ADVERTISEMENT

വിവാദക്കളത്തിൽ നട്ടം തിരിഞ്ഞ് ‘മണികർണിക’. കങ്കണ റണൗട്ട് നായികയും സംവിധായികയുമായ ഈ ചിത്രം വിജയം നേടി പ്രദർശനം തുടരുന്നതിനിടെയാണ്, സംവിധായകന്‍ ക്രിഷ് ഗുരുതരആരോപണങ്ങളുമായി എത്തിയത്. ഇതിനു പിന്നാലെ കങ്കണയെ പ്രതിസന്ധിയിലാക്കി ചിത്രത്തിലെ മറ്റൊരു താരമായ നടി മിഷ്തി ചക്രവര്‍ത്തിയും രംഗത്തെത്തിയിരിക്കുന്നു. പൃഥ്വിരാജ് നായകനായി എത്തിയ ആദം ജോണിൽ മിഷ്തി അഭിനയിച്ചിട്ടുണ്ട്. 

Mishti: “I was literally SHOCKED when I saw Manikarnika”| Kangana Ranaut

 

വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കങ്കണ വഞ്ചിച്ചെന്നും അവര്‍ക്ക് പ്രാധാന്യം ലഭിക്കാൻ മറ്റുള്ളവരുടെ താരങ്ങളുടെ കഥാപാത്രങ്ങളെ വെട്ടിമുറിച്ചെന്നും മിഷ്തി പറയുന്നു.

 

ചിത്രം എങ്ങനെയായിരുന്നോ ആദ്യം പൂര്‍ത്തിയാക്കിയത് അതില്‍ എഡിറ്റിങ് നടത്തി തന്റെ കഥാപാത്രത്തിനു മാത്രം പ്രധാന്യം നല്‍കുന്ന തരത്തിൽ ഈ ചിത്രത്തെ മാറ്റി. സിനിമ തിയറ്ററില്‍ കണ്ട് താന്‍ ആശ്ചര്യപ്പെട്ടുപോയെന്നാണ് ഒരു അഭിമുഖത്തിൽ മിഷ്തി പറയുന്നത്. 

 

‘ഞാൻ എന്താണോ പ്രതീക്ഷിച്ചത് അതായിരുന്നില്ല കണ്ടത്, ഇതല്ലായിരുന്നു വാഗ്ദാനം ചെയ്തത്, എന്തായിരുന്നോ ഷൂട്ട് ചെയ്തത് അതൊന്നുമല്ല സ്ക്രീനില്‍ വന്നത്’.–മിഷ്തി പറഞ്ഞു.

 

‘നിർമാതാവ് കമൽ ജെയ്്ൻ ആണ് സിനിമയിൽ കാശിബായി എന്ന കഥാപാത്രം ചെയ്യാൻ എന്നെ വിളിക്കുന്നത്. ആദ്യമേ തന്നെ ഈ വേഷത്തോട് എനിക്കൊരു താൽപര്യം തോന്നിയിരുന്നില്ല. ഇത്രവലിയൊരു സിനിമയിൽ സഹനടിയായി അഭിനയിക്കുന്നതു തന്നെയായിരുന്നു എന്നെ പിന്തിരിപ്പിച്ചത്.’

 

‘എന്നാൽ നായികയ്ക്കൊപ്പം തന്നെ പ്രാധാന്യമുണ്ടെന്നും അതുകൂടാതെ അത്യുഗ്രൻ ഫൈറ്റ് രംഗങ്ങളും ഉണ്ടെന്നുപറഞ്ഞപ്പോൾ സമ്മതം മൂളി. ചിത്രത്തിന്റെ സംവിധായകൻ കൃഷ് ആണെന്നതായിരുന്നു കരാ‍ർ ഒപ്പിടാനുള്ള പ്രധാനകാരണം. അദ്ദേഹം മികച്ച സംവിധായകനാണ്.’–മിഷ്തി പറഞ്ഞു.

 

‘അങ്ങനെ എന്നോട് പറഞ്ഞതുപോലെ തന്നെ ഫൈറ്റ് രംഗങ്ങളും മറ്റും ഷൂട്ട് ചെയ്തു. പക്ഷേ സിനിമയിൽ ഇതൊന്നും കണ്ടില്ല. റിലീസിന് നാല് ദിവസം മുമ്പാണ് സിനിമ മുഴുവനായി കാണുന്നത്. സത്യത്തിൽ ഞെട്ടിപ്പോയി. സ്ക്രീനിങിനു ശേഷം പൂർണ നിരാശയിലായിരുന്നു. പിന്നീട് കൃഷിനോട് സംസാരിച്ചപ്പോളാണ് ഇതിന് പിന്നിലുള്ള വിവാദങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലായത്. കങ്കണ എന്നെ ചതിക്കുകയായിരുന്നു. ആ രംഗങ്ങൾ നീക്കം ചെയ്തതിന്റെ കാരണം അവർക്ക് പറയാമായിരുന്നു.’–മിഷ്തി പറഞ്ഞു.

 

ചിത്രത്തിന്റെ സംവിധായകനും പാതിവഴിയിൽ പിന്‍മാറേണ്ടി വന്നയാളുമായ ക്രിഷും ഇതേ വിമർശനങ്ങളാണ് മുൻപ് കങ്കണയ്ക്കെതിരെ ഉന്നയിച്ചത്. മണികര്‍ണികയുടെ സംവിധാനം ആദ്യം ക്രിഷ് ആയിരുന്നുവെങ്കിലും പാതി വഴിയില്‍ അദ്ദേഹം സംരംഭം ഉപേക്ഷിച്ചു. പിന്നീട് കങ്കണയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. എന്നാല്‍ കങ്കണയുടെ ഭാഗത്തു നിന്നും സഹിക്കാന്‍ പറ്റാത്ത പെരുമാറ്റങ്ങള്‍ ഉണ്ടായതോടെയാണ് താന്‍ പിന്മാറിയതെന്ന് ക്രിഷ് പറയുന്നു. 

 

പാതിവഴിയില്‍ ഇട്ടുപോവുകയായിരുന്നില്ല, മുക്കാല്‍ഭാഗവും തീര്‍ത്തത് താന്‍ തന്നെയാണെന്നും ക്രിഷ് പ്രതികരിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ ക്രെഡിറ്റും സ്വയം ഏറ്റെടുക്കുകയാണ് കങ്കണ ചെയ്യുന്നതെന്നും തന്റെ കഴിവ് ഇപ്പോള്‍ എല്ലാവരേയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട സാഹചര്യത്തിലേക്ക് കങ്കണ തന്നെ കൊണ്ടെത്തിച്ചിരിക്കുകയാണെന്നും ക്രിഷ് കുറ്റപ്പെടുത്തുന്നു. ക്രിഷിന്റെ ആക്ഷേപങ്ങള്‍ ശരിവെയ്ക്കുന്ന തരത്തില്‍ മിഷ്തി ചക്രവര്‍ത്തിയും രംഗത്തു വന്നതോടെ കങ്കണ വീണ്ടും വിവാദക്കുടുക്കിലകപ്പെട്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com