ADVERTISEMENT

ലളിത – അതൊരു പേരു മാത്രമായിരുന്നില്ല ആ വലിയ അഭിനേത്രിക്ക്; ഹൃദയത്തിന്റെ മേൽവിലാസം തന്നെയായിരുന്നു. കെപിഎസി ലളിതയുടെ വഴിയിലും മൊഴിയിലും ലാളിത്യമാണു തെളിഞ്ഞത്. അവതരിപ്പിച്ച ഓരോ കഥാപാത്രത്തിലും ആത്മവിശ്വാസത്തോടെ, അനായാസതയോടെ അവർ ലാളിത്യത്തിന്റെ കയ്യൊപ്പിട്ടു. അത് അവരുടെ കഥാപാത്രങ്ങളെ അത്രമേൽ സ്വാഭാവികമാക്കി; വീട്ടകങ്ങളിലെ പരിചിതയും പ്രിയങ്കരിയുമാക്കി. അതുകൊണ്ടാണ്, മകളായും മരുമകളായും അമ്മയായും അമ്മായിയമ്മയായും മുത്തശ്ശിയായുമൊക്കെയുള്ള വേഷപ്പകർച്ചകൾക്കൊടുവിൽ ചമയങ്ങളഴിച്ചുവച്ച് അരങ്ങൊഴിഞ്ഞപ്പോൾ കെപിഎസി ലളിതയ്ക്കുവേണ്ടി മലയാളിയുടെ കണ്ണു നിറഞ്ഞത്. 

 

ജീവിതത്തിന്റെ ചൂടും ചൂരും നിറഞ്ഞുനിന്ന കെപിഎസിയിൽനിന്നു കിട്ടിയ അരങ്ങുപാഠങ്ങളുമായി സിനിമയിലെത്തിയ അവർ, തിരശ്ശീലാവേഷങ്ങളുടെ എത്രയെത്ര വ്യത്യസ്‌തതകളിലൂടെയാണു കടന്നുപോയത്! മലയാളിവനിതയുടെ സ്നേഹവും സങ്കടവും സന്തോഷവും പരിഭവവും പരിഹാസവും ഈ അഭിനേത്രിയുടെ കഥാപാത്രങ്ങളിൽ ഭദ്രമായിരുന്നു. ഭൂമിയിൽനിന്ന് ഉയർന്നുനിൽക്കുന്ന ആയിരം സിനിമാവേഷങ്ങൾക്കിടയിൽ, മണ്ണുതൊട്ടുനിൽക്കുന്ന, നേരുള്ള വാക്കും നോക്കും അനുഭവിപ്പിക്കുന്ന കഥാപാത്രങ്ങൾ ലളിതയുടെ സ്വന്തമായി. ആ കഥാപാത്രങ്ങൾ നമ്മുടെ ഹൃദയത്തിൽ ഇഷ്‌ടംകൂടിയത് ആ വേഷങ്ങളിൽ മലയാളിക്കു മുഖംനോക്കാവുന്നതു കൊണ്ടുകൂടിയാണ്. ‘ ഞാൻ നിങ്ങൾതന്നെയാണ്’ എന്ന് അവരുടെ കഥാപാത്രങ്ങൾ കാണികളോടു പറഞ്ഞുകൊണ്ടിരുന്നു. 

 

അഭിനയശൈലിയിലെ നർമബോധവും സഹജമായ ചുറുചുറുക്കും അവരെ അനന്യയാക്കി. മാതൃഭാവത്തിലേക്കും വാത്സല്യത്തിലേക്കും മാത്രമൊതുങ്ങിനിൽക്കാതെ,  കുസൃതിയും കുശുമ്പും കുന്നായ്മയും വേണമെങ്കിൽ അൽപം വില്ലത്തരവുംവരെ കാണാവുന്ന അഭിനയവൈവിധ്യമാണു ലളിത സിനിമയിൽ എഴുതിച്ചേർത്തത്. പെണ്മയുടെ സമസ്തഭാവങ്ങളും പ്രകാശിക്കുന്നൊരു മാജിക്കുണ്ടായിരുന്നു അവരുടെ കഥാപാത്രങ്ങളിൽ. അനായാസ പരകായപ്രവേശമാണു ലളിത എപ്പോഴും കാഴ്‌ചവച്ചത്. രണ്ടു ദേശീയ അവാർഡ് അടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ നേടാനായത് ആ അഭിനയമികവിന്റെ സാക്ഷ്യങ്ങളും. പിൽക്കാലത്തു ടിവി സീരിയലുകളിലും  അവർ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്തു. 

 

മൗലികവും അതീവ സ്വാഭാവികവുമായിരുന്നു ലളിതയുടെ അഭിനയം. അവതരിപ്പിച്ച നൂറുകണക്കിനു സിനിമാവേഷങ്ങളിൽ മിക്കതും ഇതിന് ഉദാഹരണങ്ങളാണെന്നിരിക്കെ, മികച്ച കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുപോലും അവർ അസാധ്യമാക്കുന്നു. ഒരു അഭിനേതാവിന് ആവശ്യമായ‘വോയ്സ് മോഡുലേഷന്റെ’ പാഠപുസ്തകംതന്നെയാണു ലളിതയുടെ ശബ്ദം. രൂപത്തെ അദൃശ്യതയിൽ നിർത്തിയിട്ടും, ശബ്ദാഭിനയത്തിലൂടെ കൈവരിച്ച ഭാവപൂർണിമ  ‘മതിലുകൾ’ എന്ന സിനിമയിലെ നാരായണിയിലുണ്ട്. 

 

അരങ്ങിനെയും തിരശ്ശീലയെയും ധന്യമാക്കിയ രണ്ടു മികച്ച അഭിനേതാക്കളുടെ വേർപാടാണു സമീപകാലത്തായി കൈരളി സങ്കടത്തോടെ അനുഭവിച്ചറിഞ്ഞത്: നെടുമുടി വേണുവും കെപിഎസി ലളിതയും. പല കാര്യങ്ങളിലും അവർ തമ്മിൽ സാമ്യമുണ്ടായിരുന്നു. ഒരു നല്ല അഭിനേതാവിന് ആഗ്രഹിക്കാവുന്ന ഏതാണ്ടെല്ലാ വ്യത്യസ്ത കഥാപാത്രങ്ങളും ചെയ്തുകഴിഞ്ഞതിന്റെ സാഫല്യവുമായാണ് ഇരുവരും യാത്രയായത്. ഓരോ കഥാപാത്രത്തെയും തങ്ങൾക്കുമാത്രമാവുംവിധം കൃത്യമായി അടയാളപ്പെടുത്താനായി എന്നതുതന്നെയാവും നെടുമുടിയുടെയും ലളിതയുടെയും ഏറ്റവും മികച്ച സവിശേഷത. അതുകൊണ്ടുതന്നെ, ദശാബ്ദങ്ങൾ പിന്നിട്ട ഇവരുടെ  അഭിനയജീവിതത്തിൽ അവതരിപ്പിക്കാനായ കഥാപാത്രങ്ങളിൽ നെടുമുടി വേണുവിനെയോ കെപിഎസി ലളിതയെയോ തിരഞ്ഞാൽ നമുക്കു കണ്ടുകിട്ടാനിടയില്ല. 

 

കെപിഎസി ലളിതയുടെ അച്‌ഛൻ കായംകുളം കടയ്ക്കൽത്തറയിൽ കെ.അനന്തൻ നായർ ഫൊട്ടോഗ്രഫർ ആയിരുന്നു. ‘ലളിതാ സ്‌റ്റുഡിയോ’ എന്ന സ്ഥാപനമുണ്ടായിരുന്ന അച്‌ഛനെക്കുറിച്ചു മകൾ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ‘എല്ലാവർക്കും അച്ഛനെ വലിയ കാര്യമായിരുന്നു. കാരണം ഒരു ഫോട്ടോ പോലും പാഴാകാറില്ല.’ ആ അച്ഛന്റെ മകളെ മലയാളമാകെ നെഞ്ചോടു ചേർത്തുപിടിച്ചതിന്റെ കാരണവും സമാനമായിരുന്നു: ഒരു കഥാപാത്രത്തെപ്പോലും ലളിത പാഴാക്കിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com