തെന്നിന്ത്യയാകെ ആരാധകരുള്ള താരമാണ് നയൻതാര. നയൻസിന്റെ ഓരോഗാനത്തിനും സോഷ്യൽ മീഡിയയിൽ വൻ വരവേൽപാണ് ആരാധകർ നൽകാറുള്ളത്. എന്നാൽ ഇത്തവണ കഥമാറി. താരത്തിന്റെ പുതിയ ഗാനത്തിനും പരിഹാസ കമന്റുകളുമായി എത്തുകയാണ് പ്രേക്ഷകർ.
ശിവകാർത്തികേയനും നയൻതാരയും ഒരുമിച്ചെത്തുന്ന ‘മിസ്റ്റർ ലോക്കലി’ലെ ‘ടക്ന് ടക്ന്’ എന്ന ഗാനത്തിനാണ് പരിഹാസം. ഗാനരംഗങ്ങളിൽ സ്റ്റൈലിഷായും നാടൻ ലുക്കിലും എത്തുന്ന നയൻസ് ആകെ ചെയ്യുന്നത് നടത്തം മാത്രം. ഹൈഹീൽസ് ചെരുപ്പുമിട്ട് താരം ഏതാണ്ട് ഒരു കിലോമീറ്റർ നടക്കുന്നുണ്ടെന്നാണ് പരിഹാസം. എന്നാല്‍ കൂടെ എത്തുന്ന ശിവകാർത്തികേയന്റെ ഭാവങ്ങൾ ഗാനത്തെ മിഴിവുള്ളതാക്കുന്നെന്ന അഭിപ്രായവും ആരാധകർക്കുണ്ട്.
വേലൈക്കാരൻ എന്ന ചിത്രത്തിനു ശേഷം നയൻതാരയും ശിവകാർത്തികേയനും ഒന്നിക്കുന്ന ചിത്രമാണ് ‘മിസ്റ്റർ ലോക്കൽ’. അനിരുദ്ധ് രവിചന്ദർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹിപ്ഹോപ് തമിഴായാണ് സംഗീതം. ബി. ദിനേഷ് കൃഷ്ണനാണ് ഛായാഗ്രഹണം.