ADVERTISEMENT

‘ക ഖ ഗ ഘ  ങ’,  ‘അവനോവിലോന’  മുതലായ സിനിമകള്‍ സംവിധാനം ചെയ്ത ഷെറിയുടെ അസോഷ്യേറ്റായി പ്രവര്‍ത്തിച്ച അര്‍ജുൻ  സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്  ‘വിമോചന സംഭാഷണങ്ങള്‍’. അര്‍ജുൻ  സിനിമയെക്കുറിച്ച് എഴുതാറുമുണ്ട്.  ഇറ്റലിയിൽ  നിന്ന്  വളരെക്കാലം മുമ്പ് കണ്ണൂരിലെ ചെറുകുന്ന് ഭാഗത്ത് വന്ന് അവിടെ താഴേക്കിടയിലുള്ള മനുഷ്യര്‍ക്കിടയിൽ പ്രവര്‍ത്തിച്ച്‌  അവിടെത്തന്നെ മരിച്ച ഫാദർ  കൈറോണിയുടെ ജീവിതമാണ് അര്‍ജുൻ  അന്വേഷിക്കുന്നത്.  അച്ചനെക്കുറിച്ച് ലിഖിത ചരിത്രം ഒന്നുംതന്നെ ഇല്ല. പള്ളിയുടെ പക്കലും  കാര്യമായ ഒരു വിവരവും ഇല്ല.  അപ്പോള്‍ എങ്ങിനെയാണ് അദ്ദേഹത്തെക്കുറിച്ച് ഒരു സിനിമ ഉണ്ടാക്കുക? ആ വെല്ലുവിളി ഏറ്റെടുക്കുകയാണ് സംവിധായകന്‍. 

 

ആ പ്രദേശത്തുള്ള സാധാരണ മനുഷ്യരുടെ ഓര്‍മയെയാണ് സംവിധായകൻ ഇതിനായി അവലംബിക്കുന്നത്. സിനിമ എന്ന മാധ്യമം ഓര്‍മയാണ്, അത് ചരിത്രവുമാണ്. ഒരാളുടെ, അല്ലെങ്കില്‍ വസ്തുവിന്റെ ഫോട്ടോ എടുത്ത നിമിഷം അത് ഓര്‍മ്മയും ചരിത്രവുമായിതീരുന്നു. സിനിമയില്‍ അത് ചലിക്കുന്ന ഓര്‍മകളും ചലിക്കുന്ന ചരിത്രവും ആവുന്നു. പ്രേക്ഷകര്‍  സ്ക്രീനിൽ കാണുന്നത് മുമ്പ് ചിത്രീകരിച്ചതും എഡിറ്റ് ചെയ്തതുമാണ്. ഈ രീതിയിൽ,  സിനിമയിലെ സംഭവങ്ങൾ എല്ലായ്പ്പോഴും ഭൂതകാലത്തിൽ ദൃഢമായി വേരൂന്നിയതാണ്. സിനിമ മനുഷ്യസ്മരണയെ അതുല്യമായി പകർത്തുന്നു എന്നാണ് ഒരു പഠിതാവ് അഭിപ്രായപ്പെടുന്നത്.  “In many ways, film resembles memory, with the director and editor taking the roles of our unconscious brain processes in selecting, focusing, and editing footage” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ‘വിമോചന സംഭാഷണങ്ങള്‍’ എന്ന സിനിമയില്‍ സംവിധായകൻ  കൈകാര്യം ചെയ്യുന്നത് ഓര്‍മയും ചരിത്രവുമാണ്, സിനിമയുടെ അടിസ്ഥാന  സ്വഭാവങ്ങള്‍. 

 

സഞ്ചിത സ്മരണകള്‍  (Collective memory) എന്നത് ഒരു സമൂഹത്തിന്റെ  ഓർമകൾ, അറിവുകൾ, വിവരങ്ങൾ എന്നിവയുടെ പങ്കിട്ട ശേഖരത്തെ സൂചിപ്പിക്കുന്നു. വലിയതും ചെറുതുമായ സാമൂഹിക വിഭാഗങ്ങള്‍ക്ക് കൂട്ടായ ഓര്‍മ്മകൾ നിർമ്മിക്കാനും പങ്കിടാനും കൈമാറാനും കഴിയും. ഇതില്‍ രാജ്യങ്ങൾ, തലമുറകൾ, വംശം  എന്നിവ ഉൾപ്പെടാം. 

 

എണ്‍പത്-തൊണ്ണൂറ് വയസ്സ് കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ഈ സിനിമയിൽ  സംസാരിക്കുന്നു. പ്രായം കാരണം അവര്‍ക്ക് അച്ചനെ ഓര്‍മ്മിച്ചെടുക്കാൻ പറ്റുന്നില്ല. പാവപ്പെട്ട മനുഷ്യരുടെ വാമൊഴിയിലാണ് അച്ചൻ നിലനില്‍ക്കുന്നത്. ഇവരുടെ ഓര്‍മകളിലൂടെ അച്ചനെ നെയ്തെടുക്കുകയാണ് സംവിധായകന്‍. അത് ഒരു ഹൈ ആംഗിളിൽ സംയോജിക്കുന്നില്ല, പല ദിശകളിലേക്ക് പരന്നൊഴുകുകയാണ്. 

 

rosa
റോസ ലൂക്കോസ്

വാമൊഴി പാരമ്പര്യത്തിന് നമ്മുടെ നാട്ടില്‍ വലിയ പ്രാധാന്യമുണ്ട്. വാമൊഴി  സംസ്കാരങ്ങൾക്ക് അതിന്റേതായ സവിശേഷതകളുണ്ട്. ഇന്ത്യയിൽ, ആയിരം വർഷത്തിലേറെയായി, വാമൊഴി പാരമ്പര്യം ആധിപത്യം പുലർത്തി. ഉദാഹരണത്തിന്, മഹാഭാരതം, ഇന്ന് നമുക്കറിയാവുന്ന രൂപത്തിൽ എഴുതപ്പെടുന്നതിന് മുമ്പ് ഒരു സഹസ്രാബ്ദത്തിലേറെയായി വാമൊഴിയിൽ   നിലനില്‍ക്കുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. അതുകൊണ്ടാണ് ഏ.കെ. രാമാനുജം പറയുന്നത്,  വായിച്ചില്ലെങ്കിലും ഇന്ത്യയില്‍ എല്ലാവര്‍ക്കും മഹാഹാഭാരതം അറിയാം. ഇതിലൂടെ അദ്ദേഹം ഇന്ത്യയിലെ വാമൊഴിയുടെയും വാമൊഴി പാരമ്പര്യങ്ങളുടെയും ശക്തിയെ ഊന്നിപ്പറയുന്നു. പഞ്ചതന്ത്ര കഥകളുടെയും ആയിരത്തൊന്ന് രാവുകളുടെയും ഘടനയും ഇതുപോലെയാണ്. കഥകള്‍ ഒന്നിനകത്ത് മറ്റൊന്നായി അടുക്കിവെച്ചതുപോലെ. വാമൊഴി  കഥപറച്ചിലിന്റെ  പാരമ്പര്യങ്ങളിൽ കാലത്തിന്റെ ചുരുക്കലും നീട്ടലും നടക്കുന്നത് ആവര്‍ത്തനത്തിലൂടെയാണ്. 

 

ഇതിനെ പ്രശസ്ത സാഹിത്യകാരന്‍ ഇറ്റാലോ കാല്‍വിനോ സംഗീതവുമായി ബന്ധിപ്പിക്കുന്നു, സംഗീതത്തിലെ ആവര്‍ത്തനം പകരുന്ന ആനന്ദം. കവിതയില്‍ താളം സൃഷ്ടിക്കാൻ പ്രാസങ്ങൾ സഹായിക്കുന്നതുപോലെ,  പാട്ടിൽ ചില സ്വരങ്ങള്‍ ആവര്‍ത്തിക്കുന്നതുപോലെ  അര്‍ജുൻ  സിനിമയിൽ  ചില ദൃശ്യങ്ങളും സംഭാഷണങ്ങളും സ്ഥലങ്ങളും ആവര്‍ത്തിക്കുന്നു. ചില ആളുകള്‍  സംസാരിക്കുമ്പോൾ ചില കാര്യങ്ങള്‍ മറന്നുപോവുന്നു, പിന്നീട് ആവര്‍ത്തിക്കുന്നു. ഇതിലൂടെയാണ് സിനിമയില്‍ വാമൊഴിയുടെ സംസ്കാരം കൊണ്ടുവരുന്നത്. വാമൊഴിയില്‍ സംഭവിക്കുന്ന മറ്റൊന്ന് സംഭവങ്ങള്‍ക്ക് യാഥാര്‍ഥ്യത്തിനും അപ്പുറം പോകുന്ന തലങ്ങള്‍, സര്‍റിയൽ  എന്നു പോലും പറയാവുന്ന തലങ്ങൾ  കൈവരുന്നു. ഈ സിനിമയിൽ  അത്തരം ധാരാളം  രാമര്‍ശങ്ങൾ കാണാം. 

varghese
വർഗീസ്

 

ഈ സിനിമയുടെ പ്രത്യേകത, അത് സാധാരണ രീതിയിലുള്ള ഒരു ബയോപ്പിക് അല്ല. സാധാരണ പോലെ ഒരാളെക്കൊണ്ട് അച്ചനായി അഭിനയിപ്പിക്കുന്നില്ല. ഒരാളുടെ ജീവിതം  സാധാരണ പോലെ ആദിമധ്യാന്തപ്പൊരുത്തത്തോടെ ആഖ്യാനം ചെയ്യുന്നുമില്ല. ഇവിടെ ആഖ്യാനം ഓര്‍മ്മകൾ പോലെ ശ്ലഥമാണ്. സിനിമയെ പല അദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. സാധാരണ ബയോപ്പിക്കില്‍ വ്യക്തിയിലൂടെ ചരിത്രം അവതരിപ്പിക്കുമ്പോൾ   ഇവിടെ ചരിത്രത്തില്‍ നിന്ന് വ്യക്തിയെ വരയ്ക്കുകയാണ്. സാധാരണ ബയോപ്പിക്കുകള്‍ വ്യക്തികളുടെ പ്രഭാവത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ അര്‍ജുൻ അച്ചന്റെ ആത്മീയതയിലാണ് ഊന്നുന്നത്, ഇത് ജീര്‍ണതയിലെ, മാലിന്യത്തിലെ ആത്മീയതയാണ്. ശവപ്പറമ്പ്, ജീര്‍ണത, അവശിഷ്ടങ്ങൾ, അഴുക്ക് എന്നിവയുടെ ദൃശ്യങ്ങള്‍  സിനിമയിൽ  ധാരാളമുണ്ട്. ജീര്‍ണതയും ആത്മീയതയും ആന്ദ്രേ താര്‍കോവസ്കിയുടെ സിനിമകളിലും ഒരു പ്രധാന വിഷയമാണ്. ഇക്കാര്യം പലരും പഠിച്ചിട്ടുണ്ട്. 

 

അച്ചന്റെ ജീവിതം അടിസ്ഥാനമാക്കാനായി ആ രീതിയില്‍ ഫോട്ടോകൾ പോലും ഇല്ല. ആകെ ഉള്ളത് ഒരു ഫോട്ടോ മാത്രമാണ്. മറ്റു പല മിഷനറിമാരും സ്വയം ഫോട്ടോയെടുത്തപ്പോൾ അച്ചന്‍ ഫോട്ടോ എടുക്കുന്നതില്‍ വിമുഖനായിരുന്നു. കര്‍മ്മത്തിന് പ്രാധാന്യം കൊടുത്ത അച്ചൻ  പാർശ്വവത്കരിക്കപ്പെട്ടവരുടെ ഇടയിൽ, അഴുക്കില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കിടയിൽ അന്ത്യശ്വാസം വലിക്കാൻ ആഗ്രഹിച്ചു.  ഇത് അദ്ദേഹത്തെ ഒരു വലിയ മിഷനറിയായി മാറ്റുന്നു. അദ്ദേഹത്തിന്  ഇറ്റലിയിൽ ആഡംബരത്തിൽ രാജകീയമായി മരിക്കാമായിരുന്നു. അച്ചൻ പ്രവര്‍ത്തിയിലൂടെ വലിയൊരു സാമൂഹിക വിപ്ലവം നടത്തി. 1966 മെയ് 25-ന് അദ്ദേഹം അന്തരിച്ചു. 

 

ഒരു പുരാവസ്തു ഗവേഷകന്റെയോ, നരവംശശാസ്ത്രജ്ഞന്റെയോ ഭൂമികയാണ് ഈ സിനിമയിൽ സംവിധായകന്റേത്. സംവിധായകന്‍ അച്ചന്റെ ജീവിതം ഖനനം ചെയ്യുകയാണ്. അപ്പോള്‍  അധികമൊന്നും അറിയപ്പെടാത്ത ഈ പ്രദേശത്തിന്റെ ചരിത്രാവഷിഷ്ടങ്ങള്‍ നമ്മുടെ മുന്നിൽ  തെളിഞ്ഞുവരുന്നു. അടിമത്തത്തിന്റെയും അടിമ വ്യാപാരത്തിന്റെയും ഭൂതകാലങ്ങള്‍. ഏകദേശം ഒന്നര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചിറക്കൽ  നാട്ടില്‍  കീഴ്ജാതികളെ കൂടാതെ വയനാട്ടിൽ നിന്നും  കര്‍ണാടകയിൽ  നിന്നും  കടത്തിക്കൊണ്ടുവന്ന അടിമകളുടെ ക്രയവിക്രയം നടന്നിരുന്നു. മാടായിപ്പാറയുടെ സമീപത്തുള്ള അടിമക്കല്ല് ഇതിന്റെ സ്മാരകമായി നിലകൊള്ളുന്നു. ജന്മിമാരും മറ്റും കച്ചവടത്തിനായി ഇവിടെ അടിമകളെ കൊണ്ടുവന്നു.  ഓരോ വര്‍ഷവും പൂരം ഉത്സവം അവസാനിക്കുന്ന സമയത്ത് ഇവിടെ അടിമക്കച്ചവടത്തിന്റെ ഓര്‍മകൾ  പ്രതീകാത്മകമായി പുതുക്കുന്നു.  മുന്‍ ചിറക്കൽ കോവിലകത്തിന് കീഴില്‍ ഉണ്ടായിരുന്ന ഈ പ്രദേശങ്ങളില്‍  അടിമകളായി വില്‍ക്കപ്പെട്ടവരുടെ സന്തതി പരമ്പരകൾ വടുകുന്ന് ശിവക്ഷേത്രത്തില്‍ കുളിച്ചു തൊഴുത്‌ ഇവിടെ വന്ന്  ക്ഷേത്ര സ്ഥാനീയയുടെ സാന്നിധ്യത്തില്‍ അവിടെയുള്ള അടിമക്കല്ലിനെ വണങ്ങുന്ന ആചാരം ഇന്നും ഉണ്ട്. തുടര്‍ന്ന് ഇവർ  ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ നിന്ന് ദേവിയെ തൊഴുത് തിരിച്ചുപോവുന്നു.  അടുത്തുള്ള ചെമ്പക മരത്തിന്റെ കീഴില്‍ വച്ചാണ് അടിമ വ്യാപാരം നടന്നിരുന്നത്. രണ്ടോ മൂന്നോ നൂറ്റാണ്ട് പഴക്കമുള്ള ചെമ്പകം എല്ലാത്തിനും സാക്ഷി.  

 

ഒരു സ്ഥലം കേവലം ഒരു സ്ഥലമോ ഭൂപ്രദേശമോ അല്ല. അതിന് പല തരത്തിലുള്ള മാനങ്ങൾ   ഉണ്ട്. പുരാവസ്തു ഗവേഷകര്‍ ഭൂമി കുഴിച്ച് പലതിന്റെയും അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നത് കണ്ടിട്ടില്ലേ. പ്രശസ്ത ചിന്തകനായ ദെല്യൂസ് പ്രകൃതിയ്ക്ക് രാഷ്ട്രീയ അര്‍ത്ഥങ്ങൾ  ഉണ്ടെന്ന് പറയുന്നു.  സിനിമാട്ടോഗ്രാഫിക് ഇമേജിന് അകത്തുള്ള ചരിത്രം, സ്ഥലത്തിന്റെ ചരിത്രവല്‍ക്കരണം  എന്നൊക്കെയുള്ള ആശയം അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. Statigraphic, empty and lacunary എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ഈ പ്രകൃതി  ഭൂമിക്ക് അടിയില്‍  കുഴിച്ചുമൂടപ്പെട്ടതിനെ സൂചിപ്പിക്കുന്നു. ഈ സിനിമയിലെ അടിമക്കല്ല്, പഴയ കിണര്‍, താര്‍ റോഡുകളായി മാറിയ  നാട്ടുവഴികള്‍ എന്നിവ  അത്തരം ചരിത്ര സ്മരണകൾ ഉണര്‍ത്തുന്നു. റോഡിലൂടെ കാറ് ഓടിച്ചു പോവുന്ന ധാരാളം ദൃശ്യങ്ങള്‍ സിനിമയില്‍ ഉണ്ട്. പണ്ട് കീഴ്ജാതിയില്‍പ്പെട്ട ആളുകള്‍ക്ക് ഈ വഴിയിലൂടെ യാത്രചെയ്യാൻ അവകാശം ഉണ്ടായിരുന്നില്ല. റോഡ്, കടല്‍, പുഴ, തോണികള്‍ എന്നിവയുടെ ദൃശ്യങ്ങൾ സിനിമയില്‍ ആവര്‍ത്തിച്ച് വരുന്നുണ്ട്. ഇതും വായ്‌മൊഴിയിലെ ആവര്‍ത്തനത്തിന് ഉദാഹരണമാണ്. (അയിത്തം സിനിമയിലെ ഒരു പ്രധാന വിഷയമാണ്).

 

ഇറ്റലിയില്‍ നിന്ന് കടൽ  കടന്നുവന്ന അച്ചന്‍ ഇവിടെ മീന്‍പിടിച്ചും കൂലിവേല ചെയ്തും ജീവിക്കുന്ന മനുഷ്യര്‍ക്കിടയിൽ  ജീവിച്ചു. മനുഷ്യരെ പോലെ ജീവിക്കാന്‍ അവകാശം ഇല്ലാത്തവരായിരുന്നു അവര്‍. അച്ചന്റെ ശ്രമമായി പതിനായിരക്കണക്കിന് ആളുകള്‍ സാമൂഹികവും, സാമ്പത്തികവും, വിദ്യാഭ്യാസപരവുമായും തൊഴിലപരമായും  മെച്ചപ്പെട്ട ജീവിതം നയിച്ചു. സാമൂഹ്യ പ്രവര്‍ത്തനം നവോഥാന പ്രവര്‍ത്തനം തന്നെയാണ്, സാമൂഹ്യ പരിഷ്കരണം ആണ്. അത് കേവലം മതം മാറ്റം മാത്രമായിരുന്നില്ല. അയിത്തം മുതലായ മനുഷ്യത്വരഹിതമായ കാര്യങ്ങള്‍ക്ക് എതിരെ അച്ചന്‍ പ്രവര്‍ത്തിച്ചു. കടലിന്റെ ദൃശ്യങ്ങൾ സിനിമയില്‍ ധാരാളം ഉണ്ട്. അച്ചന്‍ കടൽ  കടന്നാണല്ലോ ഇവിടേക്ക് വന്നത്. കടല്‍ പല അധിനിവേശങ്ങള്‍ക്കും സാക്ഷിയാണ്.  കടലുമായി ബന്ധപ്പെട്ട് പല മിത്തുകളും കഥകളും ഉണ്ടല്ലോ. ഈയിടെ നമ്മെ വിട്ടുപോയ മിഥുന്‍ മോഹന്റെ ‘കാപ്പിരി മുത്തപ്പന്‍’ എന്ന ചിത്രം ഈ സന്ദര്‍ഭത്തിൽ  മനസ്സില്‍ വരുന്നു.  

 

സിനിമ പല ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒരിടത്ത്  1944-ലെ വെള്ളപ്പൊക്കം കടന്നുവരുന്നു. താവത്തെ റെയില്‍ പാളം വെള്ളത്തിൽ  മുങ്ങി. വീടുകള്‍ നഷ്ടപ്പെട്ട പാവപ്പെട്ടവർ ഒരു കളപ്പുരയില്‍ അഭയം തേടി. അച്ചന്‍ ഒരു മാലാഖയെപോലെ പ്രത്യക്ഷപ്പെട്ടു. പൊളിഞ്ഞ വീടുകള്‍ നന്നാക്കി. അതിനു ശേഷം കോളറ പടര്‍ന്നു പിടിച്ചു. അപ്പോഴും അച്ചൻ രക്ഷനായി എത്തി. അച്ചന്‍  ഒരു സിനിമ പ്രദര്‍ശിപ്പിച്ച കാര്യം ഒരാൾ ഓര്‍ക്കുന്നു. അത് ക്രിസ്തുവിനെക്കുറിച്ചുള്ള സിനിമയായിരുന്നു. നൂറോളം ഗ്രാമീണര്‍ പങ്കെടുത്തു. പ്രദര്‍ശനം നടക്കവെ കല്ലേറുണ്ടായി. എന്നാല്‍ സിനിമ കണ്ടുകൊണ്ടിരുന്നവര്‍ തിരിച്ചടിച്ചു. ക്രിസ്തുമതം പ്രച്ചരിപ്പിക്കുന്നത്  തടയാനായിരുന്നു ആക്രമികൾ ശ്രമിച്ചത്. 

 

അച്ചന്റെ അവസാനകാലത്ത് തെയ്യം കെട്ടുന്ന ഒരു വിഭാഗം അദ്ദേഹത്തെ ചെന്ന് കാണുകയും തെയ്യമായി അവരോധിക്കാനുള്ള താത്പര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം ആരാധിക്കപ്പെടുന്നതിന് എതിരായിരുന്നു. അദ്ദേഹം സ്നേഹത്തോടെ അത് നിരസിച്ചു. ഇതിനര്‍ത്ഥം എല്ലാ വിഭാഗത്തില്‍പ്പെട്ടവരും അച്ചനെ അംഗീകരിച്ചിരുന്നു എന്നാണ്. സാധാരണയായി മരിച്ചു കഴിഞ്ഞതിന് ശേഷമാണ് ഒരാള്‍ തെയ്യമാവുന്നത്. എന്നാല്‍  ജീവിച്ചിരിക്കുമ്പോള്‍ത്തന്നെയാണ് അച്ചനെ തെയ്യമാക്കാന്‍ തീരുമാനിച്ചത്. മരിക്കുന്ന വീരന്മാര്‍ (ആണും പെണ്ണും) തെയ്യമായി പുനര്‍ജനിക്കുന്നു, അവരെ  ആരാധിക്കുന്നു.  ഉത്തര കേരളത്തില്‍ വീരന്മാരുടെ നാമത്തിലുള്ള കല്ലുകള്‍ ഉണ്ട്.  അച്ചന്‍ തെയ്യമായിരുന്നുവെങ്കിൽ മുത്തപ്പനെ പോലെ ജാതി മത ഭേദമന്യേ എല്ലാവരെയും അഭിസംബോധന ചെയ്യുമായിരുന്നു, സങ്കടം കേള്‍ക്കുമായിരുന്നു.  സിനിമ അവസാനിക്കുമ്പോള്‍ തെയ്യക്കോലങ്ങൾ കാണാം. അച്ചനെക്കുറിച്ച് പുസ്തകം എഴുതിയ എഴുത്തുകാരനെ  തെയ്യം അനുഗ്രഹിക്കുന്നു. അച്ചന്‍ തെയ്യമായില്ല, അച്ചന്‍ ഈ ഭൂമിയിൽ  പാവപ്പെട്ടവരുടെ സെമിത്തേരിയില്‍ മണ്ണിന്റെ ഉപ്പാവും. അച്ചനായി ഒരു പള്ളിപോലും ഇല്ല. അച്ചന്റെ പുനര്‍ജ്ജന്മം അറിവിലൂടെയാണ്. എഴുത്തുകാരന്റെ അക്ഷരത്തിലൂടെ  അച്ചന്‍  അനശ്വരമാവുന്നു. 

 

സിനിമ ഡിജിറ്റല്‍ ആയതുകൊണ്ടു മാത്രം സാധ്യമായ ഒരു സിനിമയാണിത്. ഡിജിറ്റലിന്റെ വരവ് സിനിമയെ  മൂലധനമുക്തമാക്കി എന്ന് പറയുമ്പോഴും ഇതുപോലുള്ള വളരെ വ്യത്യസ്തമായ സിനിമകള്‍ക്ക് ധനസഹായം ലഭിക്കുന്നില്ല. പണം കൂടുതൽ ഉണ്ടായിരുന്നുവെങ്കിൽ   സാങ്കേതികമായി സിനിമ കൂടുതൽ മികച്ചതാവുമായിരുന്നു, കൂടുതല്‍ ആശയങ്ങൾ  പ്രാവര്‍ത്തികമാക്കാൻ പറ്റുമായിരുന്നു.  സാങ്കേതിക മികവ് ആഘോഷമാവുന്ന ഇക്കാലത്ത് അര്‍ജുന്റെത് പോലുള്ള സിനിമകൾ  അതിനെതിരെ നില്‍ക്കുന്നു. ഇതും ഒരു രാഷ്ട്രീയമാവുന്നു. സിനിമകള്‍ കോടി ക്ലബ്ബുകളെക്കുറിച്ച് സംസാരിക്കുന്ന ഇക്കാലത്ത്  വളരെ ചുരുങ്ങിയ ബജറ്റില്‍ വിഷയത്തിന്റെ തലത്തിലും ആവിഷ്കാരത്തിന്റെ തലത്തിലും വളരെ വ്യത്യസ്തങ്ങളായ സിനിമകൾ  ഉണ്ടാവേണ്ടിയിരിക്കുന്നു. സാങ്കേതികമായും കലാപരമായും വൈദഗ്ധ്യമുള്ള പൂര്‍ണ്ണ സിനിമയ്ക്കെതിരെ Imperfect cinema എന്ന ആശയവുമായി കടന്നുവന്ന ജൂലിയോ ഗാർസിയ എസ്പിനോസയുടെ സിനിമാ സങ്കല്‍പ്പങ്ങൾ ഈ സന്ദര്‍ഭത്തിൽ  ഓര്‍ക്കാവുന്നതാണ്. സാങ്കേതികവും കലാപരവുമായ പൂർണത  തെറ്റാണെന്ന് എസ്പിനോസ വാദിക്കുന്നില്ല. ചലച്ചിത്ര സംവിധായകരെയും പ്രേക്ഷകരെയും സംബന്ധിച്ച് ഈ സിനിമകൾ  അവയില്‍ത്തന്നെ അവസാനിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com