പോയവാരം ആരാധകരുടെ മനസ്സില്‍ മനുഷ്യത്വത്തിന്റെ പുതിയ മുഖം വരച്ചിട്ടു മമ്മൂട്ടി. 'പേരൻപി'ലെ അമുദവനും പാപ്പായും എത്തിയത് ഹൃദയങ്ങളിലേക്കാണ്. കഥ പോലെ തന്നെയാണ് ചിത്രത്തിലെ ഓരോ ഗാനങ്ങളും. അത്രമേൽ ഹൃദയസ്പർശിയായവ. ദുഃഖം നിഴലിക്കുന്നതെങ്കിലും ലഭിച്ച ജീവിതത്തിലെ ആനന്ദം കണ്ടെത്താനുള്ള ശ്രമമാണ് ഈ ഗാനങ്ങൾ. ചിത്രത്തിലേതായി ഒടുവില്‍ പുറത്തു വന്ന 'വാൻതൂരൽ' എന്ന ഗാനം അത്തരത്തിൽ ഒന്നാണ്. ശ്രീറാം പാർഥ സാരഥിയുടെ മനോഹരമായ ആലാപനം അമുദവന്റെ ജീവിതത്തിലെ സകല അവസ്ഥകളെയും ആവാഹിച്ചാണ് എത്തുന്നത്. കഥാ പശ്ചാത്തലത്തോട് അത്യന്തം ചേർന്നു നിൽക്കുന്നു യുവൻ ശങ്കർ രാജയുടെ മനോഹര സംഗീതം. വൈരമുത്തുവിന്റെതാണ് വരികൾ.
തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ചിത്രം. ഗാനങ്ങളോരോന്നും ഒന്നിനൊന്നു മികച്ചതെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. യുവന്റെ സംഗീതത്തെയും പാർഥ സാരഥിയുടെ ആലാപന മികവിനെയും പ്രശംസിക്കുന്നവരാണ് ഏറെയും. 'ഓരോന്നിനും അനുയോജ്യമായ തരത്തിലുള്ള സംഗീതം എങ്ങനെ ഒരുക്കണമെന്ന് ഈ തലമുറയിൽ ഏറ്റവും നന്നായി അറിയാവുന്നത് യുവൻ ശങ്കർ രാജയ്ക്കാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് റൗഡി ബേബിയും വാൻതൂരലും' എന്നാണ് സംഗീത ആസ്വാദകരുടെ വിലയിരുത്തൽ.
അതേ സമയം ഓരോ മനുഷ്യനും കണ്ടിരിക്കേണ്ട സിനിമയാണ് ഇതെന്നാണ് മമ്മൂട്ടി ആരാധകർ പറയുന്നത്. ഇന്ത്യൻ സിനിമയുടെ മുഖം മമ്മൂട്ടിയാണെന്നും ആരാധകർ പറയുന്നു. മമ്മൂട്ടിക്കൊപ്പം അഞ്ജലി, സാധന, അഞ്ജലി അമീർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പേരൻപ്. നാലു ഗാനങ്ങളുണ്ട് ചിത്രത്തിൽ. കരുണാകരൻ, സുമതി റാം എന്നിവരും ചിത്രത്തിനായി വരികൾ എഴുതിയിരിക്കുന്നു. റാം ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും.