കുഞ്ഞിനെ കുറിച്ചുള്ള പ്രതീക്ഷ പങ്കുവച്ച് നിക് ജോനാസ്; എല്ലാം ആലോചിച്ചെടുത്ത തീരുമാനം

Nick-Jonas-Priyanka-Chopra
SHARE

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് അമേരിക്കൻ ഗായകൻ നിക് ജോനാസും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും. വിവാഹ ശേഷം ഇരുവരും ഒരുമിച്ചെത്തിയ മ്യൂസിക് വിഡിയോ നിറഞ്ഞ കയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇതിനിടെ വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന വാർത്തയോട് വളരെ ശക്തമായാണ് ഇരുവരും പ്രതികരിച്ചത്. അത്തരം വാർത്ത നൽകിയ മാധ്യമത്തിനെതിരെ നിയമനടപടി വരെ സ്വീകരിച്ചു താരങ്ങൾ. ഇതിൽ നിന്നെല്ലാം ജീവിതത്തെ ഏറെ പ്രതീക്ഷയോടെയും സ്നേഹത്തോടെയും നോക്കിക്കാണുകയാണ് ഇരുവരും എന്നാണ് ആരാധക പക്ഷം.

ഇപ്പോൾ പ്രിയങ്കയുമൊത്തുള്ള തന്റെ ജീവിതത്തിലെ സ്വപ്നങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് നിക് ജോനാസ്. ‘സാധാരണ എല്ലാ മനുഷ്യർക്കുമുള്ളതുപോലെ ഞങ്ങള്‍ക്കും ജീവിതത്തെ കുറിച്ച് ചില സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ട്. ഭാവിയെ സംബന്ധിച്ച ഏതു കാര്യവും പരസ്പരം ആലോചിച്ചാണ് തീരുമാനിക്കുന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. കുഞ്ഞിനോട് എന്തെല്ലാം പറയണം, എന്തെല്ലാം പറയരുത് എന്ന കാര്യങ്ങൾ വരെ ഞങ്ങൾ ആലോചിച്ചു തീരുമാനിച്ചിട്ടുണ്ട്. കുഞ്ഞിനെ ആദ്യം തന്നെ പഠിപ്പിക്കുന്നത് എന്തുകാര്യവും രണ്ടാമതൊരാളോടു  കൂടി ആലോചിച്ചു തീരുമാനിക്കണം എന്നായിരിക്കും. കാരണം എങ്കിൽ മാത്രമേ ഭാവി സുരക്ഷിതമാകുകയുള്ളു. ചിലതീരുമാനങ്ങളെടുക്കേണ്ടത് പങ്കാളിയോട് ആലോചിച്ച ശേഷമാണ്. മറ്റു ചിലതു സഹോദരങ്ങളോട് ആലോചിക്കേണ്ടി വരും. ഞങ്ങൾ എല്ലാം അങ്ങനെയാണു ചെയ്യുന്നത്. ഇതുവരെ എല്ലാം ആലോചിച്ചെടുത്ത തീരുമാനങ്ങളാണ്’– നിക് ജോനാസ് പറഞ്ഞു. 

കഴിഞ്ഞ വർഷത്തെ മെറ്റ് ഗാലെ പുരസ്കാര വേദിയിൽ നിന്നാണ് പ്രിയങ്കയും നിക്കും പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം മാധ്യമങ്ങൾ ഏറെ ചർച്ചയാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു നിക്കും പ്രിയങ്കയും തമ്മിലുള്ള വിവാഹം. 

വരാനിരിക്കുന്ന ചിത്രം ‘അഗ്ലി ഡോൾസി’ന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയിലായിരുന്നു നിക് ജീവിതത്തെ പറ്റി മനസ്സു തുറന്നത്. ഫർഹാൻ അക്തറിനൊപ്പം ‘ദ് സ്കൈ ഈസ് പിങ്ക് സ്റ്റാറിങ്ങാ’ണ് പ്രിയങ്കയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA