ജനപ്രീതി, കുമിഞ്ഞുകൂടിയ വരുമാനം, ഒടുവിൽ ബന്ധങ്ങളുടെ തകർച്ച! 40 വര്‍ഷത്തിനു ശേഷം വീണ്ടും കൈകോര്‍ത്ത് ‘അബ്ബ’

abba-group
SHARE

പോപ്പ് സംഗീതപ്രേമികൾ ഏറ്റവുമധികം കാത്തിരുന്ന തിരിച്ചുവരവുകളിലൊന്ന് ഒടുവിൽ സംഭവിക്കുന്നു. സ്വീഡിഷ് പോപ്പ് ഹിറ്റ് മേക്കർമാരായ അബ്ബ ആണ് നാല്പതു വർഷങ്ങൾക്കു ശേഷം ഒന്നിച്ചൊരു ആൽബവുമായി എത്തുന്നത്. തങ്ങളുടെ പുതിയ ആൽബമായ വോയേജ് നവംബറിൽ പുറത്തിറങ്ങുമെന്ന് അബ്ബ പോപ്പ് ഗ്രൂപ്പ് പ്രഖ്യാപിച്ചു. അബ്ബയുടെ ഡിജിറ്റൽ അവതാർ  2022ൽ ലണ്ടൻ കച്ചേരി റെസിഡൻസിയിലാകും അവതരിപ്പിക്കുക.

ദമ്പതിമാരായ അബ്ബ ഗ്രൂപ്പിലെ അംഗങ്ങൾ പിരിഞ്ഞതോടെ അവരുടെ അവസാന ആൽബമായ ദ് വിസിറ്റേഴ്‌സ് 1981ൽ പുറത്തിറക്കിയതിനു ശേഷം ഗ്രൂപ്പ് പിരിച്ചു വിടുകയായിരുന്നു. അബ്ബയുടെ ആരാധകർ ഏറെ പ്രതീക്ഷിച്ചു കാത്തിരുന്ന സമാഗമമാണ് വോയേജിലൂടെ സംഭവിക്കുന്നത്. അബ്ബ അംഗങ്ങളായ ബെന്നി ആൻഡേഴ്സൺ, അഗ്നേത ഫാൽറ്റ്സ്കോഗ്, ആനി-ഫ്രിഡ് ലിങ്സ്റ്റാഡ്, ബ്യോൺ ഉൽവയസ് എന്നിവരുടെ സംഗമം ഒരു പുതിയ സംഗീതക്കച്ചേരി അനുഭവമായിരിക്കും ആരാധകർക്കു സമ്മാനിക്കുക. 

വോയേജിന്റെ ഡിജിറ്റൽ പതിപ്പുകൾ ഒളിമ്പിക് പാർക്കിൽ 3000 കപ്പാസിറ്റിയുള്ള അബ്ബാ അരീന എന്ന വേദിയിൽ ലൈവ് ബാൻഡിനൊപ്പം പ്രദർശിപ്പിക്കും.  സെപ്റ്റംബർ 7നാണ് ടിക്കറ്റുകൾ വിറ്റു തുടങ്ങുന്നത്. പുതിയ ആൽബത്തിൽ ഒരു ക്രിസ്മസ് ഗാനം ഉൾപ്പടെ ഗംഭീരവും ഇതിഹാസപരവുമായ ബല്ലാഡുകൾ ഉൾപ്പെടുന്നു എന്ന് അബ്ബയുടെ വക്താക്കൾ പറയുന്നു.  

"ഗ്രൂപ്പിനൊപ്പം വീണ്ടും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഞങ്ങൾക്കു വീണ്ടും ഒത്തുചേരാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തുഷ്ടനാണ്", എന്നാണ് അവരുടെ ഒത്തുചേരലിനെക്കുറിച്ച് ലിംഗ്സ്റ്റാഡ് പറഞ്ഞത്. ആൻഡേഴ്സണെയും ഉൽവയസിനെയും അസാധാരണ കഴിവുള്ള, യഥാർഥ പ്രതിഭയുള്ള ഗാനരചയിതാക്കൾ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഫെൽറ്റ്സ്കോഗിനെയും ലിങ്സ്റ്റാഡിനെയും കുറിച്ച് ഉൽവയസ് പറഞ്ഞത് "അവർ ആ പാട്ടുകൾ അവതരിപ്പിച്ച വിധം കണ്ടപ്പോൾ ഞാൻ അദ്ഭുതപ്പെട്ടുപോയി എന്നാണ്. "ഫ്രിഡയും അഗ്നേത്തയും വീണ്ടും പാടുന്നത് കേൾക്കുന്നതു വളരെ സന്തോഷം തരുന്നു. ഞങ്ങൾ ശരിക്കും ഒരു പുതിയ തോണിയിലാണ് സഞ്ചരിക്കുന്നത്, ഈ യാത്രയിൽ യുവതലമുറയുടെ പിന്തുണ ഞങ്ങളോടൊപ്പമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു" എന്നാണ് ആൻഡേഴ്സൺ പറഞ്ഞത്.

1972ൽ സ്റ്റോക്ക്ഹോമിൽ അഗ്നിത ഫാൽറ്റ്സ്കോഗ്, ബിജോൺ ഉൾവെയ്സ്, ബെന്നി ആൻഡേഴ്സൺ, ആനി-ഫ്രിഡ് ലിങ്സ്റ്റാഡ് എന്നിവർ ചേർന്ന് രൂപീകരിച്ച സ്വീഡിഷ് പോപ്പ് ഗ്രൂപ്പാണ് അബ്ബ. ഗ്രൂപ്പ് അംഗങ്ങളുടെ ആദ്യ പേരുകളുടെ ആദ്യ അക്ഷരങ്ങളുടെ ചുരുക്കമാണ് അബ്ബ എന്നത്. 1974 മുതൽ 1983വരെ ലോകമെമ്പാടുമുള്ള ചാർട്ടുകളിൽ ഒന്നാമതെത്തിയ അവർ ജനപ്രിയ സംഗീത ചരിത്രത്തിലെ ഏറ്റവും വാണിജ്യപരമായി വിജയിച്ച ഗ്രൂപ്പായി മാറിയിരുന്നു. അവരുടെ ജനപ്രീതി വർധിച്ചതോടെ ഗ്രൂപ്പിലെ ദമ്പതിമാരായ ബെന്നി ആൻഡേഴ്സൺ, ആനി-ഫ്രിഡ് ലിങ്സ്റ്റാഡ് എന്നിവരുടെയും അഗ്നേത ഫാൽറ്റ്സ്കോഗ്, ബ്യോൺ ഉൽവയസ് എന്നിവരുടെയും ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചു. ഇതോടെ രണ്ട് ദാമ്പത്യ ബന്ധങ്ങളും തകർച്ചയിൽ കലാശിക്കുകയായിരുന്നു. അവരുടെ ബന്ധത്തിലെ വിള്ളൽ ഗ്രൂപ്പിന്റെ സംഗീതത്തിൽ പ്രതിഫലിച്ചതോടെ 1982ൽ ആരാധകരെ തകർത്തുകൊണ്ട് അവർ ഗ്രൂപ്പ് പിരിച്ചു വിട്ടു. പിന്നീട് നാല് പാട്ടുകാരും സ്വതന്ത്ര സംഗീതത്തിലാണ് മുഴുകിയത്. 

40 വർഷത്തെ ഇടവേളയ്ക്കു ശേഷം ഗ്രൂപ്പ് അംഗങ്ങൾ വീണ്ടും അബ്ബയുടെ കീഴിൽ അണിനിരക്കുന്നത് സംഗീതപ്രേമികളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. ആദ്യത്തെ പുനഃസമാഗമ ആൽബമായ വോയേജ് 2021 നവംബറിൽ പുറത്തിറങ്ങുന്നതോടെ കൂടുതൽ ആൽബങ്ങൾ ഈ കൂട്ടുകെട്ടിൽ പിറക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA