 

മറ്റുള്ളവരുടെ ജീവിതത്തിലേക്ക്‌ ഒളിഞ്ഞുനോക്കാനുള്ള ത്വരയാണ് സിനിമയെ നമുക്കു പ്രിയപ്പെട്ടതാക്കുന്നത് എന്നു ചിലര്‍ പറയുന്നു. തിരശ്ശീലയിലെ നിഴലാട്ടത്തിലും ശബ്ദങ്ങളിലും ആമഗ്നരാവുന്ന പ്രേക്ഷകർ ഒരുതരം സ്വപ്നാവസ്ഥയിലാണ് എന്ന് റെനെ ക്ലയര്‍. സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന്റെ മാനസികാവസ്ഥ സ്വപ്നത്തിനും പകല്‍ക്കിനാവിനും ഇടയിൽ എവിടെയോ ആണ് എന്നാണ് ഒരു മനഃശാസ്ത്രജ്ഞൻ പറയുന്നത്. “സിനിമ നിങ്ങൾ ആഗ്രഹിക്കുന്നത് നൽകുന്നില്ല, എങ്ങനെ ആഗ്രഹിക്കണമെന്ന് നിങ്ങളോടു പറയുന്നു” എന്ന് സിസേക്‌. “പ്രേക്ഷകര്‍ക്ക്‌ ആനന്ദം നൽകുക; ഒരു പേടിസ്വപ്നത്തിൽനിന്ന് ഉണരുമ്പോൾ അവർക്കുണ്ടാകുന്ന അതേ ആനന്ദം” എന്ന് ഹിച്ച്കോക്ക്. “ലോകത്തിലെ ഏറ്റവും മനോഹരമായ തട്ടിപ്പാണ് സിനിമ” എന്ന് ഗൊദാർദ്. “സിനിമയും മാജിക്കും വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു” എന്ന് കൊപ്പോള. “സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നത് സിനിമയെക്കുറിച്ച് സംസാരിക്കുന്നതിന് തുല്യമാണ്’’ എന്ന് ഫെല്ലിനി. “സിനിമയെപ്പോലെ നമ്മുടെ വികാരങ്ങളിലേക്ക്, നമ്മുടെ ആത്മാവിന്റെ ഇരുണ്ട മുറികളിലേക്ക് മറ്റൊരു കലയും നേരിട്ട് പോവുന്നില്ല... സിനിമ കാണുക എന്നത് സ്വപ്നം കാണുന്നതിന് തുല്യമാണ്’’ എന്ന് ബര്‍ഗ്‌മാന്‍. “നഷ്ടപ്പെട്ട സമയത്തെ തിരിച്ചുപിടിക്കാനാണ് ഒരാള്‍ സിനിമ കാണാൻ പോകുന്നത്’’ എന്ന് താര്‍കോവസ്കി. “സിനിമ ഒരു സെക്കൻഡിൽ 24 ഫ്രെയിമുകൾ ഉള്ള കള്ളമാണെന്ന് ഞാൻ കരുതുന്നു” എന്ന് സ്റ്റാന്‍ലി ഡോനേൻ. 

 

പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകൻ മൊഹ്സെന്‍ മക്മല്‍ബഫിന്റെ ‘സലാം സിനിമ’ (Salaam Cinema, 1995) ഇറാനിലെ ജനങ്ങളുടെ സിനിമാ ഭ്രാന്തിനെക്കുറിച്ചാണ്. (ഈ സിനിമ കാന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി). സിനിമ തുടങ്ങുമ്പോള്‍ ഒരു വാഹനത്തിൽനിന്ന് ക്യാമറാമാന്‍ ഒരു വലിയ ആള്‍ക്കൂട്ടത്തെ ചിത്രീകരിക്കുന്നു. ഒരാള്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെടുന്നു. തുടര്‍ന്ന് തിരക്കിനിടയില്‍പ്പെട്ട് ചിലര്‍ക്കു പരുക്കു പറ്റുന്നു. ജനക്കൂട്ടം ഗേറ്റിലൂടെ തള്ളിക്കയറുന്നത് ഒരു രാഷ്ട്രീയ കലാപം പോലെയാണ്. പിന്നീടാണ് നാം മനസ്സിലാക്കുന്നത് ഇവര്‍ ഒരു സിനിമയുടെ ഓഡിഷന് എത്തിയവരാണ്.

 

ഓഡിഷന് എത്തിയ ആളുകളോട് മക്മല്‍ബഫ് ഇപ്രകാരം പറയുന്നു: “സിനിമയുടെ നൂറാം വർഷം പ്രമാണിച്ച് ഞാൻ ഒരു സിനിമയുണ്ടാക്കുകയാണ്. സിനിമാ നടന്മാരും നടികളും ആവാന്‍ ആഗ്രഹിക്കുന്ന ആളുകളെ കുറിച്ചാണ് സിനിമ. നിങ്ങള്‍ തന്നെയാണ് സിനിമയുടെ വിഷയവും അഭിനേതാക്കളും. അതിനാൽ, നിങ്ങളുടെ സ്വന്തം സിനിമയിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു”. ഇത് പ്രേക്ഷകർക്കുള്ള ക്ഷണം കൂടിയാണ്. സാധാരണയായി സിനിമ എന്താണ് എന്ന് നാം തുടക്കത്തില്‍ അറിയുന്നില്ലല്ലോ, അല്ലെങ്കിൽ നമ്മെ അറിയിക്കുന്നില്ലല്ലോ. സിനിമ എന്താണ് എന്നത് സസ്പെന്‍സായി വയ്ക്കുകയാണല്ലോ പതിവ്‌. എന്നാല്‍ ഇവിടെ തുടക്കത്തില്‍ത്തന്നെ സിനിമയെ നമുക്കായി അനാവരണം ചെയ്യുന്നു.

salam-cinema-3

 

മക്മല്‍ബഫ് ഓരോരുത്തരെ ഫ്ലോറിലേക്ക് വിളിച്ച് സംസാരിക്കുന്നു. എവിടെയായാലും, ഏതു രാജ്യത്തായാലും പ്രേക്ഷകരെ സംബന്ധിച്ച് സിനിമ എന്നാൽ വികാരമാണ്. അഭിമുഖത്തിനെത്തിയവരും സിനിമയെ ആ രീതിയിലാണ് കാണുന്നത്. അന്ധനായ ഒരാളാണ് ആദ്യം അഭിമുഖത്തിന് വരുന്നത്. “വികാരങ്ങളുള്ള ഒരാളുടെ വേഷം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു” എന്നാണ് അയാള്‍ പറയുന്നത്. അയാള്‍ക്ക് സിനിമ കാണാൻ പറ്റില്ല, പക്ഷേ സിനിമ അനുഭവിക്കാന്‍ കഴിയും. അമ്മയുടെ മരണത്തില്‍ കരയുന്ന മനുഷ്യന്റെ വികാരങ്ങള്‍ മനസ്സിലാക്കാൻ കഴിയും. ക്യാമറ ഇതൊക്കെയും ചിത്രീകരിക്കുന്നു. സംവിധായകന്‍ അഭിനയിക്കാൻ പറഞ്ഞുകൊണ്ടേയിരിക്കുന്നു. അയാള്‍ അന്ധനല്ലെന്ന് സംവിധായകൻ കണ്ടുപിടിക്കുന്നു. സിനിമയോടുള്ള സ്നേഹം കാരണം അയാള്‍ കള്ളം പറയുകയായിരുന്നു. അയാൾ ഇത്രയും നേരം അന്ധനായി അഭിനയിച്ചതുതന്നെയാണ് സിനിമ എന്ന് സംവിധായകൻ അയാളെ അറിയിക്കുന്നു. അപ്പോള്‍ മാത്രമാണ് ഈ മനുഷ്യനെപ്പോലെ ഓഡിഷന്‍ ചെയ്യുന്ന മറ്റുള്ളവരും മനസ്സിലാക്കുന്നത് അവരും ഒരു സിനിമയിൽ അഭിനയിക്കുകയായിരുന്നു എന്ന്.

salam-cinema-32

 

സിനിമയില്‍ അഭിനയിച്ച് പ്രശസ്തയാവാനല്ല ഒരു പെണ്‍കുട്ടി വന്നത്. അക്കാര്യം അവള്‍ക്ക് സംവിധായകനോട് പറയണം. എന്നാല്‍ മറ്റുള്ളവരുടെ മുന്നിൽ അക്കാര്യം തുറന്നുപറയാന്‍ അവള്‍ക്ക് പറ്റില്ല. അയാള്‍ അവളെ മാറ്റി നിര്‍ത്തി സംസാരിക്കുന്നു. ഇതൊക്കെയും ക്യാമറ നമുക്ക് കാണിച്ചുതരുന്നു. അവള്‍ ഒരു ആൺകുട്ടിയുമായി പ്രണയത്തിലാണ്. കഴിഞ്ഞ വർഷം അവർ വിവാഹം കഴിക്കേണ്ടതായിരുന്നു. അവര്‍ വിവാഹം കഴിക്കുന്നത് അവന്റെ വീട്ടുകാർ അംഗീകരിച്ചില്ല. ഈ പ്രശ്നങ്ങളെല്ലാം കാരണം അയാള്‍ ഇറാൻ വിട്ടു. അവള്‍ അവന്റെ കൂടെ പോകേണ്ടതായിരുന്നു. പക്ഷേ പ്രായക്കുറവു കാരണം വീസ കിട്ടിയില്ല. മക്മല്‍ബഫിന്റെ സിനിമയ്ക്ക് ഫിലിം ഫെസ്റ്റിവലുകളിൽനിന്ന് അവാർഡുകൾ ലഭിക്കുമെന്നും അപ്പോൾ അവള്‍ക്കും വിദേശത്തേക്കു പോകാൻ അവസരം ലഭിക്കുമെന്നും അങ്ങിനെ കാമുകനെ കാണാൻ സാധിക്കുമെന്നും അവൾ വിശ്വസിക്കുന്നു.

 

പലതരത്തിലുള്ള ആളുകളെ സംവിധായകൻ അഭിമുഖം ചെയ്യുന്നു. ധാർഷ്ട്യം, കൗശലം, വൈകാരികത, ലജ്ജ, ഹാസ്യം എന്നിവയിലൂടെ അഭിമുഖം പുരോഗമിക്കുന്നു. പോൾ ന്യൂമാനെപ്പോലെയാണെന്ന് കരുതുന്ന ഒരാൾ, സാമ്പ്രദായിക രീതിയില്‍ സുന്ദരനല്ലാത്തതിനാല്‍ എപ്പോഴും വില്ലനായി അഭിനയിക്കെണ്ടിവരുന്ന ഒരാൾ, ഒരാള്‍ക്ക് ആക്‌ഷൻ സിനിമകളല്ല മെലോഡ്രാമകളാണ് ഇഷ്ടം, അഭിനയിക്കാന്‍ മോഹം, എന്നാല്‍ അഭിനയിക്കാന്‍ അറിയാത്തവര്‍... സിനിമ, അഭിനയം എന്നിവയെ കുറിച്ചുള്ള സങ്കൽപങ്ങള്‍ അഭിമുഖത്തിലൂടെ വെളിവാകുന്നു. 

 

cyclist
സൈക്ലിസ്റ്റ് എന്ന സിനിമയിൽ നിന്നും

ചിലര്‍ പൊട്ടിക്കരയുന്നു, ചിലര്‍ ചിരിക്കുന്നു, ചിലര്‍ അറിയാതെ മനസ്സ് തുറക്കുന്നു. ഇതിലൂടെ പ്രായ, ലിംഗ ഭേദമന്യേ പല സാമൂഹിക നിലകളിലുള്ള ഇറാനികൾക്കിടയിൽ സിനിമ എത്രത്തോളം ജനപ്രിയമാണെന്ന് തുറന്നുകാട്ടുന്നു, സാമൂഹിക അന്തസ്സിനോട് ഒട്ടും ബഹുമാനമില്ലാത്ത ഒരു സംസ്കാരത്തിലേക്ക് സിനിമ വെളിച്ചം വീശുന്നു. നീതിന്യായ വ്യവസ്ഥ, കന്യകാത്വം, മാതൃത്വം, സമൂഹത്തിൽ സ്ത്രീകളുടെ പങ്ക് എന്നീ ആശയങ്ങള്‍ സിനിമ ചര്‍ച്ചചെയ്യുന്നു. വ്യത്യസ്ത ആളുകൾ സിനിമയിൽ അഭിനയിക്കാനുള്ള കാരണം വിശദീകരിക്കുന്ന ഓഡിഷൻ പ്രക്രിയ സിനിമ അവതരിപ്പിക്കുന്നു. അവസാനം ഓഡിഷൻ തന്നെ സിനിമയാക്കാൻ മഖ്മൽബഫ് തീരുമാനിക്കുന്നു. ഓഡിഷന് എത്തുന്ന ആളുകൾ ഒരേ സമയം സിനിമയുടെ വിഷയങ്ങളും അഭിനേതാക്കളുമാണ്.

 

സമാനമായ വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണ് ഇറാനില്‍നിന്നുതന്നെയുള്ള അബ്ബാസ്‌ കിയരോസ്തമിയുടെ ‘ക്ലോസപ്പ്‌’ (Close-up). ജോലിയില്ലാത്ത ഹുസൈന്‍ സബ്സിയൻ ഒരു സിനിമാ ഭ്രാന്തനാണ്. മക്മല്‍ബഫിന്റെ കടുത്ത ആരാധകനായ അയാള്‍ മക്മല്‍ബഫായി വേഷം മാറി സിനിമയിൽ തത്പരയായ ഒരു സ്ത്രീയുടെ കുടുംബത്തില്‍നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നു. കാര്യം മനസ്സിലായ ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ്‌ അയാളെ അറസ്റ്റുചെയ്യുന്നു. എന്നാല്‍ പണം മാത്രമല്ല സബ്സിയാന്റെ വേഷം മാറലിനു പിന്നിൽ, മറിച്ച് മക്മല്‍ബഫിനോടും സിനിമയോടും ഉള്ള അഭിനിവേശമാണ്. സിനിമയുടെ മാന്ത്രികതയാല്‍ വശീകരിക്കപ്പെട്ട ഒരാളാണ് സബ്സിയാന്‍. താഴ്ന്ന സാമ്പത്തിക നിലയിലുള്ള സബ്സിയാന് സിനിമയുടെ ലോകത്തേക്ക്‌ പ്രവേശിക്കാൻ സാധ്യമല്ലാത്തതിനാൽ തന്റെ സ്വപ്നം ഈ രീതിയിൽ സാക്ഷാത്ക്കരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. വിചാരണയ്ക്ക് ശേഷം, കിയരോസ്തമിയുടെ മുന്‍കയ്യിൽ യഥാർഥ മഖ്മൽബഫ് സബ്സിയാനെ കണ്ടുമുട്ടുന്നു. തുടര്‍ന്ന് അവർ ഒരു മോട്ടര്‍ സൈക്കിളിൽ യാത്രയാവുന്നു. കിയരോസ്തമിയും ക്രൂ അംഗങ്ങളും ഇവരെ പിന്തുടരുന്നു. 

 

1979-ലെ വിപ്ലവത്തിന് മുമ്പ്, ഇറാനിലെ മത പുരോഹിതന്മാർ സിനിമയെ നിരസിച്ചു, അല്ലെങ്കിൽ അവഗണിച്ചു. സിനിമകൾ നിഷിദ്ധമായി കണക്കാക്കപ്പെടുന്ന കലാരൂപങ്ങളിൽ ഒന്നായിരുന്നു. സിനിമ കാണാന്‍ പോകുന്നത് പാപം ചെയ്യുന്നതിനു തുല്യമാണ് എന്ന വിശ്വാസമായിരുന്നു. ഇപ്പോഴും കർശനമായ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും, പല സംവിധായകരെയും ജയിലില്‍ അടയ്ക്കുകയോ വീട്ടുതടങ്കലില്‍ ആക്കുകയോ ചെയ്യുന്നുണ്ടെങ്കിലും, ഇറാനിയൻ സിനിമ ഇതിനെയൊക്കെ അതിജീവിച്ചു.

 

പതിനേഴാം വയസ്സിൽ മക്‌മല്‍ബഫ്‌ ഒരു ഷാ വിരുദ്ധ സംഘടനയില്‍ അംഗമായിരുന്നു. പൊലീസുകാരിൽനിന്ന് തോക്ക് മോഷ്ടിക്കാനും ബാങ്ക് കൊള്ളയടിക്കാനും മോഷ്ടിച്ച പണം ഉപയോഗിച്ച് ഷാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താനും സംഘം പദ്ധതിയിട്ടു. ഇതിന്റെ ഭാഗമായി മക്‌മല്‍ബഫ്‌ ഒരു പൊലീസുകാരന്റെ തോക്ക് പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ പൊലീസ്‌ പിന്നില്‍നിന്ന് വെടിവയ്ക്കുകയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ആറു മാസത്തോളം രാവും പകലും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. ഏകദേശം നാല് വര്‍ഷം ജയിലിൽ കഴിഞ്ഞു. പുതിയ സര്‍ക്കാർ വന്നതിനു ശേഷമാണ് അയാളെ മോചിപ്പിക്കുന്നത്. ജയിലിൽ കഴിയുമ്പോൾ പല വിഷയങ്ങളെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ വായിച്ചു. തനിക്ക് ലഭിക്കാത്ത വിദ്യാഭ്യാസം നേടാൻ അഴികൾക്കുള്ളിലെ സമയം അദ്ദേഹം ചെലവഴിച്ചു.

 

ഡോക്യുമെന്ററിയെക്കുറിച്ച് പല സങ്കല്‍പങ്ങളും നിലനില്‍ക്കുന്നുണ്ട്. ഒരു നിർദ്ദിഷ്ട വിഷയത്തെക്കുറിച്ചുള്ള വസ്തുതാപരമായ രേഖ എന്നാണ് പൊതുവെ ഡോക്യുമെന്ററിയെ നാം നിര്‍വചിക്കുന്നത്. ഡോക്യുമെന്ററി എന്ന പദം സൃഷ്ടിച്ച ജോൺ ഗ്രിയേഴ്സൺ (John Grierson) പറയുന്നത് ഡോക്യുമെന്ററി എന്നാൽ ‘യാഥാർഥ്യത്തിന്റെ സൃഷ്ടിപരമായ ആവിഷ്കാരം’ എന്നാണ്. യഥാർഥ സാഹചര്യങ്ങളുടെ വികാരങ്ങൾ ആവിഷ്കരിക്കാൻ ഒരു നടന് കഴിയില്ല എന്നതിനാൽ 'യഥാർഥ മനുഷ്യർ’ മാത്രമേ ഡോക്യുമെന്ററികളിൽ അഭിനയിക്കാവൂ എന്ന് എഴുത്തുകാരനായ റിച്ചാർഡ് മാക് കാൻ ( Richard MacCann) വാദിക്കുന്നു. ഉള്ളടക്കത്തിൽ വിട്ടുവീഴ്ച ചെയ്യാത്തിടത്തോളം കാലം ഡോക്യുമെന്ററികളിൽ ഫിക്‌ഷൻ ചേർക്കുന്നത് സ്വീകാര്യമാണെന്ന് റോബർട്ട് ഫ്ലാഹർട്ടി (Robert Flaherty) കരുതി. എന്നാല്‍, ‘സലാം സിനിമ’ ഡോക്യുമെന്ററി യാഥാർഥ്യവും ഫിക്‌ഷൻ സിനിമയുടെ കല്‍പിതലോകവും തമ്മിലുള്ള അതിര്‍വരമ്പുകൾ ഇല്ലാതാക്കുന്നു.

 

ഡോക്യുമെന്ററിയില്‍ ഒന്നിലധികം പ്രാതിനിധ്യ രീതികൾ ഉണ്ടെങ്കിലും, ഇവയ്ക്ക് വ്യത്യസ്‌ത ധര്‍മങ്ങൾ ഉണ്ടെങ്കിലും, ഇവയെ സംവിധായകൻ ഇടകലര്‍ത്തുന്നു. കഥാപാത്രങ്ങളും സംഭവങ്ങളും വികസിക്കുമ്പോൾ നിശബ്ദമായി വീക്ഷിച്ചുകൊണ്ട് ഒരു നിരീക്ഷകന്റെ പങ്ക് വഹിക്കുന്ന രീതിയുണ്ട്. അതായത്, വിഷയവും പ്രേക്ഷകരും തമ്മിൽ നേരിട്ട് അഭിസംബോധന ചെയ്യുന്നില്ല. മറ്റൊരു പ്രാതിനിധ്യ രീതിയിൽ സിനിമയിൽ സംവിധായകന്റെ / സംവിധായികയുടെ സാന്നിധ്യം കാണാം. അല്ലെങ്കില്‍ സംവിധായകന്റെ / സംവിധായികയുടെ ശബ്ദം വിഷയങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നു. ‘സലാം സിനിമ’യിലുടനീളം, മക്‌മല്‍ബഫിനെ പ്രേക്ഷകര്‍ക്ക്‌ കാണാനും കേൾക്കാനും കഴിയും. സിനിമയിൽ ആരെ, എന്തിനെ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നതിലൂടെയാണ് വൈകാരികവും ആത്മനിഷ്ഠവുമായ അവസ്ഥ സൃഷ്ടിക്കാന്‍ കഴിയുക എന്നു കണ്ടെത്താനാണ് സംവിധായകൻ / സംവിധായിക ശ്രമിക്കുന്നത്. മക്‌ മല്‍ബഫ് തിരഞ്ഞെടുത്ത രംഗങ്ങളിലൂടെ, സിനിമയോട് ഇറാനികൾ എത്രമാത്രം അഭിനിവേശമുള്ളവരാണെന്ന് കാഴ്ചക്കാർക്ക് ഒരു ഉൾക്കാഴ്ച നൽകുന്നു. ഇതില്‍നിന്ന് പ്രേക്ഷകർ അവരുടേതായ ചിന്തകൾ രൂപപ്പെടുത്തുന്നു. 

 

പ്രതിഫലനാത്മക ഡോക്യുമെന്ററി (Reflexive documentary) സിനിമയുടെ നല്ല ഉദാഹരണമാണ് ‘സലാം സിനിമ’. ഇവിടെ സംവിധായകന്‍ വ്യാപരിക്കുന്ന മാധ്യമം തന്നെയാണ് സിനിമയ്ക്ക് വിഷയമാക്കുന്നത്. സിനിമാനിർമാണ പ്രക്രിയയെക്കുറിച്ച് സംവിധായകൻ പ്രേക്ഷകരെ ബോധവാന്മാരാക്കുന്നു. അഭിമുഖം ചെയ്യപ്പെടുന്നവരിൽനിന്ന് ക്യാമറയിൽ ഫിലിം റീലോഡ് ചെയ്യുന്നതിലേക്കും ലൈറ്റിങ് ടെക്നീഷ്യനിലേക്കും കട്ട് ചെയ്യുന്നു. ഇതിലൂടെ സംവിധായകന്‍ സത്യത്തെയും യാഥാർഥ്യത്തെയും കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പതിവു മാതൃകകളെ വെല്ലുവിളിക്കുന്നു. വസ്തുനിഷ്ഠതയ്ക്കും ആത്മനിഷ്ഠതയ്ക്കും ഇടയിൽ പ്രേക്ഷകർ ആശയക്കുഴപ്പത്തിലാവുന്നു. എന്താണ് യാഥാർഥ്യം, എന്താണ് അരങ്ങേറ്റിയത് എന്ന സംശയം ജനിപ്പിക്കുന്നു. ഡോക്യുമെന്ററി സിനിമകളുടെ സ്വഭാവത്തെയും സാങ്കേതികതയെയും കുറിച്ച് പ്രേക്ഷകരെ ചോദ്യംചോദിക്കാന്‍ പ്രേരിപ്പിക്കുന്നു. കണ്ണാടികളുടെ ഉപയോഗം സിനിമയുടെ പ്രതിഫലനാത്മക സ്വഭാവം വര്‍ധിപ്പിക്കുന്നു. അഭിമുഖത്തിന്റെ സമയത്ത് സംവിധായകനെയും അഭിമുഖത്തില്‍ പങ്കെടുക്കുന്നവരെയും ഇതൊക്കെ ചിത്രീകരിക്കുന്നവരെയും പലപ്പോഴും വലിയ കണ്ണാടികളിൽ കാണിക്കുന്നു.

 

ഈ കണ്ണാടികള്‍ സംവിധായകനെയും പ്രതിനിധീകരിക്കുന്നു. ഓഡിഷന് എത്തിയവര്‍ നോക്കുന്ന കണ്ണാടിയാണ് സംവിധായകന്‍. രണ്ടു വീക്ഷണങ്ങള്‍ സിനിമ അവതരിപ്പിക്കുന്നു– ഒരു ഭാഗത്ത് സംവിധായകൻ കസേരയിൽ ഇരിക്കുന്നു. എതിര്‍ ഭാഗത്ത് ഓഡിഷന് എത്തിയവര്‍ നില്‍ക്കുന്നു. സംവിധായകന്‍ രണ്ടു പെണ്‍കുട്ടികളോട് സംസാരിക്കുമ്പോള്‍ ഇവരുടെ കണ്ണാടിയിലെ പ്രതിബിംബം ഫ്രെയിമിൽ വരുന്നു. “വാസ്തവത്തിൽ, കണ്ണാടിയിൽ നിങ്ങൾ കാണുന്ന യാഥാർഥ്യം നിങ്ങളുടെ കണ്ണുകൾ കാണുന്ന യാഥാർഥ്യമാണ്, ഇത് പൊതുവായ കാഴ്ചപ്പാടിന്റെ ഒരു ഭാഗം മാത്രമാണ്. ഇതിനർഥം ഇത് ഒരു ആപേക്ഷിക യാഥാർഥ്യമാണ്’’ എന്നാണ് മക്‌മല്‍ബഫ് കണ്ണാടിയെക്കുറിച്ച് പറയുന്നത്. 

 

ഈ സിനിമയില്‍ മാത്രമല്ല, മറ്റു സിനിമകളിലും മക്‌മല്‍ബഫ് കണ്ണാടികള്‍ ഉപയോഗിക്കുന്നുണ്ട്. ‘സൈലന്‍സ് ‘ എന്ന സിനിമയില്‍ ഒരു വീട്ടിൽ‌നിന്ന് പുറത്താക്കപ്പെട്ട ഒരു സ്ത്രീ തന്റെ സാധനങ്ങൾ എടുക്കാന്‍ ഒരു നിമിഷം അവിടെ തിരിച്ചെത്തുന്നു. പിന്നീട് ഒരു വലിയ കണ്ണാടിയുമായി പുറത്തേക്കു വന്നു. കണ്ണാടി അവളുടെ ആന്തരിക ലോകവും പുറം ലോകവും തമ്മിലുള്ള ആശയവിനിമയത്തിനുള്ള മാര്‍ഗമായിത്തീരുന്നു. കാരണം അത് പ്രകൃതിയെ പ്രതിഫലിപ്പിക്കുന്നു.

 

മക്മൽബഫിന്റെ സിനിമകളില്‍ പല തരത്തിലുള്ള കണ്ണാടികൾ ഉണ്ട് - വലുതും (സലാം സിനിമ, ഗാര്‍ഡ്‌നര്‍) ചെറുതും (ഗബ്ബ തകർന്നതും (സൈലന്‍സ്). നാം അവയിൽ കാണുന്നത് എന്താണെന്ന് വ്യക്തമല്ല, യാഥാർഥ്യമോ അതിന്റെ ഒരു ശകലമോ സത്യമോ ആഗ്രഹിക്കുന്നതോ യഥാർഥമോ? കണ്ണാടികൾ മനുഷ്യ സംസ്കാരത്തിൽ മാന്ത്രികമെന്ന രീതിയിലാണ് കാണപ്പെടുന്നത്. കണ്ണാടിയിലെ പ്രതിഫലനം ഒരു അദ്ഭുതമായിട്ടാണ് ആദ്യം മനുഷ്യര്‍ക്ക്‌ അനുഭവപ്പെട്ടത്. ചില സംസ്കാരങ്ങള്‍ കണ്ണാടികളെ വിഭജിച്ച വ്യക്തിത്വം, മാനസിക പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെടുത്തുന്നു. 

 

silence

കണ്ണാടിയെക്കുറിച്ച് മക്മൽബഫ്‌ വാചാലനാകുന്നു: “ഞാൻ ഒരു കണ്ണാടിയെക്കുറിച്ച് പറയുമ്പോൾ, അത് നമ്മുടെ മനസ്സുകൊണ്ട് നാം മനസ്സിലാക്കുന്ന യാഥാർഥ്യത്തിന്റെ ഭാഗമാണ്. നാം സിനിമയെ ഒരു കണ്ണാടിയായി ഉപയോഗിക്കുന്നു, ആളുകളെ സ്വയം കാണാനായി കണ്ണാടി സമൂഹത്തിന് മുന്നിൽ വയ്ക്കുമെന്നാണ് ഞാൻ പറയുക”. മറ്റൊരു സന്ദര്‍ഭത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ഒരു കണ്ണാടി ഓരോ വ്യക്തിയേയും തന്റെ ഇരട്ട ദൃശ്യങ്ങള്‍ ഉണ്ടാക്കാൻ അനുവദിക്കുന്നു. ഉദാഹരണത്തിന്, ഞാൻ നിങ്ങളെയും നിങ്ങളുടെ പ്രതിഫലനത്തെയും കണ്ണാടിയിൽ കാണുന്നു. ഇപ്പോൾ ഞാൻ നിങ്ങളുടെ പുറകിൽ ഒരു ക്യാമറ വയ്ക്കുന്നു. നിങ്ങൾ കണ്ണാടിയിൽ നോക്കുന്നു, അപ്പോള്‍ നിങ്ങളുടെ മുഖം കാണാം. നിങ്ങൾ സ്ഥാനം മാറുമ്പോള്‍ നിങ്ങളുടെ പിന്‍ഭാഗം കാണാം. തൽഫലമായി, ക്യൂബിസത്തിലെ പോലെ നിങ്ങളുടെ രണ്ട് ദൃശ്യങ്ങള്‍ ഉണ്ട്. ഇതിന് പ്രത്യേക വീക്ഷണകോണ്‍ ഉണ്ട്. എന്തുകൊണ്ടെന്ന് എനിക്ക് വിശദീകരിക്കാൻ കഴിയില്ല, പക്ഷേ എനിക്ക് കണ്ണാടികൾ ഇഷ്ടമാണ്, കണ്ണാടിക്കുള്ളിലെ പ്രതിഫലനവും”. തുടര്‍ന്ന് അദ്ദേഹം ഇപ്രകാരം പറയുന്നു: “എനിക്ക് കണ്ണാടി ഇഷ്ടമാണ്. ഒരു കണ്ണാടിയിൽ പ്രവേശിച്ച് മറ്റൊരു സ്ഥലത്ത് പ്രത്യക്ഷപ്പെടാന്‍ ഞാൻ ആഗ്രഹിക്കുന്നു. കണ്ണാടി ഒരു വാതിൽ പോലെയാണ്. നിങ്ങൾക്ക് കണ്ണാടിക്ക് ചുറ്റും ഒരു വാതിൽ വരച്ച് അതിൽ പ്രവേശിക്കാം. അല്ലെങ്കിൽ, ഉള്ളിൽ ഒരു കണ്ണാടി ഉള്ള ഒരു ജാലകത്തിലൂടെ നിങ്ങൾക്ക് കാണാൻ കഴിയും. അല്ലെങ്കിൽ ആളുകൾ കണ്ണാടിയിൽ പ്രത്യക്ഷപ്പെടുകയും അതിൽ നിന്ന് സംസാരിക്കാൻ തുടങ്ങുകയും ചെയ്യും. നിങ്ങൾക്ക് അതിനെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കാം”. “മനുഷ്യ ഹൃദയം ഒരു കണ്ണാടി പോലെയാണ്, ചിലപ്പോൾ അത് അഴുക്ക് കൊണ്ട് മൂടിയിരിക്കുന്നു. കണ്ണാടിയിലെ അഴുക്ക് നീക്കം ചെയ്യാൻ നമ്മൾ ശ്രമിക്കേണ്ടതുണ്ട്. അപ്പോൾ, അത് സൗന്ദര്യവും വെളിച്ചവും കാണിക്കും” – മക്‌മല്‍ബഫിന്റെ ഒരു സിനിമയിലെ കഥാപാത്രം ഇപ്രകാരം പറയുന്നു. 

 

ഡോക്യുമെന്ററി സംവിധായകർ തങ്ങളുടെ വാദങ്ങൾ / നിലപാടുകള്‍ അവതരിപ്പിക്കാനായി പൊതുവെ ആളുകളെ പ്രസക്തമായ സ്ഥലത്ത‌ു വച്ച് അഭിമുഖം ചെയ്യുക, ആർക്കൈവൽ ഫൂട്ടേജുകൾ ഉപയോഗിക്കുക മുതലായ രീതികൾ അവലംബിക്കുന്നു. ഇതിലൂടെയാണ് സിനിമയില്‍ ആധികാരികത കൊണ്ടുവരുന്നത്‌. സംവിധായകനും തന്റെ വിഷയവും തമ്മിലുള്ള ഈ സഹകരണത്തെ ‘സലാം സിനിമ’ വെല്ലുവിളിക്കുന്നു. ലൈറ്റിങ്, ക്യാമറ ആംഗിൾ മുതലായവ സുഗമമാക്കുന്നതിന് സാധാരണയായി അഭിമുഖം ചെയ്യുന്നവരെ (വിഷയത്തെ) ക്യാമറയ്ക്ക് മുന്നിൽ സ്ഥാപിക്കുമ്പോള്‍ മക്‌മല്‍ബഫ് താൻ ഓഡിഷൻ ചെയ്യുന്നവരെ സ്റ്റുഡിയോയിൽ ചുറ്റിത്തിരിയാനും നാടകവേദി പോലെ തയാറാക്കിയ ഫ്ലോറിന്റെ ഒരു ഭാഗത്തുള്ള ചവിട്ടുപടികള്‍ കയറാനും ഇറങ്ങാനും അനുവദിക്കുന്നു. പലപ്പോഴും അദ്ദേഹം ഇവര്‍ക്ക് കര്‍ക്കശമായ രീതിയിൽ നിര്‍ദ്ദേശങ്ങൾ കൊടുക്കുന്നു. സാധാരണയായി പലപ്പോഴും ഡോക്യുമെന്ററി സിനിമാ സംവിധായകൻ അഭിമുഖം ചെയ്യുന്നവരിൽ ക്യാമറ ഉറപ്പിക്കുന്നു. എന്നാല്‍ ‘സലാം സിനിമ’യിൽ ക്യാമറ ഒരാളിൽ നന്ന് മറ്റൊരാളിലേക്കും അവിടെ ഓഡിഷന് എത്തിയ മറ്റുള്ളവരിലേക്കും സംവിധായകനിലേക്കും ക്യാമറാമാന്‍ മുതലായ സാങ്കേതിക പ്രവര്‍ത്തകരിലേക്കും ചലിപ്പിക്കുന്നു. അപ്പോള്‍ നാം രണ്ടു സിനിമകള്‍ കാണുന്നു, ഒന്ന് ‘സലാം സിനിമ’യും, മറ്റൊന്ന് മക്‌മല്‍ബഫ് ഓഡിഷൻ ചെയ്യുന്നത് ക്യാമറാമാന്‍ ചിത്രീകരിക്കുന്നതും. സാധാരണ ഡോക്യുമെന്ററികളിലേതുപോലെ ഈ സിനിമ അതിലെ മനുഷ്യരാൽ നയിക്കപ്പെടുന്നില്ല. മറിച്ച്, സംവിധായകന്‍ അവരോട് ചെയ്യാൻ പറയുന്നതിലൂടെ നയിക്കപ്പെടുന്നു. അധികാരം സിനിമ സംബോധന ചെയ്യുന്ന ഒരു വിഷയമാണ്.

 

അന്ധനായി അഭിനയിക്കുന്ന ആളുടെ സിനിമയോടുള്ള പ്രണയവും, സംവിധായകന്റെ വാക്കുകൾ കൊണ്ടുള്ള കളിയും ഒരു നടൻ സിനിമയിലേക്ക് കൊണ്ടുവരുന്ന ആത്മവിശ്വാസവും കഴിവുകളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന വിള്ളലിനെ സൂചിപ്പിക്കുന്നു. ഇവിടെ നീതിയുടെ ഒരു ഉപപാഠം ഉണ്ടാവുന്നു, അധികാരം സംവിധായകന്റെ ഭാഗത്തേക്ക് നിരന്തരം മാറ്റപ്പെടുന്നു. രണ്ടു പെണ്‍കുട്ടികളോട് സംവിധായകൻ പല തവണ അഭിനയിക്കാൻ പറയുന്നു. ദുഃഖം ഉണ്ടാകുമ്പോഴും ചിരിക്കുന്നവരും സന്തോഷം ഉണ്ടാവുകുമ്പോഴും കരയുന്നവരുമാണ് അഭിനേതാക്കള്‍ എന്നാണ് സംവിധായകൻ പറയുന്നത്. “ഞാന്‍ പറയുമ്പോള്‍ കരഞ്ഞാൽ നിങ്ങള്‍ നല്ല അഭിനേതാവും ഞാന്‍ നല്ല സംവിധായകനും ആണ്’’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. “പത്തു സെക്കൻഡിനുള്ളിൽ കരയാൻ പറ്റുന്നവരെയാണ് എനിക്ക് ആവശ്യം. ആവശ്യപ്പെടുമ്പോൾ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാന്‍ കഴിയുന്നവരുടേതാണ് സിനിമ” എന്നാണ് സംവിധായകന്‍ പറയുന്നത്. “താങ്കള്‍ എന്താണ് ഇത്ര കര്‍ക്കശക്കാരനനാവുന്നത്? സിനിമ ഇത്രയും ക്രൂരമാണോ” എന്നാണ് ഒരു പെണ്‍കുട്ടി ചോദിക്കുന്നത്. അഭിനയിക്കാനായി സംവിധായകന്‍ ആജ്ഞാപിച്ചുകൊണ്ടേയിരിക്കുന്നു. അയാള്‍ തന്റെ അധികാരം സ്ഥാപിക്കുകയാണ്. ഈ പെണ്‍കുട്ടികൾ മക്‌മൽബഫ് തന്റെ അധികാര ദുർവിനിയോഗത്തിന് അവരെ വിധേയനാക്കിയതിന് അദ്ദേഹത്തെ വിമർശിക്കുന്നു. അപ്പോള്‍ അദ്ദേഹം സംവിധായകൻ എന്ന നിലയിലുള്ള തന്റെ ഭാഗം ഏറ്റെടുക്കാന്‍ അവരോട് ആവശ്യപ്പെടുന്നു. എന്നാല്‍ അവരും അവർ സ്വയം സഹിക്കേണ്ടിവന്ന അതേ അധിക്ഷേപകരമായ പെരുമാറ്റം ആവര്‍ത്തിക്കുന്നു. അതായത്, ഈ പെണ്‍കുട്ടികൾ സംവിധായകന്റെ കസേരയിൽ ഇരിക്കുമ്പോള്‍ അവരും സംവിധായകന്‍ ഉപയോഗിക്കുന്ന രീതിയിൽ അധികാരം പ്രയോഗിക്കുന്നു. അപ്പോള്‍ അവരും സംവിധായകനെപ്പോലെ ക്രൂരരാവുന്നു. 

 

‘സലാം സിനിമ’യില്‍ അഭിമുഖത്തിനെത്തിയവരിൽ ധാരാളം സ്ത്രീകള്‍ ഉണ്ട്. പര്‍ദ്ദ ധരിച്ച സ്ത്രീകളുടെ മുഖം മാത്രം കാണാം. 1982-ൽ ഏർപ്പെടുത്തിയ നിയന്ത്രണമനുസരിച്ച്, പര്‍ദ്ദ കൊണ്ട് മുഖവും കൈകളും ഒഴികെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും മറച്ചിരിക്കണം. സ്ത്രീകളെ ലൈംഗിക വസ്തുക്കളായി കണക്കാക്കാൻ പാടില്ല. ലൈംഗിക ചുവയുള്ള ഒന്നും അനുവദനീയമല്ല. സ്ത്രീകളും അന്യ പുരുഷന്മാരും തമ്മിലുള്ള എല്ലാ ശാരീരിക സമ്പർക്കങ്ങളും നിരോധിച്ചിരിക്കുന്നു. മക്‌മല്‍ബഫ് ഇറാനിലെ സ്ത്രീകളുടെ അവസ്ഥ ചിത്രീകരിക്കുകയാണെങ്കിലും പര്‍ദ്ദയ്ക്കുള്ളിൽ സ്ത്രീകള്‍ ബുദ്ധിയുള്ള വിമതരാണ് എന്ന് സിനിമ പറയുന്നു. ഒരു സ്ത്രീ പറയുന്നു, “ഞാൻ കല തിരഞ്ഞെടുത്തത് മനുഷ്യത്വത്തിന് വേണ്ടിയാണ് “. ‘‘ആവശ്യമുള്ളപ്പോൾ സഹതാപം ഉണർത്താൻ കഴിയുന്നിടത്താണ് ഒരു സ്ത്രീയുടെ വിജയത്തിന്റെ പകുതിയും കിടക്കുന്നത്, അല്ലെങ്കിൽ ജീവിതത്തിൽ മുന്നേറുക അസാധ്യമാണ്’’ എന്ന് സംവിധായകന്‍ പറയുമ്പോൾ പെണ്‍കുട്ടികൾ എതിര്‍വാദം ഉന്നയിക്കുന്നുണ്ട്. പര്‍ദ്ദയ്ക്കുള്ളിൽ അടിച്ചമര്‍ത്തപ്പെട്ടവൾ, അല്ലെങ്കിൽ നിശ്ശബ്ദയായവൾ എന്ന ഇറാനു പുറത്തുള്ളവരുടെ പൊതു ബോധത്തിന് വിപരീതമായി, ആവശ്യമുള്ളപ്പോഴെല്ലാം അവർ ഉച്ചത്തില്‍ സംസാരിക്കുമെന്ന് സിനിമ തെളിയിക്കുന്നു. അഭിനയത്തിനിടയിലാണെങ്കിലും ഒരു പെണ്‍കുട്ടി പറയുന്നു: “എനിക്ക് നമ്മുടെ ലോകത്തെ നോക്കി ചിരിക്കണം. ഞാൻ എന്തിന് കരയണം? ഞാൻ ദുർബലയല്ല. എന്തിന് നാം എപ്പോഴും കരയണം? ലോകം എന്നെ കരയിപ്പിക്കരുത്. ലോകം എന്നെ ചിരിപ്പിക്കണം. ഞാൻ അതിനെതിരെ പോരാടുകയാണ്’’. ഈ സന്ദര്‍ഭത്തില്‍ അവള്‍ വിമതയാവുകയാണ്. 

 

ഇറാനില്‍ നിന്നുള്ള വിഷ്വൽ ആര്‍ട്ടിസ്റ്റും സിനിമാ സംവിധായികയുമായ ഷിറിന്‍ നേഷാട്ട് പര്‍ദ്ദയിലൂടെ സ്ത്രീകളെ അടിച്ചമർത്തുന്ന കാര്യത്തെ അംഗീകരിക്കുന്നു. എന്നാല്‍ അത് ഒരേ സമയം സ്വാതന്ത്ര്യത്തിന്റെയും അടിച്ചമർത്തലിന്റെയും പ്രതീകമായി മാറുന്നു എന്നാണ് അവര്‍ പറയുന്നത്. തുടര്‍ന്ന് അവര്‍ ഇത്രയും കൂട്ടിച്ചേര്‍ക്കുന്നു: “ശിരോവസ്ത്രം ചിലപ്പോള്‍ സ്ത്രീകള്‍ക്ക് ഒളിക്കാനുള്ള വസ്ത്രമാകുന്നു. ഇത് സ്ത്രീയാണെന്നതിന്റെ ധീരവും ഉച്ചത്തിലുള്ളതുമായ പ്രതീകം കൂടിയാണ്. അതേ സമയം ചുറ്റുപാടുകളെ തടസ്സമില്ലാതെ, മറ്റുള്ളവര്‍ അറിയാതെ നിരീക്ഷിക്കാനുള്ള അവസരവും തരുന്നു. ലളിതമായ കറുത്ത തുണി അങ്ങിനെ സാമൂഹിക ഇടപെടലിന്റെ സങ്കീർണമായ ബന്ധമായി മാറുന്നു”. അങ്ങിനെ മുസ്‌ലിം സ്ത്രീകളെക്കുറിച്ചുള്ള പൊതുവായ വാര്‍പ്പുകളേയും അനുമാനങ്ങളെയും നിരാകരിക്കുന്നു. 

 

സ്ത്രീകളെ ലൈംഗിക വസ്തുക്കള്‍ ആക്കാതിരിക്കാനാണ് പര്‍ദ്ദ നിര്‍ദ്ദേശിക്കുന്നതെങ്കിലും പര്‍ദ്ദ ജിജ്ഞാസ ഉണർത്തുകയും വോയറിസത്തിലൂടെ ദൃശ്യാനന്ദം പകരുകയും ചെയ്യുന്നു. മൂടുപടം ധരിക്കുന്നതിലൂടെ ഒരകലം സൂക്ഷിക്കുന്നുണ്ടെങ്കിലും അത് ആനന്ദകരമായ നോട്ടത്തെ പ്രോല്‍സാഹിപ്പിക്കുന്നു. സ്ത്രീകളെ പുരുഷന് നോക്കാനുള്ള വിഷയങ്ങളായി മാറ്റുന്നു. അങ്ങനെ, വിരോധാഭാസമെന്നു പറയട്ടെ, എളിമയുടെ നിയമങ്ങളെയും മതപരമായ 'കാഴ്ചപ്പാടുകളുടെ' നിയമങ്ങളെയും അട്ടിമറിക്കുന്നു. (Hamid Naficy, Theorizing Third World Film Spectatorship).

 

ഒരു സാങ്കല്‍പിക ലോകം, അല്ലെങ്കില്‍ സിനിമയിലെ അഭിനയം എന്ന രീതിയിലായിരിക്കും ഇത്തരം സന്ദര്‍ഭങ്ങളെ സെന്‍സർ കണ്ടുകാണുക. കടുത്ത സെന്‍സർ നിയമങ്ങള്‍ നിലനില്‍ക്കുന്നതിനാൽ ഇറാനിൽ നിന്നുള്ള സിനിമകള്‍ സാമൂഹിക വിമര്‍ശനത്തിനായി രൂപകങ്ങള്‍ ഉപയോഗിക്കുക പതിവാണ്. ഇറാനിയന്‍ സിനിമയിലെ രൂപകങ്ങളുടെ അല്ലെങ്കില്‍ സൂചനകളുടെ സവിശേഷമായ ഉപയോഗം നിരൂപകരെ ആകര്‍ഷിച്ചിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങളെ ഇറാന്റെ സാമൂഹിക രാഷ്ട്രീയ കാലാവസ്ഥയുമായി ബന്ധപ്പെടുത്താം. സംവിധായകര്‍ ഈ രീതിയിലുള്ള ആവിഷ്കാരങ്ങളിലൂടെ അവയ്ക്ക് പൊതുവായ അർഥതലങ്ങൾ നല്‍കുന്നു. ഇതിനെ പസോളിനി ഇമേജ്-സൈന്‍ എന്നാണ് വിളിക്കുന്നത്‌. ഈ ചിഹ്നങ്ങള്‍ക്ക് ഹോളിവുഡ് സിനിമകളിലേത് പോലുള്ള (അതുപോലുള്ള മറ്റു രാജ്യങ്ങളിലെ സിനിമകളിലും) പരമ്പരാഗത അർഥങ്ങൾ നേടാനാകും. ഇതിനെ 'ഗദ്യത്തിന്റെ സിനിമ' എന്നാണ് പസോളിനി വിശേഷിപ്പിക്കുന്നത്. മറ്റൊരു ഭാഗത്ത് കാവ്യാത്മക സിനിമയില്‍ പരോക്ഷമായ സ്വതന്ത്ര സംവാദം സാധ്യമാക്കുന്നു. ഇതിനെ അദ്ദേഹം "സ്വതന്ത്ര പരോക്ഷ ആത്മനിഷ്ഠ" എന്ന് വിശേഷിപ്പിക്കുന്നു. ഗദ്യ സിനിമയിലെ അടഞ്ഞ ആഖ്യാന ഇമേജ് സൈന്‍ സംവിധാനവുമായി താരതമ്യം ചെയ്യുമ്പോൾ, കാവ്യാത്മാക സിനിമയിലെ ദൃശ്യങ്ങള്‍ അനന്തമാണ്. ഇറാനിയൻ സിനിമകളെ സംബന്ധിച്ച് അതിന് സാമൂഹിക-രാഷ്ട്രീയ അർഥങ്ങൾ കൈവരുന്നു. 

 

മക്‌മല്‍ബഫിന്റെ ‘സൈക്ലിസ്റ്റ് ‘ ഇറാനിയൻ നഗരങ്ങളുടെ അരികുകളില്‍ താമസിക്കുന്ന അഫ്ഗാൻ അഭയാർഥികളുടെ സാന്നിധ്യം കൈകാര്യം ചെയ്യുന്ന ആദ്യകാല സിനിമകളില്‍ ഒന്നായിരുന്നു. ഈ സിനിമയിലെ നസീം എന്ന അഫ്ഗാന്‍ ദരിദ്രൻ ആശുപത്രിയിൽ കഴിയുന്ന ഭാര്യയുടെ ചികില്‍സാ ചെലവിനുള്ള പണം കണ്ടെത്താനായി ഏഴു ദിവസത്തെ സൈക്കിൾ മാരത്തണിൽ പങ്കെടുക്കുന്നു. ക്ഷീണിച്ചവശനായ അയാള്‍ സ്വന്തം മകന്റെ അപേക്ഷ പോലും തള്ളിക്കൊണ്ട് സൈക്കിള്‍ ഓടിക്കുകയാണ്. ഇതിനെ ഒരിക്കലും രക്ഷപ്പെടാവാനാത്ത അഫ്ഗാൻ അഭയാർഥികളെ കുറിച്ചുള്ള അന്യാപദേശമായി കാണാം. ‘സലാം സിനിമ’യിലെ രാജ്യം വിടാനുള്ള പെണ്‍കുട്ടിയുടെ ആഗ്രഹം പ്രകടിപ്പിക്കുന്ന സംഭാഷണങ്ങളിൽ ചിലത് സെന്‍സർ ബോര്‍ഡ്‌ നീക്കം ചെയ്യുകയുണ്ടായി. 

 

ക്യാമറയാണ് ഈ സിനിമയിലെ നായകൻ. ക്യാമറ ഉപയോഗിച്ച് അഭിമുഖം ചിത്രീകരിക്കുന്ന ഛായാഗ്രാഹകനെയും നമുക്ക്‌ കാണാം. ഈ സന്ദര്‍ഭത്തിൽ സോവിയറ്റ് ചലച്ചിത്രകാരന്‍ സിഗാ വര്‍തോവിന്റെ വാക്കുകൾ മനസ്സില്‍ കടന്നുവരുന്നു: “ക്യാമറയ്ക്ക് നഗ്നനേത്രങ്ങളേക്കാൾ ആഴത്തിൽ കാണാനും പരിശോധിക്കാനും കഴിയും. അതിപ്രധാനവും അനിവാര്യവുമായ കാര്യം ഇതാണ്: സിനിമയിലൂടെ ലോകത്തെ പര്യവേക്ഷണം ചെയ്യുക. ദൃശ്യ പ്രതിഭാസങ്ങളുടെ പര്യവേക്ഷണത്തിന് ക്യാമറ മനുഷ്യന്റെ കണ്ണിനേക്കാൾ മികച്ചതാണ്’’. അദ്ദേഹത്തിന്റെ ‘മാന്‍ വിത്ത്‌ എ മൂവി ക്യാമറ’ (Man with a Movie Camera) എന്ന സിനിമയില്‍ രണ്ട് താരങ്ങളുണ്ട്. ഒന്ന് റഷ്യൻ ജനത (വിഷയം), മറ്റൊന്ന് ഛായാഗ്രാഹകൻ (ക്യാമറ). സിനിമയിലുടനീളം ക്യാമറാമാൻ തന്റെ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്നത് നാം കാണുന്നു.

 

നല്ല കഥയുടെയും പണത്തിന്റെയും അഭാവമാണ് നല്ല സിനിമയുണ്ടാക്കാൻ വിഘാതമാവുന്നത് എന്നാണ് നമ്മുടെ പരാതി. എന്നാല്‍, വളരെ നിസ്സാരം എന്ന് തോന്നിയേക്കാവുന്ന ഒരു സംഭവം, നേരെചൊവ്വെയുള്ള സംഭവം, സിനിമയുടെ പൊടിപ്പും തൊങ്ങലും നാടകീയതയും വൈകാരികതയും ഇല്ലാത്ത ഒരു സംഭവം - ഇതില്‍ നിന്ന് വളരെ രസകരമായ സിനിമയുണ്ടാക്കുകയാണ് മക്‌മല്‍ബഫ്. എന്തിലും ഏതിലും കല കണ്ടെത്താനുള്ള ഒരു കലാകാരന്റെ മനസ്സാണ് ഈ സിനിമയുടെ പിറവിക്കു പിന്നില്‍. ഒരു കലാകാരന് ഒന്നും നിഷിദ്ധമല്ല. കണ്ണുതുറന്ന് എല്ലാം കാണണം എന്ന് മാത്രം. കലാകാരന്റെ സര്‍ഗ്ഗാത്മകതയാണ് പരമപ്രധാനം. 

 

മക്മൽബഫിന്റെ സിനിമാ ജീവിതത്തെ പല ഘട്ടങ്ങളായി തിരിക്കാം. സിനിമാ വ്യവസായം ഉൾപ്പെടെ, ഇസ്‌ലാമിന്റെ കൽപ്പനകൾക്കനുസൃതമായി ഇറാനിലെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും നിർവചിക്കാൻ ഇസ്‌ലാമിക റിപ്പബ്ലിക് ശ്രമിച്ചു. മതപരമായ പ്രതിബദ്ധതയുള്ള ആളുകളെ, അവര്‍ സിനിമാ നിർമ്മാണ മേഖലയിലെ തുടക്കക്കാർ ആണെങ്കില്‍പ്പോലും, തങ്ങളുടെ ആശയ പ്രചാരണത്തിനുള്ള സിനിമകൾ നിർമ്മിക്കാൻ അധികൃതർ അന്വേഷിച്ചു. ഹൈസ്കൂൾ ഡിപ്ലോമ പോലുമില്ലാതിരുന്നിട്ടും, സിനിമാരംഗത്ത് പരിചയമില്ലാതിരുന്നിട്ടും, ഔദ്യോഗിക ഇസ്‌ലാമിക മൂല്യങ്ങൾ മുറുകെ പിടിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച മതവിശ്വാസിയായ മക്മൽബഫ് ഈ ജോലി ഏറ്റെടുത്തു. ഈ ആദ്യ ഘട്ടത്തിൽ, ഇസ്‌ലാമിക ഭരണകൂടത്തോടും മൂല്യങ്ങളോടും ആഴത്തിലുള്ള ആഭിമുഖ്യം പ്രകടമാക്കുന്ന ‘ഇസ്‌ലാമിക സിനിമ’യുടെ ഏറ്റവും മികച്ച പരിശീലകനും സൈദ്ധാന്തികനുമായിരുന്നു മക്മൽബഫ്. ഈ ഘട്ടത്തില്‍ മക്‌മൽബഫ് നിരവധി കമ്യൂണിസ്റ്റ് വിരുദ്ധ സിനിമകളും സംവിധാനം ചെയ്തു. കൂടാതെ, തന്റെ ആദ്യ ഘട്ടത്തിൽ മക്മൽബഫ് വിപ്ലവപൂർവ നവതരംഗ മതേതര ചലച്ചിത്ര പ്രവർത്തകരുടെ കടുത്ത എതിരാളിയുമായിരുന്നു. ഭരണകൂടവുമായുള്ള മക്മൽബഫിന്റെ "സഹകരണം" ലെനി റൈഫെൻസ്റ്റാളിന്റെ നാത്‌സി ഭരണകൂടവുമായുള്ള സഹകരണത്തേക്കാൾ വളരെ മോശമാണെന്നാണ് അക്കാലത്ത് ജർമനിയിൽ താമസിച്ചിരുന്ന വിമത പ്രവാസി ചലച്ചിത്ര സംവിധായകൻ ബാസിർ നാസിബി (Bassir Nassibi) പറഞ്ഞത്. 

 

ഇസ്‌ലാമിക റിപ്പബ്ലിക് ഏകശിലാത്മകമായ മത രാഷ്ട്രീയം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ, ചില സാംസ്‌കാരിക പ്രവര്‍ത്തകർ ഒരു ബഹുസാംസ്‌കാരികവും ബഹുവംശീയവുമായ രാഷ്ട്രത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ച സാഹചര്യമായിരുന്നു അത്. മക്‌മൽബഫ് ഇവര്‍ക്കൊപ്പം ചേര്‍ന്നു. മതവിശ്വാസത്തിൽ അധിഷ്ഠിതമായ സിനിമകളില്‍നിന്ന് അതിനെ വിമര്‍ശിക്കുന്ന സിനിമകളുടെ സംവിധായകനായി മാറിയ മക്‌മൽബഫിനെയാണ് പിന്നീട് നാം കാണുന്നത്. ഇറാഖുമായുള്ള യുദ്ധം അവസാനിച്ച വർഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ യുദ്ധചിത്രമായ ‘മാര്യേജ് ഓഫ് ദ് ബ്ലെസ്ഡ് ‘ (Marriage of the Blessed) എന്ന ചിത്രത്തിലൂടെയാണ് ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിൽ നിന്നുള്ള വിടുതൽ സംഭവിച്ചത്. യുദ്ധത്തെ അതിജീവിച്ച സൈനികരുടെ ജീവിതത്തെ അതിന്റെ ആഘാതം എങ്ങനെ വേട്ടയാടുന്നു, അവരുടെ ചിന്തകളെയും സ്വപ്നങ്ങളെയും എങ്ങിനെ തടസ്സപ്പെടുത്തുന്നു എന്ന് സിനിമ കാണിക്കുന്നു. മനുഷ്യന്റെ നിരാശയും ചൂഷണവും, പ്രതിരോധശേഷിയും ചിത്രീകരിക്കുന്ന ‘സൈക്ലിസ്റ്റ് ‘ (Cyclist) മക്മൽബഫിന്റെ "സാമൂഹിക ശ്രദ്ധയുള്ള സിനിമ"യുടെ തുടക്കമായി പലരും കാണുന്നു. മക്മൽബഫ്‌ ഈ സിനിമയെ "മുതലാളിത്ത വിരുദ്ധ സിനിമ" എന്നാണ് വിശേഷിപ്പിച്ചത്. 

 

1990-കളുടെ അവസാനത്തിൽ, ഇറാനിലെ കലാസിനിമാ സംവിധായകരിൽ ചിലർ പേർഷ്യയുടെ സാംസ്കാരികവും ഭാഷാപരവുമായ സ്വാധീനങ്ങളും ചരിത്രപരമായ ബന്ധങ്ങളും ഉള്ള അയൽ മുസ്‌ലിം രാജ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, അവിടെ അവർ ഇറാനികളെ ചിത്രീകരിക്കുകയോ അല്ലെങ്കിൽ ആ രാജ്യങ്ങളിലെ ആളുകളെക്കുറിച്ച് സിനിമകൾ നിർമ്മിക്കുകയോ ചെയ്തു. മക്മൽബഫ് അയൽ രാജ്യങ്ങളിലും വിവിധ ഭാഷകളിലുമായി നിരവധി സിനിമകൾ നിര്‍മ്മിച്ചു. പൂർണ്ണമായും തുർക്കിയിൽ ചിത്രീകരിച്ച ‘എ ടൈം ടു ലവ് ‘ (A Time to Love) എന്ന സിനിമ ടര്‍ക്കിഷ് ഭാഷയിലാണ്. തജിക്കിസ്ഥാനില്‍ ചിത്രീകരിച്ച ‘സൈലൻസ് ‘ (Silence) എന്ന സിനിമ പേർഷ്യൻ, താജിക്ക് എന്നീ ഭാഷകളിലാണ്. ‘ഖാണ്ഡഹാർ’ (Kandahar) എന്ന സിനിമ അഫ്ഗാനിസ്ഥാനിലാണ് ചിത്രീകരിച്ചത്. ഈ സിനിമ പേർഷ്യൻ, ഇംഗ്ലിഷ്, പഷ്തു എന്നീ ഭാഷകളിലാണ്. ‘അഫ്ഗാൻ ആൽഫബെറ്റ് ‘ (Afghan Alphabet) എന്ന സിനിമ അഫ്ഗാനിസ്ഥാൻ അതിർത്തിക്കടുത്തുള്ള അഭയാർഥി ക്യാമ്പിലെ കുട്ടികളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ്. അത്തരം കുട്ടികൾ ഇറാനിൽ കുടിയൊഴിപ്പിക്കപ്പെട്ട ഒരു വലിയ ജനസമൂഹമായി രൂപീകരിക്കപ്പെട്ടു. അവരുടെ നിയമവിരുദ്ധ പദവി കാരണം അവർക്ക് സ്കൂളുകളിൽ ചേരാൻ അനുവാദമില്ല. നിരോധനം നീക്കുകയും അഫ്ഗാനി കുട്ടികൾക്ക് വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്യുന്ന ബില്ലിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകുന്നതിന് ഈ സിനിമയും അതിന്റെ വിഷയവും കാരണമായി. അഫ്ഗാനികളുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള സിനിമകൾ ചെയ്യുന്നതിൽ നിന്ന് മുന്നോട്ടു പോയി മക്‌മല്‍ബഫ് The Buddha Was Not Demolished in Afghanistan, It Collapsed from Shame എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. 

 

ഈ പുസ്തകത്തെ അടിസ്ഥാനമാക്കി ഇതേ പേരില്‍ മക്‌മല്‍ബഫിന്റെ മകള്‍ ഹന ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഇറാനിലെ ചലച്ചിത്ര രംഗം വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണത്തിലേക്ക് നീങ്ങിയപ്പോള്‍ 1990-കളിൽ മറ്റൊരു പ്രത്യേക രീതിയിലുള്ള സിനിമാ നിർമ്മാണ രീതിയുടെ ഉദയമുണ്ടായി. ഇത് "കുടുംബപരമായ അല്ലെങ്കിൽ വംശീയ ഉൽപാദന രീതി" എന്ന് അറിയപ്പെടുന്നു. പല പ്രമുഖ കലാ-സിനിമാ സംവിധായകരും അവരുടെ കുടുംബാംഗങ്ങളെ അഭിനേതാക്കളായും പിന്നണി പ്രവര്‍ത്തകരായും നിയമിച്ചു. 1996-ൽ മക്‌മല്‍ബഫ് സ്ഥാപിച്ച മക്‌മല്‍ബഫ് ഫിലിം ഹൗസ് ഒരു ഫാമിലി പ്രൊഡക്ഷൻ ഹൗസും ഫിലിം സ്‌കൂളും ഉൾക്കൊള്ളുന്നു. ഇവിടെ സംവിധായകരുടെ കുട്ടികൾ ഉൾപ്പെടെ മുഴുവൻ കുടുംബത്തെയും സ്വന്തം സിനിമയുണ്ടാക്കാൻ പഠിപ്പിക്കുന്നു. മക്‌മല്‍ബഫ് ഫിലിം ഹൗസിന്റെ ബാനറില്‍ മകളായ സമീര മക്‌മല്‍ബഫ് ‘ദി ആപ്പിൾ‘ (The Apple) എന്ന സിനിമയും ഭാര്യ മെര്‍സിയ ‘ദ് ഡേ ഐ ബിക്കേം വുമണ്‍ ‘ (The Day I Became a Woman) എന്ന സിനിമയും സംവിധാനം ചെയ്തു. ഈ സിനിമകളുടെ രചനയിലും നിർമ്മാണത്തിലും എഡിറ്റിങ്ങിലും മക്‌മല്‍ബഫ് പങ്കാളിയായി. 

 

അദ്ദേഹത്തിന്റെ ആറ് സിനിമകൾ നിരോധിക്കപ്പെട്ടതോടെ ക്രമേണ മക്മൽബഫ് ഭരണകൂടത്തെ സജീവമായി എതിർത്തു. അദ്ദേഹം ഭരണമാറ്റത്തിനുവേണ്ടി ശബ്ദമുയര്‍ത്തി. ഈ സാഹചര്യത്തിൽ മാതൃരാജ്യത്ത് ജോലി ചെയ്യാൻ കഴിയാതെ വന്നപ്പോള്‍ അദ്ദേഹം ഇറാനിൽ നിന്ന് വിദേശത്തേക്ക് താമസം മാറ്റാനും അവിടെ പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. ഒടുവിൽ, 2005-ൽ അദ്ദേഹവും കുടുംബവും രാജ്യം വിട്ടു. 

 

ഇറാനിൽനിന്ന് പലായനം ചെയ്തതിനുശേഷം, മക്മൽബഫും അദ്ദേഹത്തിന്റെ കുടുംബവും അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, പാരിസ് എന്നിവിടങ്ങളിൽ അഭയം തേടാന്‍ ശ്രമിച്ചു എങ്കിലും തനിക്കെതിരായ തീവ്രവാദ ഗൂഢാലോചനകൾ കാരണം ഓരോ സ്ഥലത്തുനിന്നും അദ്ദേഹത്തെ പുറത്താക്കി എന്നാണ് അദ്ദേഹം പറയുന്നത്. 2013-ലെ ഒരു പത്രസമ്മേളനത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “അപ്പോഴാണ് ഇറാൻ ഗവൺമെന്റ് എനിക്കെതിരെയും എന്റെ സിനിമകള്‍ക്കെതിരെയും വാര്‍ത്തകൾ അച്ചടിക്കാൻ തുടങ്ങിയത്. എന്നെ കൊല്ലാൻ ഏതറ്റം വരെയും പോകുമെന്ന് അവർ പ്രഖ്യാപിച്ചു”. ഒടുവിൽ മഖ്മൽബഫും കുടുംബവും ലണ്ടനിൽ അഭയം പ്രാപിച്ചു.

 

‘സെക്‌സ് ആന്‍ഡ്‌ ഫിലോസഫി’ (Sex and Philosophy) എന്ന സിനിമയെ മക്മൽബഫിന്റെ പ്രവാസ സിനിമാ ജീവിതത്തിന്റെ തുടക്കമായി വിശേഷിപ്പിക്കാം. തന്റെ നാല് വെപ്പാട്ടികളോടൊപ്പം അവസാനത്തെ ടാംഗോ നൃത്തം അവതരിപ്പിക്കുന്ന, ജീവിതത്തിന്റെ പ്രതിസന്ധിയിൽ കഴിയുന്ന മധ്യവസ്കനായ ഒരു ഡാന്‍സ്‌ മാസ്റ്ററാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രം. എന്തുകൊണ്ടാണ് ഓരോരുത്തരുമായും താൻ ബന്ധം സ്ഥാപിച്ചതെന്ന് അയാള്‍ ഓരോരുത്തരോടും പറയുന്നു. ആത്യന്തികമായി ഏകാന്തതയെക്കുറിച്ചാണ് സിനിമ. കുടിയേറ്റത്തിനുശേഷം മക്മൽബാഫ് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായ ‘സ്‌ക്രീം ഓഫ് ആന്റ്‌സ് ‘ (Scream of Ants) ജീവിതം, മതം, ലൈംഗികത എന്നിവയെക്കുറിച്ചുള്ള സംവിധായകന്റെ തത്ത്വചിന്തകളാണെന്ന് വിശേഷിപ്പിക്കാം. 

 

എന്നാല്‍, അദ്ദേഹത്തിന്റെ ഇറാന്‍ വിട്ടുള്ള പോക്ക് അധികാരികള്‍ക്കെതിരെയുള്ള ധീര പ്രവര്‍ത്തനമായി പാശ്ചാത്യ മാധ്യമങ്ങള്‍ പ്രശംസിച്ചുവെങ്കിലും ഇക്കാലത്ത് സംവിധാനം ചെയ്ത സിനിമകള്‍ മുൻ സിനിമകളെ പോലെ സര്‍ഗ്ഗാത്മകമല്ല എന്നും പഴയപോലുള്ള ക്രാഫ്റ്റ്‌ ഈ സിനിമകളിൽ ഇല്ല എന്നുമാണ് അദ്ദേഹത്തിന്റെ ആരാധകര്‍പോലും പറയുന്നത്. പിന്നീടു വന്ന ‘ദ് ഗാര്‍ഡ്‌നർ‘ (The Gardener) എന്ന സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. ബഹായ് മതത്തെക്കുറിച്ചാണ് സിനിമ. 1979-ലെ ഇറാനിയൻ വിപ്ലവത്തിന് ശേഷം ആദ്യമായി ഒരു ഇറാനിയൻ ചലച്ചിത്രകാരൻ ഇസ്രായേലിൽ ചിത്രീകരിച്ച സിനിമയാണിത്. ബഹായ് പൂന്തോട്ടത്തിൽ ജോലി ചെയ്യുന്ന ഒരു തോട്ടക്കാരനെ സിനിമ പിന്തുടരുന്നു. മതവിശ്വാസത്തെക്കുറിച്ചുള്ള സംവാദാത്മക അന്വേഷണമാണ് സിനിമ. മക്മൽബഫ് സിനിമ പ്രഖ്യാപിച്ചതു മുതൽ ഔദ്യോഗികവും അല്ലാത്തതുമായ ഇറാനിയൻ മാധ്യമങ്ങൾ അദ്ദേഹത്തെ പിന്തുടരുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മക്മൽബഫിന്റെ ഇന്നുവരെയുള്ള സിനിമകളിൽ ഏറ്റവും വിവാദപരമായ സിനിമയാണ് ഇത് എന്നാണ് ബിബിസി അഭിപ്രായപ്പെട്ടത്. ഇറാനികൾക്ക് ഇസ്രയേലിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല, അതിനാൽ മക്മൽബഫും സംഘവും എന്നെങ്കിലും ഇറാനിലേക്ക് മടങ്ങുകയാണെങ്കിൽ അവർക്ക് അഞ്ച് വർഷത്തെ തടവ് ശിക്ഷ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് മക്മൽബഫിന്റെ എല്ലാ സിനിമകളും ഇറാന്‍ മ്യൂസിയത്തിന്റെ ആർക്കൈവുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇറാനിയൻ ഫിലിം ഡിപ്പാർട്ട്‌മെന്റ് ഫിലിം മ്യൂസിയത്തിന്റെ മേധാവിക്ക് കത്തയച്ചു. മാത്രവുമല്ല, ജറുസലം ചലച്ചിത്ര മേളയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഇറാന്‍ അധികൃതർ മക്മൽബഫിന് കത്തയക്കുകയുണ്ടായി. ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ സിനിമ ഇരുപതിലധികം ചലച്ചിത്രമേളകളിൽ പ്രദര്‍ശിപ്പിക്കുകയുണ്ടായി, പല പ്രശസ്ത ബഹുമതികളും നേടി. 

 

അദ്ദേഹത്തിന്റെ ‘ദ് പ്രസിഡന്റ് ‘ (The President) എന്ന അടുത്ത സിനിമ 2014-ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ ചെയ്തു. ഒരു സാങ്കല്‍പ്പിക രാജ്യത്തെ ഏകാധിപതിയെക്കുറിച്ചാണ് സിനിമ. കുടിയേറ്റ പ്രശ്‌നമാണ് അടുത്ത സിനിമയായ ‘ദ് ടെനന്റി’ന്റെ (The Tenant) കേന്ദ്ര വിഷയം. ഇറാനിൽനിന്ന് ലണ്ടനിൽ എത്തിയ ഒരഭയാര്‍ഥി മൂന്ന് മാസമായി ഒരു വൃദ്ധയുടെ വാടകക്കാരനായി താമസിക്കുന്നു. 400 പൗണ്ട് പ്രതിമാസ വാടക നൽകാൻ അദ്ദേഹത്തിന് സാധിക്കാത്തതിനാൽ വീട്ടുടമ അയാളെ പുറത്താക്കാൻ ആഗ്രഹിക്കുന്നു. ഇറ്റലിയിൽ ചിത്രീകരിച്ച അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ് ‘മാർഗെ ആന്‍ഡ്‌ ഹേർ മദർ‘ (Marghe and Her Mother). തെക്കൻ ഇറ്റലിയിലെ അഞ്ച് നഗരങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. ഈ സിനിമയില്‍ ചലച്ചിത്രകാരൻ വീണ്ടും കുടിയേറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 22 വയസ്സുള്ള ക്ലോഡിയ ഒരു ജോലി തേടി പോകുമ്പോൾ തന്റെ ആറുവയസ്സുള്ള മകളെ ഉപേക്ഷിക്കാൻ നിർബന്ധിതയായ കഥയാണ് 2019-ലെ ഈ സിനിമ പറയുന്നത്. (Transnational Dimensions of Iranian Cinema, Elzbieta Wiacek).

 

മക്മൽബഫിന്റെ സിനിമകള്‍ക്ക്‌ അമ്പതിലധികം മേളകളിൽ പുരസ്കാരങ്ങള്‍ ലഭിക്കുകയുണ്ടായി. അദ്ദേഹം മുപ്പതിലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. സംവിധായകന്‍, അഭിനേതാവ്, എഡിറ്റര്‍, തിരക്കഥാകൃത്ത് (സ്വന്തം സിനിമകള്‍ക്കും മറ്റുള്ളവരുടെ സിനിമകള്‍ക്കും), സെറ്റ് ഡിസൈനർ, നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ മക്മൽബഫ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com