റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ഒന്നര കോടിയിലേറെ കാഴ്ചക്കാരെ നേടി വിജയ് ചിത്രം ‘ബീസ്റ്റി’ലെ ‘അറബിക് കുത്ത്’ ഗാനം. അറബിക് ശൈലിയിൽ തമിഴ് ചേർത്തൊരുക്കിയ ഗാനത്തിനു പിന്നിൽ സൂപ്പർഹിറ്റ് സംഗീതസംവിധായകൻ അനിരുദ്ധാണ്.
നടൻ ശിവകാർത്തികേയൻ എഴുതിയ വരികൾ അനിരുദ്ധും ജോനിതാ ഗാന്ധിയും ചേർന്ന് ആലപിച്ചിരിക്കുന്നു. ചിത്രീകരണ വിഡിയോ അടക്കം ഉൾപ്പെടുത്തിയുള്ള ലിറിക് വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. ഏതാനും ദിവസങ്ങൾക്കു മുൻപു പുറത്തിറങ്ങിയ പ്രൊമോയും ഹിറ്റായിരുന്നു.
വിജയ്ക്കൊപ്പം മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ബീസ്റ്റ്’. പൂജ ഹെഗ്‌ഡെ നായികയായെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.