ടോവിനോ തോമസ് നായകനായെത്തുന്ന ‘തല്ലുമാല’യിലെ ആദ്യഗാനം പ്രേക്ഷകർക്കരികിൽ. ‘കണ്ണിൽ പെട്ടോളെ’ എന്നു തുടങ്ങുന്ന പാട്ട് പുറത്തിറങ്ങി മണിക്കൂറുകൾക്കകം ലക്ഷക്കണക്കിനു പ്രേക്ഷകരെയാണു സ്വന്തമാക്കിയത്. ടൊവിനോയുടെ ചടുലമായ ചുവടുകളാണ് പാട്ടിന്റെ മുഖ്യ ആകർഷണം. ഇതാദ്യമായാണ് പാട്ടിനൊപ്പം ചുവടുവച്ച് ടൊവിനോ അഭിനയിക്കുന്നത്. ചിത്രത്തിലെ നായികയായ കല്യാണി പ്രിയദർശന്റെ തകർപ്പൻ ചുവടുകളും പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കി.
അറബിക്കും മലയാളവും കോർത്തിണക്കിയാണ് പാട്ടിനു വരികളൊരുക്കിയിരിക്കുന്നത്. വിഷ്ണു വിജയ് സംഗീതം പകർന്നു. വിഷ്ണുവും ഇർഫാന ഹമീദും ചേർന്നാണു ഗാനം ആലപിച്ചത്. സുജിത് ശ്രീധർ മിക്സിങ്ങും മാസ്റ്ററിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തല്ലുമാല’. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന് കഥയൊരുക്കുന്ന ചിത്രം ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിങ് നിഷാദ് യൂസഫ്.