പുത്തനച്ചി ചരിതം, പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പുതുമയുള്ള ഒരു പ്രമേയമാണ് ചലച്ചിത്ര ആസ്വാദകരുടെ മുന്നിലേക്ക് എത്തുന്നത്. യഥാർത്ഥ ജീവിത അനുഭവങ്ങളുമായി വളരെയധികം ബന്ധം പുലർത്തുന്നതും, എന്നാൽ പ്രതീക്ഷകൾക്ക് അപ്പുറത്ത് നിൽക്കുന്ന ക്ലൈമാക്സും അടങ്ങിയ ഹ്രസ്വചിത്രമാണ് നന്ദിൻകാർത്തികേയൻ സംവിധാനം ചെയ്ത പുത്തനച്ചി ചരിതം. വിവാഹത്തിന്റെ പുതുമോടി മാറാത്ത രണ്ടു പേരുടെ ജീവിതത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം പ്രേക്ഷകരെ കൊണ്ടു പോകുന്നത്.
വിരുന്നു സൽക്കാരത്തിനായി അമ്മായിയുടെ വീട്ടിലേക്ക് ഇറങ്ങിയതാണ് ലക്ഷ്മിയും അർജ്ജുനും. പറഞ്ഞറിക്കാതെ വന്നതിനുള്ള നീരസം കാണിക്കുന്ന അമ്മായിലൂടെ ആണ് കഥ ആരംഭിക്കുന്നത്. സൽക്കാരത്തിൽ തീരെ താത്പര്യം കാണിക്കാതിരുന്ന അർജ്ജുനെ അതിൽ വ്യാപൃതനാക്കാൻ ശ്രമിക്കുന്ന ലക്ഷ്മിയെ നമ്മുക്ക് കാണാൻ സാധിക്കും. നേരം സന്ധ്യയായിട്ടു അമ്മാവനെ കാണാത്തതു കൊണ്ട് തിരിച്ചിറങ്ങുകയാണ് അവർ. കാറിൽ പ്രണയ വാചാലരായി സഞ്ചരിക്കുന്ന ഇവർക്കിടയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില രംഗങ്ങളാണ് കഥയുടെ കാതൽ.ലക്ഷ്മിയുടെ വിവിധ ഭാവങ്ങളിലൂടെയാണ് കഥ മുമ്പോട്ടു പോകുന്നത്. അവളുടെ നിഷ്കളങ്കതയിൽ തുടങ്ങിയ ഈ കഥ അവസാനിക്കുന്നത് രൗദ്രഭാവത്തിലാണ്. സ്ത്രീയുടെ നിശ്ചയദാർഢ്യത്തിന്റെ ആവിഷ്കാരൂപമാണ് പുത്തനച്ചി ചരിതം.