സിനിമയിൽ കാണിക്കുന്ന സിക്സ് പാക്ക് ശരീരം വിഎഫ്എക്സ് ആണെന്ന വിമർശനത്തിന് തക്ക മറുപടിയുമായി സൽമാൻ ഖാൻ. സിക്‌സ് പാക്ക് വിഎഫ്എക്‌സ് ആണോയെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായി വേദിയില്‍ വച്ച് ഷര്‍ട്ടിന്റെ ബട്ടനുകള്‍ ഊരി തന്റെ ശരീരം തുറന്നുകാണിക്കുകയാണ് സൽമാൻ. ‘കിസി കാ ഭായ് കിസി കി ജാന്‍’ ട്രെയിലര്‍ ലോഞ്ചില്‍ വച്ചായിരുന്നു സംഭവം. ചിത്രത്തിലെ നായിക പൂജ ഹെഗ്ഡേ ഉള്‍പ്പടെയുള്ളവര്‍ നടനൊപ്പം ഉണ്ടായിരുന്നു.
സല്‍മാന്‍ ഖാന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിസി കാ ഭായ് കിസി കി ജാന്‍’. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധനേടിയിരുന്നു. തകര്‍പ്പന്‍ ആക്‌ഷന്‍ രംഗങ്ങളാലും ചടുലമായ നൃത്തരംഗങ്ങള്‍കൊണ്ടും സമ്പന്നമായിരുന്നു ട്രെയിലര്‍. ഇതിനിടയിൽ കാണിക്കുന്ന സല്‍മാന്‍ ഖാന്റെ സിക്‌സ് പാക്ക് വിഎഫ്എക്‌സിന്റെ സഹായത്തോടെയുള്ളതാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകള്‍ വന്നിരുന്നു.
തെലുങ്ക് താരങ്ങളായ വെങ്കിടേഷ് ദഗ്ഗുബാട്ടി, ജഗപതി ബാബു എന്നിവരാണ് 'കിസി കാ ഭായ് കിസി കി ജാനി'ലെ മറ്റ് താരങ്ങള്‍. സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മിക്കുന്ന ചിത്രം ഫര്‍ഹദ് സംജിയാണ് സംവിധാനം ചെയ്യുന്നത്. വി. മണികണ്ഠനാണ് ഛായാഗ്രഹണം. കെജിഎഫ് ഫെയിം രവി ബസ്രുര്‍, ഹിമേഷ് രേഷമിയ, ദേവി ശ്രീ പ്രസാദ്, സുഖ് വീര്‍ എന്നിവരാണ് സംഗീത സംവിധാനം. രവി ബസ്രുര്‍ തന്നെയാണ് പശ്ചാത്തലസംഗീതവും. അനല്‍ അരസ് സംഘട്ടന സംവിധാനവും മയൂരേഷ് സാവന്ത് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഈദ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.