പുളി മിഠായിയുടെ സ്വാദ്, പിന്നെ ചൂരൽ കഷായത്തിന്റെ കയ്പും; ഓർമയില്ലേ ഓടിയകന്ന ആ സ്കൂൾ കാലം? മനസ്സു നിറച്ച് ‘ചോറ്റുപാത്രം’
Mail This Article
സ്കൂൾ കാലത്തെക്കുറിച്ചോർക്കുമ്പോൾ ഗൃഹാതുരത്വം തോന്നാത്ത ആരാണുള്ളത്? ജീവിതത്തിലെ ഏറ്റവും മനോഹരവും നിഷ്കളങ്കവുമായ ആ കാലം ഓരോരുത്തർക്കും സമ്മാനിച്ചത് പലവിധ ഓർമകളായിരിക്കും. ചില്ലുഭരണിയിലെ പുളി മിഠായിയും ഉപ്പിലിട്ടതും നാവിനെ കൊതിപ്പിച്ചപ്പോൾ അധ്യാപകരുടെ ചൂരൽ കഷായം എത്ര പേരെയായിരിക്കും കരയിപ്പിച്ചുണ്ടാവുക? കൂട്ടുകാർക്കൊപ്പമുള്ള കളിയും ചിരിയും വഴക്കും പിണക്കവും, പങ്കിട്ടു കഴിച്ച ഉച്ചഭക്ഷണത്തിന്റെ സ്വാദും, യൂണിഫോമിലെ മണ്ണും പൊടിയുമെല്ലാം നമുക്ക് നല്ലോർമകൾ തന്നെ. ഓരോ വിദ്യാലയ ചുവരുകളിലും ഇന്നുമുണ്ടായിരിക്കും കുസൃതിക്കൂട്ടങ്ങളുടെ കലപില ശബ്ദത്തിന്റെ അലയൊലികൾ!
ഗൃഹാതുരതയ്ക്ക് എപ്പോഴും പ്രത്യേക സൗന്ദര്യമാണ്. അതിനൊപ്പം ഇത്തിരി പാട്ടും കൂടെ ചേർന്നാൽ അത് ഇരട്ടിയാകും. അങ്ങനെ സ്കൂൾ കാലത്തെ ഓർമകളെ കൂട്ടുപിടിച്ചൊരുക്കിയ ‘ചോറ്റുപാത്രം’ എന്ന സംഗീത വിഡിയോ ആണ് ഇപ്പോൾ ആസ്വാദകഹൃദയങ്ങളെ പാട്ടിലാക്കിയിരിക്കുന്നത്. ആർ.രഘുപതി പൈ ഈണമൊരുക്കിയ ഗാനം വർഷ രഞ്ജിത് ആലപിച്ചിരിക്കുന്നു. രാജേഷ് തിരുമലയാണ് വരികൾ കുറിച്ചത്. ഒ.എസ്.സുനിൽ കുമാർ പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചു.
അതിമനോഹര ദൃശ്യമികവോടെയാണ് ‘ചോറ്റുപാത്രം’ പ്രേക്ഷകർക്കരികിലെത്തിയത്. ജയൻ ദാസ് ഗാനരംഗങ്ങളുടെ ചിത്രീകരണവും അരുൺ ദാസ് എഡിറ്റിങ്ങും നിർവഹിച്ചു. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ട പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. സ്കൂൾ കാലത്തിലേക്കു തിരികെ പോയതുപോലെ തോന്നുന്നുവെന്ന് ആസ്വാദകർ കുറിക്കുന്നു. ഇപ്പോൾ വീണ്ടുമൊരു അധ്യായന വര്‍ഷം കൂടി ആരംഭിച്ചപ്പോൾ കുട്ടികൾക്കു കൂട്ടായെത്തിയ ഗാനം പ്രേക്ഷകഹൃദയങ്ങളെ നല്ലോർമ കാലത്തിലേക്കു കൊളുത്തി വലിക്കുകയാണ്.