ADVERTISEMENT

സത്യജിത് റേ എന്ന് ഗൂഗിളിൽ ഒന്നു പരതിയാൽ എണ്ണമറ്റ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളായിരിക്കും വിരൽത്തുമ്പിലേക്ക് എത്തിച്ചേരുക. അതും വ്യത്യസ്ത ഭാവങ്ങളിൽ. ചിലപ്പോൾ ഗൗരവഭാവത്തിൽ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുകയാണെങ്കിൽ മറ്റു ചിലതിൽ കുഞ്ഞുങ്ങളെപ്പോലെ പൊട്ടിച്ചിരിക്കുന്ന റേയെയായിരിക്കും കാണാൻ സാധിക്കുക. സിനിമ സ്റ്റിൽ ഫൊട്ടോഗ്രഫി അത്ര സജീവമല്ലാതിരുന്ന കാലഘട്ടത്തിൽ ഇത്രയധികം ചിത്രങ്ങൾ ആര് എവിടെ വച്ചു പകർത്തി എന്നൊരു ചോദ്യം സ്വാഭാവികമായി ഉയരാം.

 

nemai-bachchan
അമിതാഭ് ബച്ചൻ. Credit: Nemai Ghosh / Courtesy: Satyaki Ghosh

പ്രതിഭാശാലിയായ ഈ ചലച്ചിത്ര സംവിധായകനെ ഒരു നിഴൽ പോലെ രണ്ടു പതിറ്റാണ്ടോളം പിന്തുടർന്ന് അവിസ്മരണീയ ചിത്രങ്ങൾ പകർത്തി ലോകശ്രദ്ധ നേടിയ ഫൊട്ടോഗ്രഫർ ആയിരുന്നു നെമായി ഘോഷ് എന്ന വിഖ്യാത കലാപ്രേമി. ചലച്ചിത്ര പണ്ഡിതർ അദ്ദേഹത്തിനു ചാർത്തി നൽകിയ ‘ഗോഡ് ഫാദർ ഓഫ് ഇന്ത്യൻ സിനിമ ഫൊട്ടോഗ്രഫി’ എന്ന വിശേഷണം അന്വർഥമാണെന്നു തോന്നും ഘോഷിന്റെ ജീവിതം അടുത്തറിയുമ്പോൾ. ഒരു സിനിമ നിർമാണാവസ്ഥയിലായിരിക്കെ അതിന്റെ വിവിധ ഘട്ടങ്ങൾ; പ്രാഥമിക ചർച്ചകൾ, മ്യൂസിക് റെക്കോർഡിങ്‌സ്, ചിത്രീകരണ രീതി, ലൊക്കേഷൻ കാഴ്ചകൾ, സംവിധായകന്റെ വിവിധ ഭാവങ്ങൾ, എഡിറ്റിങ് ജോലികൾ, ഒടുവിൽ പ്രീ-വ്യൂ സമയത്തെ താരങ്ങളുടെ ആകാംക്ഷ കലർന്ന മുഖഭാവങ്ങൾ എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ പിന്നാമ്പുറ കാഴ്ചകളും കൃത്യമായി ക്യാമറയിൽ പകർത്തി കൊണ്ട് ഒരു വിഷ്വൽ പ്രസന്റേഷൻ മാതൃക ഇന്ത്യൻ സിനിമയിൽ ആദ്യമായി അവതരിപ്പിച്ചത് നെമായി ഘോഷ് ആയിരുന്നു. റേയുടെ സിനിമകളുടെ മാത്രമല്ല ഒരു കാലഘട്ടത്തിലെ കൊൽക്കത്ത നഗരത്തിന്റെ ചരിത്രാവശേഷിപ്പുകളും സ്പന്ദനങ്ങളും ജീവിതക്രമവുമെല്ലാം ഘോഷിന്റെ ചിത്രങ്ങളിലൂടെയാണ് ഇന്നത്തെ തലമുറ കണ്ടുകൊണ്ടിരിക്കുന്നത്. റേയുടെ ഫെലുദാ സീരീസ് സിനിമകളിലെപ്പോലെ കഥാഗതി അപ്പാടെ മാറ്റിമറിക്കുന്ന ഒരു ട്വിസ്റ്റ് പോലെയായിരുന്നു ഘോഷിന്റെ സിനിമാ ഫൊട്ടോഗ്രഫി രംഗത്തേക്കുള്ള കടന്നു വരവും.

sharmila-tagore
ശർമിള ടാഗോർ. Credit: Nemai Ghosh / Courtesy: Satyaki Ghosh

 

satyajit
Credit: Nemai Ghosh / Courtesy: Satyaki Ghosh

ഒരു ഗായകനോ നടനോ ആയിത്തീരണമെന്ന കലശലായ മോഹത്തോടെ പ്രശസ്‌ത നടനും നാടകകൃത്തുമായ ഉത്പൽ ദത്തയുടെ കൽക്കട്ടയിലെ ലിറ്റിൽ തിയറ്റർ ഗ്രൂപ്പിൽ ചേർന്ന ഘോഷ് 1959 ൽ ഏറെ പ്രശസ്തമായ ‘അങ്കർ’ എന്ന നാടകത്തിലൂടെയാണ് കലാരംഗത്തേക്കു പ്രവേശിച്ചത്. നടനായിത്തീരണമെന്ന ഉറച്ച ലക്ഷ്യം മനസ്സിലിട്ടു നടന്നിരുന്ന അദ്ദേഹം സുഹൃത്തും തിയറ്റർ ഗ്രൂപ്പിലെ സഹപ്രവർത്തകനുമായ റോബി ഘോഷിനൊപ്പം 1968 ൽ സത്യജിത് റേയുടെ ഒരു ഷൂട്ടിങ് ലൊക്കേഷൻ സന്ദർശിക്കാൻ ഇടയായി. ചിത്രത്തിൽ റോബി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ലൊക്കേഷനിൽ വച്ച് ആരോ ഘോഷിന് ചില ചിത്രങ്ങളെടുക്കുവാൻ ഒരു ക്യാമറ കൈമാറി. അവസരം പാഴാക്കാതെ റേയുടെ വ്യത്യസ്ത ഭാവങ്ങളും മൂഡുകളും അൽപം ദൂരെ നിന്ന് ജോലിയെ തടസ്സപ്പെടുത്താത്ത രീതിയിൽ അദ്ദേഹം ക്യാമറയിലാക്കി. ചിത്രങ്ങൾ കണ്ട് മണിക് ദാ (റേയെ അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും അങ്ങനെയാണ് വിളിച്ചിരുന്നത്). ഉൾപ്പെടെ എല്ലാവരും അദ്ഭുതത്തോടെ ഘോഷിനെ അഭിനന്ദിച്ചു. അതൊരു വഴിത്തിരിവായി മാറുകയായിരുന്നു. 

 

ഇതാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞ ഘോഷ് പിന്നീടൊരിക്കലും ക്യാമറ താഴെവച്ചിട്ടില്ല. ഗൂപേ ഗ്യാനെ ഭാഗ ബൈനീ (അഡ്വഞ്ചേഴ്സ് ഓഫ് ഗൂപേ ആൻഡ് ഭാഗ - 1968) എന്ന ചിത്രത്തിൽ തുടങ്ങിയ ആ കൂട്ടുകെട്ട് റേയുടെ അവസാന ചിത്രമായ അഗന്തുക്ക് (1991) വരെ നീണ്ടു. ഈ നീണ്ട കാലഘട്ടത്തിനിടയിൽ റേയുടെ ഷൂട്ടിങ് ലൊക്കേഷനിലെ നിരവധി അവിസ്മരണീയ മുഹൂർത്തങ്ങൾ വരും തലമുറയ്ക്കു വേണ്ടി അദ്ദേഹം ക്യാമറയിലാക്കിക്കഴിഞ്ഞിരുന്നു സദാസമയവും റേയുടെ പിന്നാലെ ക്യാമറയുമായി നടന്നിരുന്ന ഘോഷിന് ഒരിക്കൽ മാത്രമാണ് കൈവിറച്ചത്. 1992 ഏപ്രിലിൽ റേയുടെ മരണവാർത്തയറിഞ്ഞ് എത്തിയ അദ്ദേഹം കണ്ടത് റേയുടെ നിശ്ചല ശരീരവും ദുഃഖാർത്തരായി നിൽക്കുന്ന കുടുംബാംഗങ്ങളെയുമായിരുന്നു. റേയുടെ ആ ചിത്രം തന്റെ ക്യാമറയിൽ പതിയില്ല എന്നു വേദനയോടെ തിരിച്ചറിഞ്ഞ അദ്ദേഹം ബാഗിൽനിന്ന് ക്യാമറ പുറത്തെടുത്തില്ല. പകരം ആ രംഗം മനസ്സിൽ എക്കാലത്തേക്കുമായി ഫ്രെയിം ചെയ്‌തു സൂക്ഷിച്ചു. ഇന്ത്യൻ സിനിമയിൽ എക്കാലവും ഏവരും ആദരവോടെ സ്‌മരിക്കുന്ന ഒരു ആത്മബന്ധമായിരുന്നു റേയും ഘോഷും തമ്മിലുണ്ടായിരുന്നത്‌. റേയുടെ മകനും സംവിധായകനുമായ സന്ദീപ് റേ അത് പലഘട്ടങ്ങളിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

ray-3
Credit: Nemai Ghosh / Courtesy: Satyaki Ghosh

 

സിനിമാ വിശേഷങ്ങൾ മാത്രമല്ല കൊൽക്കത്തയിലെ നിരവധി ചരിത്ര മുഹൂർത്തങ്ങളും ഘോഷ് ഒപ്പിയെടുത്തിട്ടുണ്ട്. തീപ്പൊരി രാഷ്ട്രീയ പ്രസംഗങ്ങൾ കേൾക്കാൻ ലക്ഷങ്ങൾ തടിച്ചു കൂടിയ മധ്യ കൽക്കട്ടയിലെ മൈദാനിന്റെ മനോഹര ദൃശ്യങ്ങൾ, 1977 ൽ നഗരത്തിലെത്തിയ ഫുട്ബോൾ ചക്രവർത്തി പെലെയുടെ വിവിധ ഭാവങ്ങൾ, പണ്ഡിറ്റ് രവിശങ്കറും ജ്യേഷ്ഠൻ ഉദയ ശങ്കറും റേയും തമ്മിലുള്ള സൗഹൃദ കൂടിക്കാഴ്ചകൾ, തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അമിതാഭ് ബച്ചനും ജയ ഭാദുരിയും, ഹൗറ പാലത്തിനു സമീപത്തെ അഭയാർഥി ക്യാംപിലിരുന്നു കരയുന്ന കുഞ്ഞിന്റെ നൊമ്പരക്കാഴ്ച, കുസൃതിക്കണ്ണുകളുമായി ജനൽപാളികൾക്കിടയിലൂടെ നോക്കുന്ന ശർമിള ടാഗോർ, ചൂടേറിയ 'അഡ്ഡ' ചർച്ചകകളുടെ സ്ഥിരം വേദിയായ കോഫി ഹൗസിന്റെ അകത്തളം, ചലച്ചിത്ര പ്രവർത്തകരുമായി നർമം പങ്കിടുന്ന ജ്യോതി ബസു, ഉസ്താദ് അലി അക്ബർ ഖാൻ തന്റെ രൂപസാദൃശ്യമുള്ള ഒരു ശിൽപം നിർമിക്കാൻ ശിൽപിക്കു മുന്നിൽ പോസ് ചെയ്‌തു നിൽക്കുന്ന രസകരമായ കാഴ്ച എന്നിങ്ങനെ എണ്ണമറ്റ ചിത്രങ്ങളാണ് ഘോഷിന്റെ ക്യാമറ വിവിധ കാലഘട്ടങ്ങളിൽ പകർത്തിയെടുത്തത്. 

 

ക്യാൻഡിഡ് പിക്‌സ് എന്ന ഓമനപ്പേരിൽ യുവതലമുറ ഇന്ന് ആവേശത്തോടെ മൊബൈലിൽ പകർത്തുന്ന പല ചിത്രങ്ങളുടെയും ആദ്യകാല വേർഷനായിരുന്നു ഘോഷിന്റെ ഒട്ടുമിക്ക ചിത്രങ്ങളും; അത് നഗരക്കാഴ്ചകളായാലും ഷൂട്ടിങ് സ്ഥലത്തെ കൗതുകങ്ങളായാലും. ഘോഷ് അത് ഒപ്പിയെടുക്കുന്നത് ആരും അറിഞ്ഞിരുന്നില്ല. നിങ്ങൾ ഈ ചിത്രങ്ങളൊക്കെ എപ്പോഴാണ് എടുക്കുന്നതെന്ന് ഒരിക്കൽ റേ തന്നെ വളരെ ആശ്ചര്യത്തോടെ അദ്ദേഹത്തോടു ചോദിച്ചിട്ടുണ്ട്. ലോകപ്രശസ്ത സാഹിത്യകാരനായിരുന്ന സാമുവൽ ജോൺസന്റെ ജീവിതം നിരന്തരം പിന്തുടർന്നുകൊണ്ട് അദ്ദേഹത്തിന്റെ ജീവചരിത്രം രചിച്ച ജയിംസ് ബോസ്‌വെൽ എന്ന വിഖ്യാത ജീവചരിത്രകാരനെ അനുസ്‌മരിപ്പിച്ചുകൊണ്ട്, ‘മൈ ബോസ്‌വെൽ വിത്ത് ക്യാമറ’ എന്നാണ് ഘോഷിനെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. നെമായി ഘോഷ് ചിത്രങ്ങളുടെ കടുത്ത ആരാധകനായിരുന്നു സൂപ്പർ താരം അമിതാഭ് ബച്ചൻ. ഒരിക്കൽ അദ്ദേഹത്തിന്റെ കൽക്കട്ട ഫോട്ടോകളുടെ പ്രദർശനം കണ്ട ബച്ചൻ, ഘോഷ് ചിത്രങ്ങൾക്ക് പുതിയൊരു നിർവചനം നൽകി: ‘‘ചിത്രങ്ങൾ നിശ്ചലതയുടെ മൂർത്തീഭാവത്തിൽ നിൽക്കുകയാണെങ്കിൽ അവയെ ‘സ്റ്റിൽ’ എന്ന് വിളിക്കാം. എന്നാൽ ചിത്രങ്ങൾക്ക് ചലനാത്മകതയോ ജീവന്റെ തുടിപ്പോ കാണാൻ സാധിച്ചാൽ അവ നെമായി ഘോഷ് ചിത്രങ്ങൾ എന്നറിയപ്പെടും.’’ ബച്ചന്റെ ഈ വാക്കുകളിൽ എല്ലാമുണ്ട്. 

 

റേയുടെ കാലശേഷം പ്രശസ്തമായ ഒട്ടേറെ സിനിമകൾക്കും സംവിധായകർക്കു വേണ്ടിയും ഘോഷ് പ്രവർത്തിച്ചിരുന്നു. മൃണാൾ സെൻ (കൽക്കട്ട 71), ഋതിക്ക് ഘട്ടക്ക് (ജൂക്കി, ടോക്കോ), റോളണ്ട് ജോഫി (സിറ്റി ഓഫ് ജോയ്), ഗൗതം ഘോഷ് (പാർ), മീരാ നായർ (നെയിം സേക്) സുജോയ് ഘോഷ് (കഹാനി) എന്നിവരുടെ ശ്രദ്ധേയമായ സംരംഭങ്ങളുമായി സഹകരിച്ചു. 'കഹാനി' എന്ന ചിത്രത്തിൽ വിഷ്വൽ റഫറൻസിനായി സംവിധായകൻ സുജോയ് ആശ്രയിച്ചത് ഘോഷിന്റെ അതിവിശാലമായ കൊൽക്കത്ത ചിത്രങ്ങളുടെ ശേഖരത്തെയായിരുന്നു. നഗരത്തിന്റെ 50 വർഷത്തെ ചരിത്രം ഫ്രെയിമിലാക്കിയ ഈ ഫൊട്ടോഗ്രഫർ ചരിത്രകാരന്മാർക്കും പത്രപ്രവർത്തകർക്കും എക്കാലവും ഒരു റഫറൻസ് തന്നെയാണ്. 

 

എടുത്ത ചിത്രങ്ങളും അവയുടെ നെഗറ്റീവ്സും കൃത്യമായി പരിപാലിച്ചു പോരുന്നതിൽ ഘോഷ് കാട്ടിയ കൃത്യനിഷ്ഠ പലരെയും അദ്ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ ശേഖരത്തിൽ ഒരു ലക്ഷത്തോളം ചിത്രങ്ങളും നെഗറ്റീവ്സും ഉണ്ടായിരുന്നു എന്നു കേൾക്കുമ്പോൾ മാത്രമായിരിക്കും അതിനു പിന്നിലെ കഠിനാധ്വാനം മനസ്സിലാക്കാൻ സാധിക്കുക. ഒരു പക്ഷേ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ വരെ സ്ഥാനം പിടിക്കാൻ സാധ്യതയുണ്ടായിരുന്ന ഒരു നേട്ടം. ഈ ശേഖരത്തിന്റെ സിംഹഭാഗവും പിന്നീട്‌ ഡൽഹി ആർട്ട് ഗ്യാലറി മുൻകൈ എടുത്ത് ഡിജിറ്റലൈസ് ചെയ്യുകയായിരുന്നു. റേയ്ക്കു വേണ്ടി മാത്രം 90,000 ത്തോളം ചിത്രങ്ങൾ താൻ എടുത്തിട്ടുണ്ടെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. അതും മറ്റൊരു ലോകറെക്കോർഡ് ആയിരിക്കാം. എൺപത്തിമൂന്നാം വയസ്സിൽ പഞ്ചാബിൽ തനിയെ പോയി താമസിച്ചു സുവർണ ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ചെയ്‌തു കൊണ്ട് പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് യുവതലമുറയ്ക്ക് കാട്ടി കൊടുത്തു. 

 

‘‘ഏറെ കൗതുകകരമായ കാര്യം, ചിത്രങ്ങളെടുക്കുമ്പോൾ അദ്ദേഹം ഒരിക്കലും ഫ്ലാഷ് മോഡ് ഉപയോഗിച്ചിരുന്നില്ല എന്നതാണ്. ഡിജിറ്റൽ യുഗത്തിന്റെ പാരമ്യത്തിലും പഴയകാല അനലോഗ് ശൈലിയാണ് അവസാന ചിത്രങ്ങളിൽ വരെ അദ്ദേഹം പിന്തുടർന്നിരുന്നത്. ഫൊട്ടോഗ്രഫിയിൽ ആർക്കും അനുകരിക്കാൻ സാധിക്കാത്ത ഒരു രീതിയായിരുന്നു അച്ഛന്റേത്’’ നെമായി ഘോഷിന്റെ മകൻ സത്യാകി ഘോഷ് പിതാവിനെ കുറിച്ചുള്ള ഓർമകൾ അയവിറക്കി. കുട്ടികാലം മുതൽ അച്ഛനൊപ്പം ഫൊട്ടോഗ്രഫിയുടെ സുന്ദര ലോകം കണ്ടു വളർന്ന സത്യാകി ഇപ്പോൾ രാജ്യത്തെ അറിയപ്പെടുന്ന ഫൊട്ടോഗ്രാഫറാണ്. ഏറെ കാലമായി മുംബൈയിൽ താമസമാക്കിയ ഇദ്ദേഹം അഡ്വെർടൈസിങ് മേഖലയിൽ ഏറെ ശ്രദ്ധേയനാണ്. നെമായി ഘോഷിന്റെ മകൾ ഷർമിസ്ത സ്‌കൂൾ അധ്യാപികയായി റിട്ടയർ ചെയ്‌തശേഷം കൊൽക്കത്തയിൽ കഴിയുന്നു. ഘോഷിന്റെ ഭാര്യ ശിബാനി ഘോഷ് ഈവർഷമാദ്യം അന്തരിച്ചു. 

 

സത്യജിത്ത് റേയെ കുറിച്ചും ഫൊട്ടോഗ്രഫിയെ കുറിച്ചുമൊക്കെ നിരവധി പുസ്തകങ്ങൾ ഘോഷ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കോളജിലെ മിനി ആർട്ട് ഗ്യാലറി ഘോഷ് ചിത്രങ്ങളുടെ സ്ഥിരം വേദിയാണ്. 2007 ൽ ദേശിയ ചലച്ചിത്ര അവാർഡ് ജൂറി അംഗമായി പ്രവർത്തിച്ച അദ്ദേഹത്തെ 2010-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ആദ്യമായി സമ്പൂർണ ലോക്‌ഡൗൺ നിലവിൽ വന്ന 2020 മാർച്ച് 25 ന് രാവിലെയാണ് നെമായി ഘോഷ് അന്തരിച്ചത്. അതിനാൽ ആരാധകരും സഹപ്രവർത്തകരും ആഗ്രഹിച്ച രീതിയിലുള്ള ഒരു യാത്രയയപ്പ് നൽകാൻ ബംഗാൾ സർക്കാരിനും സാധിച്ചില്ല. കാലം എത്രകഴിഞ്ഞാലും ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ക്ലിക്കുകളുടെ ഈ ഉടമയെ ചലച്ചിത്രപ്രേമികളും സിനിമാസ്വാദകരും പെട്ടെന്നങ്ങനെ മറക്കാനിടയില്ല. അദ്ദേഹത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പോലെ തന്നെ തിരശീലയ്ക്കു പിന്നിൽ എക്കാലവും ശോഭ വിടർത്തി അവയങ്ങനെ നിലനിൽക്കും. 

 

ലേഖകൻ: ജെയ്‌ജിത്ത് ജയിംസ് 

 

(സത്യജിത് റേയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ചു കൊൽക്കത്ത സെന്റർ ഫോർ ക്രിയേറ്റിവിറ്റിയും കേരള ലളിത കലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ദ് സത്യജിത് റേ സെന്റിനറി ഷോ’ ഇപ്പോൾ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടന്നു വരുന്നു. ഈ മേളയിൽ നെമായി ഘോഷിന്റെയും റേയുടെ മറ്റൊരു ഫൊട്ടോഗ്രഫറായിരുന്ന താരപതാ ബാനർജിയുടെയും ഉൾപ്പെടെ നിരവധി ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ സത്യജിത് റേയുടെ സ്വന്തം കൈപ്പടയിലെ കത്തുകൾ, തിരക്കഥകളെകുറിച്ചുള്ള കുറിപ്പുകൾ, ആദ്യകാല ലഘു പ്രസിദ്ധീകരണങ്ങൾ, സിനിമാ പോസ്റ്ററുകൾ, ഷൂട്ടിങ് സ്ഥലത്തെ ചിത്രങ്ങൾ, അദ്ദേഹത്തിന്റെ ആദ്യ ഹിന്ദി ചിത്രമായ ‘ശത്രന്ജ കി ഖിലാഡി’ എന്ന ചിത്രത്തിൽ അഭിനേതാക്കൾ ഉപയോഗിച്ച രാജകീയ വസ്ത്രങ്ങൾ, ചിത്രീകരണ വിശേഷങ്ങൾ, എന്നിങ്ങനെ വളരെ കൗതുകകരമായ ഒട്ടേറെ കാഴ്ചകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. മേള ഒക്ടോബർ 25 ന് സമാപിക്കും) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com