മറക്കാനാകില്ല, ഈ പാട്ടിന്റെ ചടുലത; ഒപ്പം അരവിന്ദിനെയും

aravind-navya-nair-nandanam
SHARE

കാലമെത്ര കഴിഞ്ഞാലും ചില പാട്ടുകളുടെ ചടുലത നമ്മുടെ മനസ്സിനെ ഇങ്ങനെ തൊട്ടുണർത്തിക്കൊ   ണ്ടിരിക്കും. ഗാനത്തെക്കാൾ കൂടുതലായി ആ രംഗങ്ങളിലെ ഡാൻസ് ശ്രദ്ധിക്കുന്ന പാട്ടുകൾ മലയാളത്തിൽ കുറവാണ്. അതും വർഷങ്ങൾക്കിപ്പുറവും മായാതെ മനസ്സിൽ നിൽക്കുന്നവ. അത്തരത്തിലൊരു ഗാനമായിരുന്നു 2002ൽ പുറത്തിറങ്ങിയ ‘നന്ദന’ത്തിലേത്. അരവിന്ദ് എന്ന നടനെയും നർത്തകനെയും നമ്മൾ അറിയുന്നത് ഈ ചിത്രത്തിലൂടെയാണ്. ‘മനസ്സിൽ മിഥുനമഴ’ എന്ന ഗാനത്തിലെ നൃത്തം മാത്രം മതി അരവിന്ദ് എന്ന നർത്തകനെ മലയാളി മറക്കാതിരിക്കാൻ

മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം

ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം

സ്വരകലികയിലൂടെ ശ്രുതിലയ സുഖമോടേ

ഗന്ധര്‍വ സംഗീതം മംഗളരാഗമുതിര്‍ന്നുണരുന്നൂ

രാധേ നിന്‍ ശ്രീ പാദം ചഞ്ചലമാകുന്നു (മനസ്സില്‍...)

 

ദേവീ നീയാം മായാശില്പം ലീലാലോലം നൃത്തം വെയ്ക്കേ

ജ്വാലാമേഘം കാറ്റില്‍ പടര്‍ന്നൂ (2)

എന്‍ കണ്ണില്‍ താനേ മിന്നീ ശ്രീലാഞ്ജനം

 നിൻ കാല്‍ക്കല്‍ മിന്നല്‍ ചാര്‍ത്തീ പൊന്‍ നൂപുരം

ധിരന ധിരന സ്വരമണികളുതിരും നിന്റെ ചടുല നടനം തുടരൂ

ശിശിരയമുനയുടെ അലകള്‍ തഴുകുമൊരു തരള ലതകള്‍ വിടരൂ (മനസ്സില്‍...)

 

നീലാകാശ താരാജാലം ചൂഡാ രത്നം ചാര്‍ത്തീ നിന്നെ

സന്ധ്യാരാഗം പൊന്നില്‍ പൊതിഞ്ഞൂ (2)

വൈശാഖ തിങ്കള്‍ വെച്ചൂ ദീപാഞ്ജലി

നീഹാരം നെഞ്ചില്‍ പെയ്തു നീലാംബരി

മധുര മധുരമൊരു ശ്രുതിയിലരിയ വര  ഹൃദയമുരളിയുണരാൻ

കനക വരദമുദ്ര വിരിയുമുഷസ്സിലൊരുപ്രണയ കലികയുണരാൻ

പ്രണയ കലയിലൊരു ലതകളുഷസ്സിലുണരാൻ (മനസ്സില്‍..)

ചടുലമായി എത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാറും രാധിക തിലകും ചേർന്നാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ. രവീന്ദ്രന്റെ സംഗീതം. വരികൾക്കിണങ്ങും വിധം അരവിന്ദിന്റെ ചടലുമാർന്ന ചുവടുവെപ്പ്.  

ഗാനം കേൾക്കുന്നതിനേക്കാൾ ഉപരി കാണാൻ നമ്മളിഷ്ടപ്പെട്ടതും അരവിന്ദിന്റെ അതിഗംഭീര നൃത്തംകൊണ്ടു മാത്രമാണ്. സിനിമാ മേഖലയിലേക്ക് അരവിന്ദ് എത്തുന്നതു തന്നെ രഞ്ജിത്ത് സംവിധാനം നന്ദനത്തിലെ ശ്രീകൃഷ്ണന്റെ വേഷത്തിലാണ്.   പിന്നീട് തെന്നിന്ത്യയിൽ തന്നെ ഏതാനും ചിത്രങ്ങളിൽ അരവിന്ദ് വേഷമിട്ടു. നിരവധി ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താവായിരുന്നു അരവിന്ദ്. നിരവധി സിനിമകൾക്ക് കൊറിയോഗ്രഫി ചെയ്ത അരവിന്ദ് നൃത്തരംഗത്ത് സജീവമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA