വിജയ് ദേവരകൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം ലൈഗറിലെ പ്രണയഗാനം പുറത്തിറങ്ങി. ‘ആഫത്’ എന്ന പേരിൽ റിലീസ് ചെയ്ത ഗാനം മൻസൂർ ഇബ്രാഹിമും ജ്യോത്സ്നയും ചേർന്നാണ് ആലപിച്ചത്. സിജു തുറവൂർ വരികൾ കുറിച്ച പാട്ടിന് തനിഷ്ക് ബഗ്ചി ഈണമൊരുക്കിയിരിക്കുന്നു. വിജയ് ദേവരക്കൊണ്ടയുടേയും അനന്യ പാണ്ഡേയുടേയും പ്രണയരംഗങ്ങളാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. പാട്ട് ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘അകടി പകടി’ എന്ന ഗാനവും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു.
പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സ്പോർട്സ് ആക്‌ഷൻ ത്രില്ലർ ആണ് ‘ലൈഗർ’. അഞ്ച് ഭാഷകളിൽ ചിത്രം റിലീസിനെത്തുന്നു. സാലാ ക്രോസ് ബ്രീഡ് എന്നാണ് ടാഗ് ലൈൻ. ഒരു ചായക്കടക്കാരനില്‍നിന്നു ലാസ്‌വെഗാസിലെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗർ. രമ്യ കൃഷ്ണൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രശസ്ത അമേരിക്കൻ ബോക്‌സിങ് താരം മൈക്ക് ടൈസൺ അതിഥിവേഷത്തിലെത്തുന്നുണ്ട്.
ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ലൈഗര്‍ പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ലൈഗർ മൊഴിമാറ്റിയുമെത്തും. വിജയ് ദേവരകൊണ്ടയുടെ ആദ്യ ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലൈഗർ ഓഗസ്റ്റ് 25 ന് തിയറ്ററിൽ എത്തും.