ADVERTISEMENT

എന്തുകൊണ്ടാണ് കലാകാരന്മാര്‍ പേര്‍ത്തും പേര്‍ത്തും തങ്ങളുടെ സൃഷ്ടികളിൽ ഏകാധിപതികളിലേക്കു തിരിച്ചുപോവുന്നത്? 

 

ഇറ്റലിയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച സില്‍വിയോ ബെർലുസ്കോണിയുടെ (Silvio Berlusconi) ആദ്യ തിരഞ്ഞെടുപ്പു വിജയത്തിന് ഒരു വർഷത്തിനുശേഷം 1995 ഏപ്രിൽ 25-ന് ഇറ്റലിയുടെ വിമോചനത്തിന്റെ അമ്പതാം വാർഷികത്തിൽ, ഉംബർട്ടോ ഇക്കോ കൊളംബിയ സർവകലാശാലയിൽ ഒരു പ്രഭാഷണം നടത്തി. “വ്യത്യസ്‌ത ചരിത്രസാഹചര്യങ്ങളിൽ ഫാഷിസ്റ്റുകൾക്ക് അതേ രൂപത്തിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത് ബുദ്ധിമുട്ടാണ്. ഇന്ന് ഇറ്റാലിയൻ നാഷനൽ അലയൻസ് എന്ന വലതുപക്ഷ പാർട്ടിക്ക് പഴയ ഫാഷിസവുമായി വളരെക്കുറച്ച് ബന്ധമേ ഉള്ളൂ എന്നത് അംഗീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടില്ല... ഒരു ഭരണകൂടത്തിനും അതിന്റെ പ്രത്യയശാസ്ത്രത്തിനും പിന്നിൽ എല്ലായ്പ്പോഴും ചിന്തയുടെയും വികാരത്തിന്റെയും ഒരു രീതിയുണ്ട്, ഒരു കൂട്ടം സാംസ്കാരിക ശീലങ്ങൾ, അവ്യക്തമായ സഹജാവബോധം, അവ്യക്തമായ പ്രേരണകള്‍ എന്നിവയുണ്ട്’’. ഇക്കോയെ സംബന്ധിച്ചിടത്തോളം, ഫാഷിസത്തിന്റെ ശക്തി കുടികൊള്ളുന്നത് പൊരുത്തപ്പെടാനുള്ള അതിന്റെ കഴിവിലാണ്. അതിന് പുനർജനിക്കാൻ കഴിയും, കാരണം ഇത് വളരെ വഴക്കമുള്ള ഒരു ആദിരൂപമാണ്. ‘‘നാസിസം ഒന്നു മാത്രമേ ഉള്ളൂ. ഫാഷിസ്റ്റുകൾ കളികള്‍ പല രൂപത്തിൽ കളിക്കാം, എന്നാല്‍, അതിന്റെ പേര് മാറില്ല’’ എന്ന് ഇക്കോ പ്രസ്താവിക്കുന്നു. തന്റെ പ്രഭാഷണത്തിനൊടുവിൽ ഫാഷിസത്തിന്റെ പതിനാല് സ്വഭാവങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 

 

വർഷങ്ങൾക്ക് ശേഷം ഷുസെ സരമാഗോ ഇപ്രകാരം എഴുതി: “ഇറ്റലിയിൽ ഫാഷിസം പുനഃസ്ഥാപിക്കാൻ ബെർലുസ്കോണി ആഗ്രഹിക്കുന്നു എന്നതിൽ എനിക്ക് സംശയമില്ല. 1930കളിലെ പോലെയുള്ള ഫാഷിസമല്ല ഇത്. ഇത് കറുത്ത ഷർട്ടുകളുള്ള ഫാഷിസമല്ല, മറിച്ച് അർമാനി ടൈ കെട്ടിയതായിരിക്കും”.

 

fairy-ytale

വര്‍ധിച്ചു വരുന്ന സ്വേച്ഛാധിപത്യ പ്രവണതകളും മനുഷ്യാവകാശ ലംഘനങ്ങളും കാണുമ്പോള്‍ നമുക്ക് തോന്നാം: ഇന്ത്യ ഒരു ഫാഷിസ്റ്റ് രാഷ്ട്രമായി മാറുകയാണോ? ഇത് പല രീതികളില്‍ പ്രവര്‍ത്തിക്കുന്നു: എതിര്‍ ശബ്ദങ്ങളെ അടിച്ചമർത്തുന്നതിന് ജുഡീഷ്യറി, നിയമപാലകർ, മാധ്യമങ്ങൾ എന്നിവയിലുള്ള ഗവൺമെന്റിന്റെ പൂർണ്ണ നിയന്ത്രണം, ജാതി അധിഷ്ഠിത രാഷ്ട്രീയം, താഴ്ന്ന ജാതിക്കാരോടും മത ന്യൂനപക്ഷങ്ങളോടുള്ള വിവേചനവും അടിച്ചമർത്തലും പാർശ്വവൽക്കരണവും. വിദ്യാഭ്യാസ മേഖലയിലുള്ള തിരുത്തലുകള്‍, ചരിത്രത്തിന്റെ വളച്ചൊടിക്കൽ. ഇതിനെ ഇക്കോ സൂചിപ്പിച്ച പതിനാല് സ്വഭാവങ്ങളില്‍ ഏതിൽ ഉള്‍ക്കൊള്ളിക്കണം? അല്ല, ഇതൊരു പുതിയ തരത്തിലുള്ള ഫാഷിസമാണോ? 

 

റഷ്യന്‍ ചലച്ചിത്രകാരനായ അലക്സാണ്ടർ സൊക്കുറോവ് ഫാഷിസത്തിലേക്ക് നിരന്തരം കടന്നുചെല്ലുന്നു. അദ്ദേഹത്തിന്റെ പുതിയ സിനിമയായ ഫെയറിടെയിൽ (Fairytale, 2022) ഈ മേഖലയിലേക്ക് പ്രേക്ഷകരെ വീണ്ടും ക്ഷണിക്കുന്നു. എന്നാൽ നാം മുമ്പ് കണ്ടതിനേക്കാൾ പുതുമയുള്ള കലാപരമായ കാഴ്ചപ്പാടും സൗന്ദര്യാത്മക നവീകരണവും ഈ സിനിമയില്‍ കാണാം. ഈ സിനിമ ലൊക്കാര്‍ണോ മേളയിൽ വേള്‍ഡ് പ്രീമിയര്‍ ചെയ്യപ്പെട്ടു. കാന്‍ മേളയിലേക്ക് തിരഞ്ഞെടുത്തില്ല. 

 

പക്ഷികളുടെ ഭയാനകമായ ചിലയ്ക്കുന്ന ശബ്ദങ്ങളോടും ആകാശത്തിലെ ഇടിമുഴക്കങ്ങളോടും കൂടി ആരംഭിക്കുന്ന ഫെയറിടെയിൽ അതിന്റെ ഹാസ്യാത്മകവും അസംബന്ധവുമായ അന്തരീക്ഷം ഒരു ബൈബിൾ ഉദ്ധരണിയിലൂടെ വെളിപ്പെടുത്തുന്നു: ‘‘നിങ്ങളുടെ കഷ്ടപ്പാടുകളുടെ ദൈവിക ചരടുകൾ കൊണ്ട് നിങ്ങൾ സാത്താനെ കഴുത്തു ഞെരിച്ചു.’’

 

‘പറുദീസ’ എന്ന് വിളിക്കപ്പെടുന്ന സ്ഥലമാണ് നാം തുടക്കത്തിൽ കാണുന്നത്. ഫ്രെയിമിന്റെ മധ്യത്തില്‍ ഓറഞ്ച് നിറത്തിലുള്ള അഗ്നി (നരകാഗ്നി) ദൃശ്യമാണ്. പെട്ടെന്ന് എല്ലാ നിറങ്ങളും വറ്റി തകർന്നുകിടക്കുന്ന പിരമിഡിന്റെ ചരിവുകളോട് സാമ്യമുള്ള ഒരു പ്രദേശം വിളറിയ മോണോക്രോമിൽ തെളിയുന്നു. തുടര്‍ന്ന് നാം ജോസഫ് സ്റ്റാലിന്റെ മൃതദേഹം കാണുന്നു, പെട്ടെന്ന് അദ്ദേഹം സംസാരിക്കാൻ തുടങ്ങുന്നു. അയാൾ അടുത്തു കിടക്കുന്ന യേശുവിനെ (മൃതദേഹം) നോക്കുമ്പോള്‍ യേശു സ്റ്റാലിനോട് വളരെ ഹാസ്യാത്മകമായി സംസാരിച്ചു തുടങ്ങുന്നു. തുടര്‍ന്ന് അഡോൾഫ് ഹിറ്റ്‌ലർ, ബെനിറ്റോ മുസ്സോളിനി, ജോസഫ് സ്റ്റാലിൻ, വിൻസ്റ്റൺ ചർച്ചിൽ എന്നിവർ തമ്മിലുള്ള സംഭാഷണങ്ങളാണ്. കൂടാതെ നെപ്പോളിയനും പ്രത്യക്ഷപ്പെടുന്നുണ്ട്. 

 

ഈ സാങ്കൽപിക സ്ഥലം തമാശകളുടെയും കലഹങ്ങളുടെയും വ്യർഥമായ പരാമർശങ്ങളുടെയും ഒരു പരമ്പരയുടെ പശ്ചാത്തലം സൃഷ്ടിക്കുന്നു. ചരിത്രം, രാഷ്ട്രീയ തമാശകൾ, വ്യക്തിപരമായ സ്വഭാവ വിമർശനങ്ങൾ മുതലായ കാര്യങ്ങൾ അവര്‍ സൗഹൃദപരമായ രീതിയിൽ സംസാരിക്കുന്നു. കൂടാതെ ബോൾഷെവിസം, നാസി-ഫാഷിസം, ജനാധിപത്യം, ദാരിദ്ര്യം, കമ്യൂണിസ്റ്റുകാരുടെ ക്രിസ്ത്യാനിത്വം, ഫാഷിസത്തിന്റെ സോഷ്യലിസം എന്നിവ ചർച്ച ചെയ്യുന്നു. ഹിറ്റ്ലര്‍, മുസ്സോളിനി, സ്റ്റാലിൻ എന്നിവർ ഇപ്പോഴും തങ്ങളുടെ പ്രചാരണം നടത്തുന്നു. ഹിറ്റ്ലര്‍ ബാലിശമായി ഒരു കാറ്റാടിയന്ത്രം തകര്‍ക്കുന്നു. ചർച്ചിലിനെപ്പോലുള്ള ഒരു ജനാധിപത്യവാദി പോലും ഈ അപലപനീയമായ അന്തരീക്ഷത്തില്‍ കുടുങ്ങിക്കിടക്കുന്നു, ബോംബിടാന്‍ ഓര്‍ഡർ ചെയ്തതിൽ അദ്ദേഹത്തിനും ഉത്തരവാദിത്തം ഉണ്ട് എന്നത്കൊണ്ടായിരിക്കാം. 

 

ഇവരുടെ സംഭാഷണങ്ങളിലൂടെ ഉണ്ടാക്കിയെടുക്കുന്ന ആക്ഷേപഹാസ്യം ചരിത്ര സംഭവങ്ങളും പരാമര്‍ശനങ്ങളും കൊണ്ട് നിറഞ്ഞതാണ്‌. ഈ പരാമര്‍ശങ്ങളും, അതുപോലെ ചരിത്രത്തിലെ ഈ കഥാപാത്രങ്ങളുടെ ഭൂമികയും അറിയില്ലെങ്കിൽ സിനിമയിലൂടെ സംവിധായകന്‍ എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും. അതുപോലെതന്നെയാണ് ഫൊട്ടോഗ്രാഫുകളുടെയും പെയിന്റിങ്ങുകളുടെയും ഉപയോഗം. (ഇവയെല്ലാം അനിമേറ്റ് ചെയ്തിരിക്കുകയാണ്). ഒരു സന്ദര്‍ഭത്തിൽ ഒരു ചിത്രം (ഇത് നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലേതായിരിക്കാം) നാലുപേര്‍ സംഭാഷണം നടത്തുന്ന വേദിയിലേക്ക്, വാതില്‍ തുറന്ന് നമ്മെ നോക്കുന്നതുപോലെ നമുക്ക് അനുഭവപ്പെടുന്നു. ചരിത്ര പരാമര്‍ശങ്ങൾ പോലെ ചിത്രങ്ങളുടെ പരാമര്‍ശങ്ങളും അറിഞ്ഞാൽ മാത്രമേ സിനിമ നന്നായി ആസ്വദിക്കാന്‍ പറ്റൂ. (ഇതൊക്കെയും ചേര്‍ന്ന് സിനിമ ഒരു ഇന്‍സ്റ്റലേഷനായി നമുക്ക് അനുഭവപ്പെടുന്നു). 

 

താഴെയുള്ള കുഴിയിൽ നിന്ന്/ ഭൂമിക്ക് അടിയില്‍ നിന്ന് എന്നപോലെ ജനങ്ങളുടെ വേദനയുടെ, സങ്കടത്തിന്റെ കൂട്ട നിലവിളി ഉയരുന്നു. ഈ ഏകാധിപതികള്‍ കൂട്ടക്കൊല ചെയ്ത ദശലക്ഷക്കണക്കിന് മനുഷ്യരുടെ നിലവിളിയായിരിക്കാം ഇത്. ചിലപ്പോള്‍ മലയിടുക്കുകളിലൂടെയും ക്വാറികളിലൂടെയും മുഖവും ശരീരവും തിരിച്ചറിയാനാകാത്ത നിഴലുകളുടെ രൂപത്തിൽ മനുഷ്യര്‍ ഒഴുകുന്നു. എന്നാല്‍, ഈ നാലുപേരെ ഈ നിലവിളികൾ അലട്ടുന്നേയില്ല. ഇവര്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നില്ല. 

 

സൊകുറോവും സംഘവും ന്യൂസ്‌റീലിന്റെയും ആർക്കൈവ് ഫൂട്ടേജിന്റെയും ഘടകങ്ങൾ സമര്‍ത്ഥവും ഭാവനാത്മകവുമായി ഉപയോഗിച്ച് മനുഷ്യ രൂപങ്ങളെ ഡിജിറ്റൽ ഡീപ്പ് ഫേക്ക്ഡ് (deep faked archival footage) സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുകയും അതുവഴി കഥാപാത്രങ്ങൾ പരസ്പരം ഇടപഴകുന്നു എന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നു. പലപ്പോഴും, ഇത് ഭയാനകവും വികലവുമായ പ്രഭാവം ഉണ്ടാക്കുന്നു. സിനിമയുടെ നിറം കരിക്കട്ടയുടെ നേര്‍ത്ത നിറത്തെ അനുസ്മരിപ്പിക്കുന്നു. ഇത് സിനിമയ്ക്ക് സ്വപ്നസമാനമായ പ്രതീതി സൃഷ്ടിക്കുന്നു. പെയിന്റിങ്ങുകൾ, സ്കെച്ചുകൾ, സ്റ്റിൽ ഫൊട്ടോഗ്രഫുകൾ എന്നിവയും അനിമേറ്റ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്. 

 

ആർക്കൈവൽ ദൃശ്യങ്ങൾ പല സംവിധായകരും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ആ ഫൂട്ടേജിനെ നേരിട്ട് ഉപയോഗിക്കുന്നില്ല എന്നതാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്. അതായത്, ഒറിജിനൽ ഫൂട്ടേജിൽ നിന്ന് സ്റ്റാലിൻ, ഹിറ്റ്‌ലർ, മുസ്സോളിനി, ചർച്ചിൽ എന്നിവരുടെ ശരീരങ്ങളും മുഖങ്ങളും എടുത്ത് ഒരു മൂടൽമഞ്ഞിനു സമാനമായ ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പിലേക്ക് സംയോജിപ്പിച്ചിരിക്കുകയാണ്. ഈ രൂപങ്ങള്‍ക്ക് അതത് ഭാഷകളിൽ സംഭാഷണങ്ങൾ ഡബ്ബ് ചെയ്തിരിക്കുകയാണ്, സംഭാഷണങ്ങൾ യഥാർഥ കഥാപാത്രങ്ങള്‍ പറയുന്നതല്ല. 

 

കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ നമുക്ക് കൂടുതൽ വിവരങ്ങൾ നല്‍കുകയോ ആഖ്യാനത്തെ സാധാരണപോലെ മുന്നോട്ട് നയിക്കുകയോ ചെയ്യുന്നില്ല. കഥാപാത്രങ്ങള്‍ ഉലാത്തുന്നതു പോലെ സംഭാഷണങ്ങൾ വൃത്തത്തിൽ കറങ്ങുന്നതായി അനുഭവപ്പെടുന്നു. നാലുപേരും പരസ്പരം സംസാരിക്കുകയും കളിയാക്കുകയും ചെയ്യുന്നു. സ്റ്റാലിന് ചെമ്മരിയാടിന്റെ മണമാണ് എന്നാണ് ഹിറ്റ്ലര്‍ പറയുന്നത്. മാത്രവുമല്ല, ചരിത്ര സംഭവങ്ങളെ നാടകീയമാക്കുന്നുമില്ല. 

 

ഒരു ശുദ്ധീകരണ സ്ഥലം പോലെ തോന്നിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഈ നാലുപേർ  മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്നതുപോലെ നമുക്ക് അനുഭവപ്പെടുന്നു. (ഇവര്‍ സ്വര്‍ഗ്ഗ വാതിൽ തുറക്കുന്നതും കാത്തിരിക്കുകയാണോ?) ഇവരുടെ ക്രൂരതകളെ അവതരിപ്പിക്കുന്നില്ലെങ്കിലും ഇതിലൂടെ അക്കാലത്തെ ഭീകരതയെ കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആ അവസ്ഥ വര്‍ത്തമാനകാലത്തിലും നിലനി്‍ക്കുന്നു എന്നും അത് നമ്മെ വേട്ടയാടുന്നു എന്നും ഓര്‍മിപ്പിക്കുന്നു, സംവിധായകന്‍. മരണക്കിടക്കയിൽ നിന്ന് സ്റ്റാലിൻ പറയുന്നു: “ഞാൻ ഒന്നും കഴിക്കാറില്ല. പക്ഷേ എന്റെ ശരീരഭാരം കൂടുകയാണ്. എനിക്ക് വിശക്കുന്നു. എന്റെ ശരീരവും കൈകളും മരവിച്ചിരിക്കുന്നു. ഞാൻ മരിച്ചിട്ടില്ല, ഒരിക്കലും മരിക്കുകയുമില്ല”. ഹിറ്റ്ലർ പറയുന്നത് “എല്ലാം മറക്കും, എന്നാല്‍, അത് വീണ്ടും ആരംഭിക്കും. ഒരിക്കൽ ഞാൻ എഴുന്നേറ്റ് നിന്നെ കൊല്ലും” എന്നാണ്. 

 

സ്ഥല കാലങ്ങള്‍ നിലനില്‍ക്കാത്ത ഈ മേഖലയിൽ അധികാരത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും മനുഷ്യർ, അവശിഷ്ടങ്ങളുടെയും ശവശരീരങ്ങളുടെയും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സങ്കീർണമായ തുടർച്ചയായോ അല്ലെങ്കില്‍, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന രംഗമായോ അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ അലസമായും വലിയ ആത്മസംതൃപ്തിയോടെയും ദീര്‍ഘ സംഭാഷണങ്ങളിൽ ഏര്‍പ്പെടുന്നു. അവർ അമിതമായി സംസാരിക്കുകയും പരസ്‌പരം നിഗൂഢമായി പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നു, അവരുടെ മഹത്തായ നേട്ടങ്ങളെ അഭിനന്ദിക്കുന്നു. 

 

നിറങ്ങള്‍ ഉപയോഗിക്കാതെ പ്രത്യേക രീതിയിലുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ ഉപയോഗത്തിലൂടെ (അല്ലെങ്കില്‍ കളറില്‍ അല്ലാത്ത ആര്‍ക്കൈവൽ ഫൂട്ടേജിന്റെ ഉപയോഗം) യാഥാർഥ്യത്തോട് അടുത്തു നില്‍ക്കുന്നു എന്ന പ്രതീതി ഇല്ലാതാക്കുന്നു. നമ്മുടെ ഭൂരിഭാഗം സിനിമകളും യാഥാർഥ്യത്തിന്റെ പ്രതിഫലനം എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. സൊക്കുറോവിന്റെ റിയലിസത്തെ കുറിച്ചുള്ള സമീപനം ഭൂതകാലത്തെ അതുപോലെ കാണിക്കുക എന്നതല്ല. മറിച്ച് അക്കാലത്ത് ജീവിച്ചിട്ടില്ലാത്തവർക്ക് ആർക്കൈവ് ഇമേജുകളിലൂടെ ഒരു പുതിയ യാഥാർഥ്യബോധം നല്‍കുക എന്നതാണ്. അപ്പോള്‍ അത് പ്രാതിനിധ്യത്തെ തകര്‍ത്തുകൊണ്ട് Unrealism ആവുന്നു. 

 

നമ്മുടെ സിനിമകള്‍, ആര്‍ട്ട് സിനിമയായാലും, ‘രാഷ്ട്രീയ’ സിനിമയായാലും, മെയിന്‍സ്ട്രീം സിനിമയായാലും, ജീവിതത്തെ ഒപ്പിയെടുക്കാനാണ്, യാഥാർഥ്യത്തെ പച്ചയായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. (സിനിമയില്‍ ആ രീതിയിലുള്ള ഒപ്പിയെടുക്കൽ സാധ്യമല്ല എന്നത് മറ്റൊരു കാര്യം). നാം പൊതുവേ, സിനിമയെ യാഥാർഥ്യത്തിന്റെ കേവല പ്രതിഫലനം, അല്ലെങ്കില്‍ പ്രതിനിധാനം എന്ന രീതിയിലാണ് മനസ്സിലാക്കുന്നത്. യാഥാർഥ്യത്തിന്റെ ഇത്തരം പ്രതിനിധാനങ്ങളിലൂടെ, അഭിനയത്തിലൂടെ, ആഖ്യാനത്തിലൂടെ ഇത്തരം സിനിമകൾ നമ്മെ സിനിമയുമായി താദാത്മ്യപ്പെടുത്തുകയാണ്. സിനിമയില്‍ ആമഗ്നരാക്കുകയാണ്. ഇത് ബൂര്‍ഷ്വാ സിനിമയുടെ സാങ്കേതങ്ങളാണ് എന്നാണ് ഗൊദാര്‍ദും മറ്റും പറയുന്നത്. “The movie is not a thing which is taken by the camera; the movie is the reality of the movie moving from reality to the camera” എന്ന് ഗൊദാര്‍ദ്. അഭിനയം, ഫിക്ഷന്‍, നാടകീയത മുതലായ കാര്യങ്ങളെ ജനങ്ങള്‍ക്ക് നല്‍കുന്ന കറുപ്പ് ആയാണ് സിഗാ വര്‍തോവ് കണ്ടത്. "കല കണ്ണാടിയല്ല... അത് പ്രതിഫലിപ്പിക്കുന്നില്ല, അത് രൂപപ്പെടുത്തുന്നു" എന്ന് ബര്‍തോള്‍ഡ് ബ്രഹത്ത്. “കല യാഥാർഥ്യത്തിൽ നിന്ന് രണ്ടുതവണ അകന്നു നില്‍ക്കുന്നു” എന്ന് പ്ലാറ്റോ. “നാം കാണുന്ന എല്ലാ ദൃശ്യങ്ങള്‍ക്കും പിന്നിൽ യാഥാർഥ്യത്തോട് കൂടുതൽ വിശ്വസ്തമായ മറ്റൊരു ദൃശ്യമുണ്ട്, ആ ദൃശ്യത്തിനു പിന്നിൽ മറ്റൊന്നുണ്ട്, അവസാനത്തേതിന് പിന്നിൽ മറ്റൊന്നുണ്ട് “ എന്ന് ഫെല്ലിനി. എന്നാല്‍ നാം സിനിമയും ജീവിതവും ഒരുപോലെയായാണ് അല്ലെങ്കിൽ സിനിമ ജീവിതം തന്നെയാണ് എന്ന് വിശ്വസിക്കുന്നു. തത്ഫലമായി നാം സ്‌ക്രീനിലേക്ക് പണം വാരി എറിയുന്നു, ഒരു സൂപ്പർ സ്റ്റാർ മരിക്കുമ്പോൾ ആത്മഹത്യ ചെയ്യുന്നു. 

 

സിനിമയുടെ സാങ്കേതിക പ്രക്രിയ സൊകുറോവ് രഹസ്യമായി സൂക്ഷിക്കുകയാണ്. "ഇത് ഞങ്ങളുടെ ടീമിന്റെ പ്രഫഷനൽ രഹസ്യമാണ് “ – അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞു. കൃത്രിമ ബുദ്ധിയുടെ ഉപയോഗത്തിലൂടെ പ്രശസ്തരായ ആളുകളെ Lip-sync ചെയ്തോ, അല്ലെങ്കില്‍, അഭിനേതാക്കളുടെ മുഖചലനങ്ങളിൽ പ്രശസ്തരുടെ സവിശേഷതകൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന നൂറുകണക്കിന് വീഡിയോകൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ടല്ലോ. ഇതിലൂടെ അവരെ ഹാസ്യാത്മകമാക്കുകയോ, പരിഹസിക്കുകയോ അല്ലെങ്കില്‍ ഇതിന് ജനപ്രിയ ഗാനം ഉപയോഗിക്കുകയോ ചെയ്യുന്നുണ്ടല്ലോ. തന്റെ സിനിമയില്‍ ഡീപ്‌ഫേക്ക് അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ ഉപയോഗം സൊക്കുറോവ് നിഷേധിക്കുന്നു. “ഈ സിനിമയില്‍ ഡീപ്‌ഫേക്ക് അവലംബിക്കാനുള്ള ആശയം ഞാൻ ഒരിക്കലും പരിഗണിച്ചിട്ടില്ല. കഴിയുന്നത്ര ആധികാരികത നൽകുകയെന്ന ഉദ്ദേശ്യമായിരുന്നു ഇതിനു പിന്നില്‍. ആയിരക്കണക്കിന് ആർക്കൈവ് ദൃശ്യങ്ങളിലൂടെ കടന്നുപോയി, സൂക്ഷ്മതയോടെ, കഠിനവും കര്‍ശനവുമായി സൃഷ്ടിച്ച (manual work) രൂപമാണിത് ”. സാങ്കേതികവിദ്യ എന്തുതന്നെ ആയാലും, ഇത് വളരെ പുതുമയുള്ളതും പ്രേക്ഷകരില്‍ താത്പര്യം ഉണ്ടാക്കുന്നതുമാണ്‌. ഈ രീതിയിലുള്ള പുതിയ സങ്കേതങ്ങളിലൂടെ സൊക്കുറോവ് സിനിമയുടെ അതിരുകൾ വികസിപ്പിക്കുന്നു. 

 

ഇവിടെ അഭിനേതാക്കള്‍ ചരിത്ര പുരുഷന്മാരായി അഭിനയിക്കുന്നില്ല. ചരിത്ര പുരുഷന്മാരെ അഭിനേതാക്കളെ പോലെ സംവിധാനം ചെയ്യുന്നു എന്നുപറയാം. കഥാപാത്രങ്ങള്‍ക്ക് സംഭാഷണങ്ങള്‍ ഡബ്ബ് ചെയ്തിട്ടുണ്ടെങ്കിലും കഥാപാത്രങ്ങളുടെ ചുണ്ടുകളുടെ ചലനങ്ങൾ ആനിമേറ്റു ചെയ്‌തതിനാൽ പൂർണ്ണമായും സ്വാഭാവികമല്ലെന്ന് തോന്നും. ജീവനുള്ളതുപോലെ അനുഭവപ്പെടുന്ന കഥാപാത്രങ്ങൾ പാവകളെപ്പോലെ അവരുടെ ചുണ്ടുകൾ ചലിപ്പിക്കുന്നത് കാണുമ്പോൾ യക്ഷിക്കഥയിലെ ഇരുണ്ടതും ഭയാനകവുമായ അന്തരീക്ഷം, അല്ലെങ്കില്‍ പാവ നാടകത്തിന് സാക്ഷ്യം വഹിക്കുന്ന പ്രതീതിയാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. 

 

നമ്മുടെ സാധാരണ ബയോപ്പിക്കുകള്‍ അവയ്ക്ക് ആധാരമായ വ്യക്തിയുടെ രൂപ സാദൃശ്യമുള്ള നടനെ / നടിയെ തേടിപ്പിടിച്ച് ആ വ്യക്തിയുടെ അംഗചലനങ്ങൾ വരെ വളരെ യഥാതഥമായി അവതരിപ്പിക്കുന്നു. പി. കുഞ്ഞിരാമന്‍ നായരെ കുറിച്ചുള്ള സിനിമയിൽ അദ്ദേഹം ഏതുതരത്തിലുള്ള കണ്ണടയാണ്, ഏതു ഫൗണ്ടന്‍ പേനയാണ് ഉപയോഗിച്ചിരുന്നത്, സൈക്കിളിന്റെയും ബീഡിയുടെയും ബ്രാന്‍ഡ് ഏതായിരുന്നു എന്നൊക്കെ കണ്ടെത്തി സിനിമയില്‍ ഉപയോഗിക്കുന്നു. അതുപോലെ മാധവിക്കുട്ടിയുടെ കണ്ണട, അഴിച്ചിട്ട തലമുടി, കുപ്പിവള, പുള്ളി ബ്ലൌസ്, കടും നിറത്തിലുള്ള സാരി എന്നിവ അതുപോലെ സൃഷ്ടിക്കാനാണ് ശ്രമം. കുമാരനാശാനെ കുറിച്ചുള്ള സിനിമയിലും സംവിധായകന്റെ സമീപനം സമാനമാണ്. മേക്കപ്പ്, സെറ്റ്, വസ്ത്രം, ഹെയർ സ്റ്റൈൽ എന്നിവയെ കുറിച്ച് റിസേര്‍ച്ച് ചെയ്യുന്നു. കഥാപാത്രമായി മാറാൻ വന്‍ തയ്യാറെടുപ്പുകൾ– ശരീര ഭാരം കുറയ്ക്കൽ / കൂട്ടല്‍, മാനറിസം പഠിക്കല്‍, ഉച്ചാരണം പഠിക്കാനായി ശ്രമകരമായ ഗൃഹപാഠം, മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന മേക്കപ്പ്– കഥാപാത്രമായി ജീവിക്കാനുള്ള ശ്രമങ്ങൾ ഇപ്രകാരം നീളുന്നു. ഇവിടെയാണ് സൊക്കുറോവിന്റെ സിനിമ വ്യത്യസ്തമാകുന്നത്. അദ്ദേഹം ചരിത്ര പുരുഷന്മാരെ നടന്മാരെക്കൊണ്ട് അഭിനയിപ്പിക്കുന്നില്ല. 

 

മറ്റൊന്ന്, ഈ സിനിമയ്ക്കായി സൊക്കുറോവ് പുതുതായൊന്നും ചിത്രീകരിച്ചില്ല. ഇന്ന് പുതുതായി ഒന്നും ചിത്രീകരിക്കാതെ സിനിമയുണ്ടാക്കാം. പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഴാന്‍-ലുക് ഗൊദാര്‍ദ് ഒരു സിനിമയുണ്ടാക്കിയത് ഒന്നും ചിത്രീകരിക്കാതെയാണ്. ലഭ്യമായ ആര്‍ക്കൈവല്‍ ഫൂട്ടേജുകള്‍ എഡിറ്റ് ചെയ്താണ് അദ്ദേഹം ആ സിനിമയുണ്ടാക്കിയത് (സിനിമ History of Cinema ആണെന്നു തോന്നുന്നു). ഇതേക്കുറിച്ച് അദ്ദേഹം ഇപ്രകാരം പറയുകയുണ്ടായി: “എഡിറ്റിങ്ങിന്റെ കാര്യം വരുമ്പോൾ, കാൻ മേളയുടെ പ്രസിഡന്റ് തന്റെ പദവിയിൽ കണ്ടതിലും കൂടുതൽ സിനിമകൾ നാല് വർഷത്തിനുള്ളിൽ ഞാൻ കണ്ടു. ഞാൻ കണ്ട എല്ലാ സിനിമകളിലെയും ചില ചിത്രങ്ങളും ശബ്ദങ്ങളും എന്റെ ഒരു സിനിമയിൽ ശരിക്കും അർഥപൂർണ്ണമാകുമോ എന്നാണ് ഞാൻ നോക്കിയത് “. നവ മാധ്യമ ചിന്തകനായ ലേവ് മാനോവിച്ച് (Lev Manovich) ഡേറ്റാബേസ് സിനിമയെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഇവിടെ ലഭ്യമായ ഒരു ശേഖരത്തില്‍നിന്ന് ആവശ്യമുള്ള ദൃശ്യങ്ങൾ തിരഞ്ഞെടുത്ത് എഡിറ്റ് ചെയ്ത് സിനിമ ഉണ്ടാക്കുകയാണ്. 

 

നമ്മുടെ യുദ്ധ വിരുദ്ധ, ഫാഷിസ്റ്റ് വിരുദ്ധ സിനിമകളെ കുറിച്ച് പര്യാലോചിക്കാന്‍ ഈ സിനിമ അവസരമൊരുക്കുന്നു. സംവിധായകര്‍ ഈ സിനിമകളെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രീതിയിൽ സ്പെക്റ്റാക്കിള്‍ ആക്കുകയാണ്. ഇവയൊക്കെയും യാഥാര്‍ത്ഥ്യത്തിന്റെ പകര്‍പ്പ് എന്ന രീതിയിൽ അവതരിപ്പിച്ചുകൊണ്ട് നമ്മെ ത്രില്ലടിപ്പിക്കുകയും സിനിമയുമായും, ഹീറോയിസവുമായും താദാത്മ്യപ്പെടുത്തുകയാണ്. ഇത്തരം സിനിമകളില്‍ ക്രൂരത സാങ്കേതികത്തികവോടെ സൗന്ദര്യത്തികവോടെയാണ് ചിത്രീകരിക്കുക. സൈനികന്റെ പോരാട്ട വൈദഗ്ധ്യം ത്രില്ലടിപ്പിക്കുന്നു. കൊള്ള, ബലാല്‍സംഗം, മരണത്തിന്റെയും കൂട്ടക്കൊലയുടെയും ദൃശ്യങ്ങള്‍ നമ്മെ യുദ്ധത്തിൽ താത്പര്യം ഉണര്‍ത്തിക്കുന്നു. യുദ്ധ വാര്‍ത്തകളെ ടിവിയിൽ അവതരിപ്പിക്കുന്നതും സമാന രീതിയിലാണ്. “There is no such thing as anti-war film” എന്ന് ത്രൂഫോ പറയുകയുണ്ടായി. “യുദ്ധത്തെക്കുറിച്ചുള്ള എല്ലാ സിനിമകളും യുദ്ധത്തിന് അനുകൂലമായാണ് അവസാനിക്കുന്നത് . ഈ രീതിയില്‍ എന്തെങ്കിലും കാണിക്കുക എന്നാൽ അതിനെ ശ്രേഷ്ഠമാക്കുക എന്ന് അര്‍ത്ഥം” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്ഷൻ സീക്വൻസുകളിൽ നിന്ന് പ്രേക്ഷകർക്ക് ഒരു കിക്ക് ലഭിക്കുകയല്ല വേണ്ടത്, മറിച്ച്, “പ്രേക്ഷകര്‍ യുദ്ധവിരുദ്ധ നിലപാട് സ്വീകരിക്കുന്നതിന്, ഒരു സിനിമ യുദ്ധത്തെ ഫലപ്രദമല്ലാത്തതും ധാർമികമായി തെറ്റായതും അത് അംഗീകരിക്കുന്ന സൈനികനും സാധാരണക്കാരനും സമൂഹത്തിനും വിനാശകരവും മാത്രമല്ല, പോരാട്ടത്തിലെ മരണത്തെ അർഥശൂന്യവും തീർത്തും വീണ്ടെടുക്കപ്പെടാത്തതുമായി കാണിക്കേണ്ടതുണ്ട്’’ എന്നാണ് ഇതേക്കുറിച്ച് ഒരു പഠിതാവ് പറയുന്നത്. 

 

കോളജ് കാലം മുതൽ സൊക്കുറോവ് ചരിത്രത്തിൽ ആകൃഷ്ടനായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ബിരുദം ചരിത്രത്തിലായിരുന്നു. അതുകൊണ്ടുതന്നെ, ചരിത്രത്തിന്റെ സ്വാധീനം അദ്ദേഹത്തില്‍ വളരെ ശക്തമായിരുന്നു. അതിനാൽ ഹിറ്റ്‌ലർ, ലെനിൻ, ജാപ്പനീസ് ചക്രവർത്തി ഹിരോഹിതോ തുടങ്ങിയ ചരിത്രപുരുഷന്മാരെ അദ്ദേഹം സിനിമയില്‍ അവതരിപ്പിച്ചു. “മനുഷ്യനോടുള്ള ക്രൂരത എന്നെ വളരെയധികം വിഷമിപ്പിക്കുന്ന ഒന്നാണ്. ഇത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നു” - ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, 

 

അദ്ദേഹത്തിന്റെ Tetralogy of Power സീരീസിലെ Moloch (1999) എന്ന സിനിമ ഹിറ്റ്ലറെ കുറിച്ചായിരുന്നു. The Sun (2005) എന്ന സിനിമ ഹിരോഹിതോ ചക്രവര്‍ത്തിയെ കുറിച്ചും Taurus (2000) എന്ന സിനിമ ലെനിനെ കുറിച്ചും Faust (2011) എന്ന സിനിമ ഫോസ്റ്റ് എന്ന ഇതിഹാസ കഥാപാത്രത്തെയും ഗോയ്ഥെയുടേയും തോമസ്‌ മന്നിന്റെയും നോവലുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. The Soviet Elegy (1989) എന്ന പേരില്‍ യെല്‍സിനെ കുറിച്ച് സൊക്കുറോവ് ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. 

 

കാന്‍ മേളയിൽ ഫെയറിടെയിൽ പ്രദർശിപ്പിക്കുമെന്ന് സൊക്കുറോവ് ആദ്യം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അധികൃതർ സിനിമ തിരഞ്ഞെടുത്തില്ല. പ്രദര്‍ശനത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അധികൃതർ പ്രദര്‍ശനം റദ്ദാക്കി. “കാൻ ഈ സിനിമയെ ഭയപ്പെട്ടിരുന്നതായി എനിക്ക് തോന്നുന്നു. ഈ സാഹചര്യം എന്നെ അത്ഭുതപ്പെടുത്തിയില്ല, കാരണം എന്റെ മുൻ സിനിമയായ ഫ്രാങ്കോഫോണിയയ്ക്കും (Francofonia) ഇതേ വിധിയായിരുന്നു. അതൊരു വിചിത്രമായ സ്ഥലമാണ്. എനിക്കറിയാം, കാന്‍ മേളയുടെ അധികൃതര്‍ക്ക് എന്നെ ഇഷ്ടമല്ല, ഒരു സംവിധായകന്‍ എന്ന നിലയിലും ഒരു റഷ്യക്കാരന്‍ എന്ന നിലയിലും. അല്ല, തിരിച്ചും ആവാം” – അദ്ദേഹം ഒരഭിമുഖത്തില്‍ ഇപ്രകാരം പറയുകയുണ്ടായി. 

 

മറ്റു പല ചലച്ചിത്രകാരന്മാരെയും പോലെ സൊക്കുറോവും അധികാരികളുടെ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് നടുവിൽ നിന്നുകൊണ്ടാണ് സിനിമകള്‍ സംവിധാനം ചെയ്തത്. റഷ്യയുടെ സാംസ്കാരിക മന്ത്രാലയവുമായുള്ള ഭിന്നിപ്പിനെ തുടര്‍ന്ന് അദ്ദേഹം തന്റെ ഫിലിം ഫൗണ്ടേഷന്‍ അടച്ചുപൂട്ടി. ഈ തീരുമാനത്തിന് പിന്നിൽ മന്ത്രാലയത്തിന്റെ "സൗഹൃദമില്ലായ്മയും ആക്രമണാത്മകതയും" ആയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമാ നിർമ്മാണ വ്യവസായത്തിൽ ആദ്യ ചുവടുകൾ വയ്ക്കുന്ന യുവ പ്രതിഭകളെ പിന്തുണയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 2013-ൽ അദ്ദേഹം ഈ ഫൗണ്ടേഷൻ സ്ഥാപിച്ചത്. 

 

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനാണ് സൊക്കുറോവ്. റഷ്യൻ സർക്കാരിനെ വിമര്‍ശിക്കുന്നതിന് പ്രതികാരമായി തന്റെ സ്ഥാപനത്തെ തകർക്കാനുള്ള സാധ്യത അദ്ദേഹം ഒരഭിമുഖത്തിൽ പറയുകയുണ്ടായി. പുട്ടിന്റെ റഷ്യയെ നിശിതമായി വിമർശിച്ച മറ്റൊരു പ്രമുഖ സംവിധായകൻ അഴിമതി ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് സൊക്കുറോവിന്റെ ഫൗണ്ടേഷനിലെ അന്വേഷണം. എന്നാൽ "ഒരു തെറ്റും കണ്ടെത്തിയിട്ടില്ല" എന്ന പോലീസ് പ്രസ്താവനയോടെയാണ് അന്വേഷണം അവസാനിച്ചത്. കാന്‍ മേളയിൽ പ്രദര്‍ശിപ്പിക്കപ്പെട്ട ലെറ്റോ (Leto) എന്ന സിനിമയുടെ സംവിധായകൻ കിറിൽ സെറെബ്രെന്നിക്കോവ് (Kirill Serebrennikov) 2017 ഓഗസ്റ്റ് മുതൽ വീട്ടുതടങ്കലിലാണ്. 2015-ൽ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതിന് ശിക്ഷിക്കപ്പെട്ട് വിചാരണയ്ക്ക് ശേഷം 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട യുക്രെയ്നിയൻ സംവിധായകൻ ഒലെഗ് സെൻസോവിന്റെ (Oleg Sentsov) തടവിന്റെ വിമർശകനായിരുന്നു സൊക്കുറോവ്. 

 

സൊക്കുറോവിന്റെ ആദ്യ ഫീച്ചർ സിനിമയായ "ദ് ലോൺലി വോയ്‌സ് ഓഫ് മാൻ" (The Lonely Voice of Man, 1978) അധികൃതര്‍ ബാൻ ചെയ്തു. (1987-ൽ ഗ്ലാസ്നോസ്ത് കാലത്താണ് സിനിമ റിലീസ് ചെയ്തത്). നശിപ്പിക്കാനായി റഷ്യൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് സിനിമാട്ടോഗ്രാഫിയിൽ സൂക്ഷിച്ചിരുന്ന സിനിമയുടെ പ്രിന്റ്‌ മോഷ്ടിച്ച് അവിടെ മറ്റേതോ സിനിമയുടെ പ്രിന്റ്‌ അദ്ദേഹം പകരം വയ്ക്കുകയുണ്ടായത്രേ. ആന്ദ്രേ തർക്കോവ്‌സ്‌കിയിൽ നിന്നുള്ള ധാർമ്മിക പിന്തുണ ആശ്വാസകരമായിരുന്നു, എന്നിട്ടും മിഖായേൽ ഗോർബച്ചേവ് അധികാരത്തിൽ വരുന്നത് വരെ സൊക്കുറോവ് വർഷങ്ങളോളം നിരീക്ഷണത്തിലായിരുന്നു. റഷ്യൻ രാഷ്ട്രീയത്തിലെയും സ്റ്റേറ്റ് ടെലിവിഷനിലെയും സെൻസർഷിപ്പിനെയും വിമർശിച്ചുകൊണ്ട് പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഒരു തുറന്ന കത്ത് സൊക്കുറോവ് എഴുതുകയുണ്ടായി. ഈ കത്തില്‍ അദ്ദേഹം സമകാലിക റഷ്യൻ രാഷ്ട്രീയത്തിലെ അസഹിഷ്ണുതയുടെ കാലാവസ്ഥയെ അപലപിക്കുന്നു. യുക്രെയ്ന്‍ യുദ്ധത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സൊക്കുറോവിന് റഷ്യ വിടാനുള്ള അനുമതി നിഷേധിക്കപ്പെട്ടു.  

 

“ഭാവിയിൽ ഇത്തരമൊരു അപ്പീൽ നൽകാൻ സാധ്യതയില്ലെന്ന് ഞാൻ ഭയപ്പെടുന്നു. ഈ രാഷ്ട്രീയ പോരാട്ടം ശരിക്കും ഭാരിച്ചതും കഠിനവുമാണ്. ഇപ്പോൾ അധികാരത്തിലുള്ള വളരെ സമ്പന്നരായ ചെറിയ കൂട്ടം ആളുകൾ ഒരു തുറന്ന സമൂഹം നിലനിൽക്കാൻ അനുവദിക്കില്ലെന്ന് ഞാൻ ഭയപ്പെടുന്നു. അത് തുറന്നിരുന്നെങ്കിൽ, അവരുടെ കൃത്രിമത്വങ്ങളും കാര്യങ്ങളും സമൂഹത്തിൽ നന്നായി അറിയപ്പെടും. സ്ഥിതി മാറാൻ വളരെയധികം സമയമെടുക്കും. ഒരു വശത്ത്‌ പുട്ടിന്റെ റേറ്റിങ് ഉയരുന്നത് നാം കാണുന്നു: ഉദാഹരണത്തിന്, സ്റ്റാലിനേക്കാൾ ആളുകൾക്ക് അദ്ദേഹത്തെ ഇഷ്ടമാണെന്ന് തോന്നുന്നു. മറുവശത്ത്, അങ്ങനെയല്ല, അവിടെ പ്രതിഷേധങ്ങളും അപ്പീലുകളും കത്തുകളും പ്രതിഷേധങ്ങളും കാണാം”. 

 

റഷ്യയില്‍ നിന്ന് മാത്രമല്ല, ഇന്ത്യയിൽ നിന്നും സൊക്കുറോവിന് വിമര്‍ശനങ്ങൾ നേരിടേണ്ടി വന്നു. 2001-ൽ ബംഗാൾ സിപിഎം നേതാക്കളായ ജ്യോതി ബസുവും ബിമൻ ബോസും സിനിമയിൽ ലെനിനെ മോശമായി ചിത്രീകരിച്ചതിന് സൊക്കുറോവിനെതിരെ ആഞ്ഞടിക്കുകയും സിനിമ പൊതുജനങ്ങൾക്കായി പ്രദര്‍ശിപ്പിച്ചതിന് കല്‍ക്കട്ട മേളയുടെ കമ്മിറ്റിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സിനിമ ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നു എന്നതാണ് വിമര്‍ശനത്തിന്റെ അടിസ്ഥാനം. ഒരു ഐഎഫ്എഫ്കെയുടെ സമാപന ചടങ്ങിൽ സൊക്കുറോവിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ച ചടങ്ങിൽ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന തോമസ്‌ ഐസക് സൊക്കുറോവിനോട് ക്ഷമാപണം നടത്തി. സൊക്കുറോവ് വേദിയിൽ ഇരിക്കുമ്പോൾ, ഐസക്ക് തന്റെ ഇംഗ്ലിഷ് പ്രസംഗത്തിനിടെ, തന്റെ ക്ഷമാപണം സൊക്കുറോവിനോട്‌ പറഞ്ഞതായി ഉറപ്പാക്കാൻ വിവർത്തകനോട് ആവശ്യപ്പെട്ടു. 

 

എന്തുകൊണ്ടാണ് താങ്കള്‍ നിരന്തരം ചരിത്ര പുരുഷന്മാരിലേക്ക് പോവുന്നത് എന്ന ചോദ്യത്തിന് സൊക്കുറോവ് ഇപ്രകാരം മറുപടി പറഞ്ഞു: “എന്റെ വ്യക്തിപരമായ അനുഭവത്തിൽ നിന്ന് ഞാൻ പറയാം, ഞാന്‍ നിരവധി തവണ യെൽസിനെ കണ്ടുമുട്ടി. യെൽസിനെ നിരീക്ഷിച്ചതിൽ നിന്നും ഹിരോഹിതോ, ലെനിൻ, ഹിറ്റ്‌ലർ തുടങ്ങിയ ചരിത്രപുരുഷന്മാരെക്കുറിച്ച് പഠിച്ചതിൽ നിന്നും, അവർ ലോകത്തിലെ ഏറ്റവും അസ്വതന്ത്രരായ ആളുകളാണെന്ന് എനിക്ക് പറയാൻ കഴിയും. അവർക്ക് ഒട്ടും സ്വാതന്ത്ര്യമില്ല. അമേരിക്കൻ പ്രസിഡന്റ് വ്യവസ്ഥിതിയുടെ അടിമയാണ്. സ്വന്തം ഇഷ്ടങ്ങൾ പിന്തുടരാൻ അയാൾക്ക് പൂർണ്ണമായും കഴിയുന്നില്ല. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താൻ കഴിയുമെങ്കിലും, അദ്ദേഹം ഈ വ്യവസ്ഥിതിയുടെ അടിമയാണെന്ന് നമുക്ക് അറിയാം. അധികാരത്തിലുള്ള ആളുകൾക്കെല്ലാം ഒരു ഭയമുണ്ട്, നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന ഏറ്റവും ഭയാനകമായ അവസ്ഥയാണിത്: നാളെ എന്താണ് സംഭവിക്കുക? എല്ലാ രാത്രിയിലും അവർ ഈ പേടിയുമായി ഉറങ്ങുകയാണ്, ഈ പേടിസ്വപ്നത്തോടെ അവർ ഉണരും. അവസരം വന്നാല്‍ ഞാന്‍ പുട്ടിനെ കുറിച്ചും സിനിമയുണ്ടാക്കും”. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com