ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിൽ വിവാദങ്ങൾ പുകയുമ്പോഴും യൂട്യൂബിൽ കത്തിക്കയറി വിജയ് ചിത്രം ലിയോയിലെ ‘നാ റെഡി’ പാട്ട്. റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോൾ നാലര കോടിയിലേറെ പ്രേക്ഷകരാണ് പാട്ട് ആസ്വദിച്ചത്. പുറത്തിറങ്ങിയ അന്നു മുതൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ട് ഗാനം.
‘നാ റെഡി’ ഗാനം വിജയ് തന്നെയാണ് ആലപിച്ചത്. അനിരുദ്ധ് രവിചന്ദര്‍ ഈണമൊരുക്കി. വിജയ്‌യുടെ ജന്മദിനമായ ജൂൺ 22നായിരുന്നു പാട്ടിന്റെ റിലീസ്. ഗാനരംഗത്തിൽ വിജയ് സിഗരറ്റ് വലിക്കുന്നതും നൃത്തരംഗങ്ങളില്‍ ചുറ്റുമുള്ളവരുടെ കയ്യില്‍ ബീയര്‍ ഗ്ലാസുകള്‍ കാണിക്കുന്നതും ലഹരി ഉപയോഗത്തെ പുകഴ്ത്തുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നാണ് പാട്ടിനെതിരെ ഉയർന്ന പരാതി.
നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം വിജയ്‌ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശിയായ സാമൂഹ്യ പ്രവര്‍ത്തകനാണ് ചെന്നൈ പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നൽകിയത്. പിഎംകെ പ്രസിഡന്റും എംപിയുമായ അന്‍പുമണി രാമദോസും വിജയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.
പിന്നാലെ ലിയോയുടെ അണിയറപ്രവർത്തകർ ‘നാ റെഡി’യിൽ മാറ്റം വരുത്തി. ഗാനരംഗത്തിൽ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന ഭാഗങ്ങളില്‍ ‘ലഹരി ഉപയോഗം ആരോഗ്യത്തിന് ഹാനികരം’ എന്ന നിയമപരമായ മുന്നറിയിപ്പ് കൂട്ടിച്ചേർക്കുകയാണ് ചെയ്തത്.