ADVERTISEMENT

പാർട്ടി അധീനമായി പങ്കെടുക്കുന്ന ഒന്നല്ല ശോഭായാത്രയെന്നും അതിൽ രാഷ്ട്രീയം കാണരുതെന്നും നടി അനുശ്രീ. കുട്ടിക്കാലം മുതലേ അമ്പലത്തിലെ എന്തു പരിപാടിക്കും ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് താനെന്നും വിമർശനങ്ങളെ പേടിച്ചല്ല ഇത്തവണ ശോഭായാത്രയിൽ വേഷം അണിയാതിരുന്നതെന്നും അനുശ്രീ പറഞ്ഞു. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് കമുകുംചേരിയിലെ ശോഭായാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

‘‘കൃഷ്ണനായും മുരുകനായും ഗണപതിയായും ഞാൻ വേഷമിട്ടിട്ടുണ്ട്. ശരീരം വളരുന്നതിനനുസരിച്ച് ആ സമയത്ത് നമുക്ക് ഏത് വേഷമാണോ കെട്ടാൻ പറ്റുന്നത് അത് ചെയ്യാറുണ്ട്. ഇത്തവണ ചേട്ടന്റെ കുഞ്ഞ് കൃഷ്ണനായി എത്തി. ആദ്യമായാണ് അവൻ കൃഷ്ണനായി ഒരുങ്ങുന്നത്. ഇത്തവണ അവനാണ് ഞങ്ങളുടെ താരം.

വിമർശനങ്ങളെ പേടിച്ചല്ല ഇത്തവണ ഞാൻ വേഷം അണിയാതിരുന്നത്. അങ്ങനെയെങ്കിൽ കാവി അണിഞ്ഞ് വരില്ലല്ലോ? ഇതൊന്നും പാർട്ടിക്ക് അധീനമായി ചെയ്യുന്ന കാര്യങ്ങളല്ല. അമ്പലത്തില്‍ എന്തു പരിപാടിയുണ്ടോ അതിന് ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് ഞാൻ. ഒരിക്കലും അതിനെ രാഷ്ട്രീയവൽക്കരിക്കരുത്. ഓർമവച്ച കാലം മുതലേ ചെയ്യുന്ന കാര്യങ്ങളാണ്. ചെറുപ്പത്തിൽ നമ്മളൊക്കെ രാഷ്ട്രീയം അറിഞ്ഞിട്ടാണോ ഇതുപോലെ വേഷമിട്ടത്’’.

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ശ്രീകൃഷ്ണന്റെ വേഷത്തിലെത്തിയ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയം പറയുന്ന ചിത്രങ്ങള്‍ ആരാധകരുടെ അഭിനന്ദനങ്ങൾ നേടിയെടുത്തു. ‌‘‘ചിങ്ങമാസത്തിൽ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന നാളിൽ ഭൂജാതനായ അമ്പാടിക്കണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ. അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കട്ടെ...’’– ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com