ADVERTISEMENT

പുറംലോകത്തെ കാഴ്ചകൾ ഇല്ലാതെ, കളിയും ചിരിയും ഇല്ലാതെ, സൗഹൃദങ്ങളില്ലാതെ, മനുഷ്യരുമായി ബന്ധമില്ലാതെ, 11 വർഷം വീട്ടു തടങ്കലിൽ കഴിയുക എന്നാൽ എത്ര ദയാരഹിതമായ കാര്യമാണ്. കുട്ടിക്കുറുമ്പുകളും, ബാല ചാപല്യങ്ങളും ഇല്ലാതെ വീടകം മാത്രം തങ്ങളുടെ ലോകമായി വരിക എന്നത് ഭീകരമായ അവസ്ഥയാണ്. വീടിന്റെ മുന്നിൽ വീഴുന്ന നിഴലുകൾക്കപ്പുറം മറ്റ് കാഴ്ചകൾ കാണാത്ത രണ്ട് കുട്ടികൾ. മനമുരുകുന്ന ആ കാഴ്ച ഏത് മനുഷ്യസ്നേഹിയുടെയും ഉള്ളുലക്കും.

 

apple

പെൺമക്കളുടെ സുരക്ഷയെ കുറിച്ച അമിതമായ ഉത്കണ്ഠയാൽ കഴിയുന്ന രക്ഷിതാക്കൾ. മാതാവ് അന്ധയായതിനാൽ മക്കളെ ശ്രദ്ധിക്കാൻ കഴിയുന്നില്ല. പ്രായാധിക്യം കാരണം ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിലും പിതാവാണ് മക്കളെ പരിപാലിക്കുന്നത്.  അത്യാവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് അദ്ദേഹം പുറത്ത് പോകാറുള്ളത്. വെളിയിലേക്ക് പോയാൽ വീടിനരികിൽ കളിക്കുന്ന കുട്ടികൾ അവിടേക്ക് വരുമെന്നും തന്റെ മക്കളെ ഉപദ്രവിക്കും എന്നുമാണ് പിതാവ് ആശങ്കപ്പെടുന്നത്. അതുകാരണം  കുട്ടികളെ വീടിനകത്ത് അടച്ചിടുന്നു. അങ്ങിനെ പൂട്ടിയിട്ട ഇരുമ്പഴിക്കുള്ളിൽ നിന്നും പുറത്ത് പോകാൻ സാധിക്കാതെ വരുന്ന സഹറയുടെയും മഅ്സൂമയുടെയും കഥ പറയുകയാണ് "സീബ് അഥവാ ദ് ആപ്പിൾ " എന്ന സിനിമ.

 

the-apple-review

ആദ്യ സിനിമ കൊണ്ട് തന്നെ ലോക സിനിമാ ഭൂപടത്തിൽ ഉത്തമ സംവിധായക എന്ന പട്ടം നേടിയ ഇറാനിയൻ സംവിധായക സമീറ മക്മൽബഫിന്റെ ഡോക്യുഫിക്ഷൻ സിനിമയാണ് "ദ് ആപ്പിൾ". ലോകപ്രശസ്ത ഇറാനിയൻ സംവിധായകൻ മുഹ്സിൻ മക്മൽബഫിന്റെ മകളായ സമീറ 1998ൽ തന്റെ 19 മത്തെ വയസ്സിലാണ് ആപ്പിൾ സംവിധാനം ചെയ്യുന്നത്. 

 

കുവൈത്തിലെ സിനിമ സർക്കിൾ എന്ന സിനിമാ കൂട്ടായ്മയിലൂടെ ആണ് ഇറാനിയൻ സിനിമകളെ ആദ്യമായി കാണുന്നത്. അസ്ഗർ ഫർഹാദിയുടെ "about elly" ആണ് അന്ന് കണ്ടത്. സിനിമയുടെ ഘടനാ രചനാ വൈഭവത്തിൽ അമ്പരന്ന് അന്ന് തുടങ്ങിയ ഇഷ്ടമാണ് ഇറാനിയൻ സിനിമയോട്. വിപുലമായ ഒരു പ്രേക്ഷക ശൃംഖല ഇറാനിയൻ സിനിമക്ക് എക്കാലവും ഉണ്ട്. അതിൻ്റെ  കലാ സൃഷ്ടിയിലെ മനോഹാരിത കൊണ്ടാണ് അതിലേക്കാകർഷിക്കപ്പെടുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വിശ്വസിനിമയുടെ വെള്ളിത്തിരയിൽ ഇറാനിയൻ സിനിമ രേഖപ്പെടുത്തിയ ഒട്ടനവധി പാത്ര സൃഷ്ടികൾ മാത്രമല്ല, കഥകളും അതിന്റെ ആഖ്യാന രീതികളും, സിനിമാ നിർമ്മിതിയിലെ നൂതനത്വവും എല്ലാം ഈ ഭാഷയുടെ ദൃശ്യവത്കരണത്തിൽ കാഴ്ചക്കാരെ സ്വാധീനിച്ചു. 

samira-1
സമീറ മക്മൽബഫ്

 

സാമൂഹിക മാനമുള്ള ബിംബങ്ങൾ കൊണ്ട് ദൃശ്യ ചാരുത തീർക്കുകയാണ്  സമീറയും തൻ്റെ സിനിമയിൽ. ആപ്പിൾ എന്ന സിനിമാനാമം തന്നെ ഒരേ സമയം രണ്ട് സൂചകങ്ങൾ പ്രേക്ഷകനിൽ ജനിപ്പിക്കുന്നു. വിലക്കപ്പെട്ട കനി എന്ന രീതിയിൽ പാപ സൂചകമായി മതങ്ങൾ ആപ്പിളിനെ കാണാറുള്ളത് പോലെ ജീവൽ സൂചകമായും കാണാവുന്നതാണ്. അങ്ങിനെ വിലയിരുത്തുമ്പോൾ ഒരു പഴം, ഒരു വാക്ക് എങ്ങിനെയൊക്കെ പ്രേക്ഷകന് വായിക്കാം എന്നതിലേക്ക് അവൻറെ ചിന്തകളെ എത്തിക്കുന്നു.  അങ്ങിനെ സിനിമ മനുഷ്യന്റെ മനസ്സിനെ തൊടുന്നു. സിനിമ അങ്ങിനെ ചെയ്യേണ്ടത്തുണ്ടോ, കല മനുഷ്യ ചോദനകളെ സ്പർശിക്കുന്നത് ആകണമോ വേണ്ടയോ എന്ന ചർച്ചകൾ ഒക്കെ നിലനിൽക്കെ തന്നെ, ആപ്പിൾ മനസ്സിനെ തൊടുന്നു എന്ന് പറയാതിരിക്കാൻ വയ്യ.

 

മനസ്സിനെ തൊടുന്ന കാഴ്ചകൾ കൊണ്ട് കഥാപാത്രങ്ങളെ, സിനിമയെ അനശ്വരമാക്കുന്നതിൽ അബ്ബാസ് കിരിയോസ്തമി, അസ്‌ഘർ ഫർഹാദി, ജാഫർ പനാഹി, മാജിദ് മജീദി, മൊഹസിൻ മക്മൽ ബഫ്, തുടങ്ങിയ സംവിധായകരുടെ സംഭാവന മികച്ചതാണ്. ഭാവനാധിഷ്ഠിതമായി മാത്രമല്ലാത്ത കലാസൃഷ്ടികൾക്കു പകരമായി നിത്യ ജീവിതത്തിൽ നിന്നുള്ള യഥാർഥ ജീവിതാംശങ്ങളെയും കലാസൃഷ്ടികളിലേക്കു സ്വാംശീകരിക്കുന്ന നിയോറിയലിസത്തിന്റെ പ്രതിഫലനങ്ങൾ  ഇവരുടെ സിനിമകളിൽ ദർശിക്കാൻ കഴിയും. തെരുവിൻ്റെ കഥ മാത്രമല്ല, മാനവികതയുടെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ട് വരുന്നതിൽ ഇറാനിയൻ സിനിമ മഹത്തായ മാതൃകകൾ തീർത്തിട്ടുണ്ട്. 

 

സാമൂഹിക വിമർശനം, കാവ്യാത്മക മനോഭാവം, കഠിനമായ പരീക്ഷണങ്ങൾ എന്നിവയാൽ വേർതിരിച്ച സിനിമാറ്റിക് പ്രവണത ഏറെ പ്രശംസാപരമാണ്. സ്ത്രീ പക്ഷ സിനിമകൾ എന്ന് വേർതിരിച്ച് നിർത്താതെ, കലയിൽ വേർതിരിവുകൾ സൃഷ്ടിക്കാതെ സാമൂഹിക പ്രശ്നങ്ങളെ പൊതുകാഴ്ചയിലേക്ക്  കൊണ്ടുവരുന്നതിൽ ഇറാനിയൻ സിനിമ വിജയിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. ജാഫർ പനാഹിയുടെ ഓഫ് സൈഡ് ഇതിന് മികച്ച ഒരുദാഹരണമാണ്. ഇറാന്റെ ദേശീയ പതാകയുടെ മൂവര്‍ണ്ണം കൊണ്ടുള്ള ഛായം മുഖത്ത് തേച്ച്, പുരുഷവേഷത്തില്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരം കാണാന്‍ ശ്രമിച്ച ആറ് പെണ്‍കുട്ടികളുടെ സാഹസികമായ നീക്കങ്ങളുടെയും  അതിൽ അവർ പരാജയപ്പെടുന്നതുമാണ് 'ഓഫ്സൈഡി'ല് പനാഹി പറയുന്നത്. 2006 ലാണ് ചിത്രം നിർമിക്കുന്നത്. 

 

സാമൂഹ്യ പ്രവർത്തകരുടെ നിരന്തര ഇടപെടലുകൾ ഉണ്ടായിട്ടും ഇരുമ്പ് കമ്പികൾ മുറിക്കാനോ, സഹറ യെയും മഅ്സൂമയെയും പുറത്ത് വിടാനോ ആ പിതാവ് സന്നദ്ധമാകുന്നില്ല എന്ന് മാത്രമല്ല, അവരെ ശപിക്കാനും ഭർത്സിക്കാനുമാണ് അവർ തയ്യാറാകുന്നത്. അന്ധയാണെങ്കിലും മാതാവും ശകാരം ചൊരിയുന്നു. പക്ഷേ, സർക്കാരിന്റെ സാമൂഹ്യ വിഭാഗം ശക്തമായി ഇടപഴകുന്നതിൻ ഫലമായി ഒടുവിൽ കുട്ടികൾ പുറത്തിറങ്ങുന്നു. തുടർന്ന് അവർ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു ലോകം കാണുന്നു. ഇതുവരെ കാണാത്ത ചിരികൾ കാണുന്നു. ആപ്പിൾ എന്നാല്‍ വീട്ടിൽ നിന്നും പുറത്ത് പോകുന്നതിന്റെ കൂടി ബിംബമാവുകയും ചെയ്യുന്നു. 

 

ഫിക്ഷനും യാഥാർത്ഥ്യവും സമന്വയിപ്പിച്ച് കൊണ്ട് കൊണ്ട് കലയുടെ സൂക്ഷ്മാംശങ്ങളെ ഉൾക്കൊണ്ടുകൊണ്ട് മാനവിക മൂല്യങ്ങൾ ഉള്ള സിനിമയായി ആപ്പിളിനെ വിലയിരുത്തപ്പെടുന്നു. പേരിന്റെ അർത്ഥതലങ്ങളിൽ മാത്രമല്ല, മെറ്റഫോറിക്കലി ആപ്പിൾ വിവിധ വായനകൾ ആകുന്നത് പോലെ തന്നെ സിനിമയും വിവിധ തലങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നു. പുറംലോകത്തിന്റെ വശ്യമായ പുഞ്ചിരിയിലേക്കും, മാനുഷികമായ കൊടുക്കൽ വാങ്ങലുകളിലേക്കും, പുറം ലോകം കുട്ടികൾക്ക് വിലക്കപ്പെട്ട ഒന്നല്ലാതായി തീരുകയും ചെയ്യുന്നു.

 

1998ൽ സാവോ പോളോ ഫിലിം ഫെസ്റ്റിവലിലും തെസ്സലോനിക്ക ഫിലിം ഫെസ്റ്റിവലിലും സ്പെഷൽ ജൂറി അവാർഡ്, ലോക്കർനോ ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷ്നൽ ക്രിട്ടിക്സ് പ്രൈസ്, ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ സതർലാൻഡ് ട്രോഫി  കൂടാതെ 1999ൽ അർജന്റീനയിൽ നടന്ന ഇൻഡിപെൻഡന്റ് സിനിമാഫെസ്റ്റിവലിൽ പ്രേക്ഷക അവാർഡ്, ക്രിട്ടിക്സ് പ്രൈസ്, സ്പെഷൽ ജൂറി അവാർഡ് എന്നിവയും ഈ സിനിമ നേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com