നമ്മൾ മനുഷ്യർ കൊന്നു തിന്നുന്ന മൃഗങ്ങൾക്കൊക്കെ ആത്മാവും പുനർജന്മവുമുണ്ടെങ്കിൽ? അവ നമ്മെ അന്വേഷിച്ചെത്തിയാലോ? അപ്രതീക്ഷിതമായി മുന്നിൽ പ്രത്യക്ഷപ്പെട്ടാലോ?...അത്ര രുചികരമാവില്ല ആ അനുഭവം എന്ന് ഓർമിപ്പിക്കുന്നൊരു ലഘുചിത്രമുണ്ടാക്കിയിരിക്കുകയാണു തൃശൂരിലെ ഒരു കൂട്ടം യുവാക്കൾ. നല്ല ബെസ്റ്റ് പോത്തിറച്ചി കിട്ടുമെന്നറിഞ്ഞാൽ എത്ര ദൂരം പോകാനും മടിയില്ലാത്ത മലയാളിയുടെ ശീലത്തെ ഒരു ചെറു സിനിമയാക്കിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. ഒരു ബഫല്ലോ സ്റ്റോറി എന്നാണു സിനിമയുടെ പേര്.
വിശേഷദിവസങ്ങളുടെ തലേന്ന് വൈകിട്ടു തന്നെ തുടങ്ങും ഇറച്ചി വാങ്ങാൻ പോകുന്നതിന്റെ പ്ലാനിങ്. നല്ല പോത്തിനെ വെട്ടുന്ന കശാപ്പുകടയാണെങ്കിൽ നേരം വെളുക്കുന്നതിനു മുൻപേ ഇറച്ചി തീരും. അതിനാൽ ആദ്യം സ്ഥലത്തെത്തിയേ പറ്റൂ. ഈ നാട്ടിൻപുറ അനുഭവത്തിലൂടെ കടന്നുപോയവരെ ലക്ഷ്യമിട്ടാണ് ബഫല്ലോ സ്റ്റോറി ഉരുത്തിരിയുന്നത്.
നേരത്തേ ഇറച്ചിക്കടയിൽ ഇടം പിടിക്കാനായി നേരത്തേ ഉണരണം. അതിന് അലാറം വയ്ക്കുന്നു. പക്ഷേ, തലേദിവസത്തെ മദ്യസൽക്കാരത്തിന്റെ മൂർധന്യത്തിലാണ് ഇറച്ചിക്കൊതി പിടികൂടിയത്. അതിനാൽ അലാറം വയ്ക്കുന്ന സമയം മാറിപ്പോകുന്നു. പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളാണു സിനിമയിൽ.
ഈ ചിത്രത്തിന്റെ ഷൂട്ടിങ് കൊടുവായൂരിനടുത്ത് ഇളമന്ദം എന്ന ഗ്രാമത്തിലും മണ്ണുത്തിയിലുമായാണ് പൂർത്തിയാക്കിയത്. അഭിനയിച്ചിരിക്കുന്നത് ഗിരീഷ് കൊടുവായൂർ, മിധുൻ ബാബു, ടോണി റാഫേൽ, വാസു കൊടുവായൂർ എന്നിവരാണ്. രചനയും ക്യാമറയും സംവിധാനവും പുഷ്പാകരൻ മാധവൻ.