ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പ്രമേയമാക്കിയ കുത്തും കോമയും എന്ന ഹ്രസ്വചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നു. 5 ദിവസം മുന്‍പ് യു ട്യൂബില്‍ റിലീസായ ചിത്രം ഇതിനോടകം ആയിരക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു. എതിര്‍ലിംഗത്തില്‍പെട്ടവരുമായുള്ള സഹവാസം കുട്ടിക്കാലം മുതലേ വിലക്കപ്പെട്ട യുവതിയുടെ ജീവിതത്തില്‍സംഭവിക്കുന്ന കാര്യങ്ങളാണു 16 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്.
സമൂഹം കല്‍പിച്ചുണ്ടാക്കുന്ന വിലക്കുകള്‍ പുതുതലമുറയുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതെങ്ങനെയെന്നു കുത്തും കോമയും വിശദീകരിക്കുന്നു. ചെറിയ സമയത്തിനുള്ളില്‍ വലിയൊരു സന്ദേശം നല്‍കുന്നതാണു ചിത്രമെന്നു നിരൂപകരും പറയുന്നു. പ്രധാന കഥാപാത്രമായ നീനുവിനെ അവതരിപ്പിച്ചിരിക്കുന്നത് അഖിലാ നാഥ് ആണ്. ഹരിതാ നമ്പ്യാര്‍, ശരത് തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. നെറ്റ് കുട്ടപ്പന്‍ സിനിമാസിനു വേണ്ടി പി.കെ. അരുണ്‍ നിര്‍മിച്ച കുത്തും കോമയുടെയും സംവിധായകന്‍ ബിജ്നാസ് കെ. ബക്കര്‍ ആണ്. ബിജാനാസിന്റേതാണു ചിത്രത്തിന്റെ രചനയും. വരുംദിവസങ്ങളില്‍ ചിത്രം കൂടുതല്‍ ആളുകളിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.