ആരാണ് ഞാനറിയാത്ത നിന്റെ ആ കൃഷ്ണൻ?: പതറിപ്പോയ ചോദ്യവും ചോദിച്ചു വാങ്ങിയൊരിഷ്ടവും!

Biju-Menon-Samyukltha
SHARE

നിനക്കോര്‍മയുണ്ടോ ആ നിമിഷം... നിന്നെ ആദ്യമായി കണ്ട നിമിഷം... കാലമെത്ര കഴിഞ്ഞാലും ആ നിമിഷം നിന്റെ മുഖത്തു തെളിഞ്ഞ മന്ദഹാസം അതെനിക്കു മറക്കാനുമോ? പിന്നീടെപ്പോഴോ അറിയാതെ  മനസ്സിൽ തളിരിടുന്നൊരിഷ്ടം. അതിനെ മിനുക്കി മിനുക്കി മനോഹരമാക്കി സമ്മാനിക്കുമ്പോൾ നീയൊരു സ്വപ്നം മാത്രമാണെന്ന തിരിച്ചറിവു വരും. ആ തിരിച്ചറിവിൽ മനസ്സിൽ തളിരിട്ട സ്നേഹനാമ്പ് കരിഞ്ഞു. വേനലിലും വർഷത്തിലും ഒളിമങ്ങാതെ ഓർമകളിലേക്ക് ആ ഇഷ്ടം ഒഴുകിയെത്തും. ഈ പാട്ടു പറയും പോലെ. 

‘വാർമുകിലേ വാനിൽ നീ വന്നു നിന്നാൽ, ഓർമകളിൽ ശ്യാമ വർണൻ’. ഓർമപ്പെയ്ത്താണു മനസ്സിൽ. വരികളിൽ നിറയുന്നതു വിരഹമെങ്കിലും മനോഹര പ്രണയത്തിന്റെ തെളിമയുള്ള പാട്ട്. ജീവിക്കാൻ വേണ്ടിയൊരു ജീവിതം, എവിടെയോ നഷ്ടമായ പ്രണയം അതാണ് ഈ പാട്ടുപറയുന്നത്. 

ഭദ്രയുടെ കാത്തിരിപ്പായിരുന്നു ഈ ഗാനം. മഥുരയിലേക്കു പോയ കൃഷ്ണനെ കാത്തിരുന്ന രാധയുടേതു പോലെ വിഫലമായ കാത്തിരിപ്പ്. എങ്കിലും അവൾ ശാസ്ത്രികളെ പ്രണയിച്ചു കൊണ്ടേയിരുന്നു. തീർത്തും പ്രണയം നഷ്ടമായിപ്പോയ തന്റെ ജീവിതത്തിലേക്ക് നീലാംബരിയിൽ ഒരു കീർത്തനവുമായി അയാൾ പെയ്തിറങ്ങാനായി അവൾ കൊതിച്ചു

‘പണ്ടു നിന്നെ കണ്ട നാളില്‍ പീലി നീര്‍ത്തീ മാനസം. മന്ദഹാസം ചന്ദനമായി..മന്ദഹാസം ചന്ദനമായി. ഹൃദയരമണാ. ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞു പുഷ്പങ്ങള്‍ ജീവന്റെ താളങ്ങള്‍’ എന്നു പാടുമ്പോൾ അതിൽ തുളുമ്പി നിന്നതത്രയും പ്രതീക്ഷകളായിരുന്നു. പഴയ സ്വപ്നങ്ങളുമായി എന്നെങ്കിലും ശാസ്ത്രികൾ വരുമെന്ന സ്വപ്നം. എന്നെങ്കിലും അയാളിലേക്ക് മടങ്ങി എത്താമെന്ന സ്വപ്നം. കാത്തിരിപ്പിന്റെ കണ്ണീരിനുള്ളിലും ഒരായിരം സ്വപ്നങ്ങൾ ഒളിപ്പിച്ചുവെച്ച നിധിപോലെ പ്രണയരഹസ്യം കാത്തുസൂക്ഷിച്ച പാട്ടായിരുന്നു ഇത്. ഭർത്താവ് അരികിലുള്ളപ്പോഴും സ്വയം ഭദ്ര പ്രണയം പാടിപ്പോകുന്ന പാട്ട്. അതൊരു ധീരതയായിരുന്നു. ‘ആരാണ് ഞാൻ അറിയാത്ത നിന്റെ ഈ കൃഷ്ണൻ’ എന്ന് അയാൾ ചോദിക്കും വരെ.

ചിത്രം: മഴ

ഗാനരചന: യൂസഫലി കേച്ചേരി

സംഗീതം: രവീന്ദ്രൻ

പാടിയത്: കെ.എസ്. ചിത്ര

വാര്‍മുകിലേ വാനില്‍ നീ വന്നുനിന്നാലോര്‍മകളില്‍ 

ശ്യാമ വർണ്ണൻ (2)

കളിയാടി നില്‍ക്കും കദനം നിറയും

യമുനാനദിയായ് മിഴിനീര്‍ വഴിയും

(വാര്‍മുകിലേ)

പണ്ടുനിന്നെ കണ്ട നാളില്‍ പീലിനീര്‍ത്തീ മാനസം (2)

മന്ദഹാസം ചന്ദനമായി (2)

ഹൃദയരമണാ 

ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞുപുഷ്പങ്ങള്‍ 

ജീവന്റെ താളങ്ങൾ 

(വാര്‍മുകിലേ)

അന്നു നീയെന്‍ മുന്നില്‍വന്നൂ പൂവണിഞ്ഞൂ ജീവിതം (2)

തേൻകിനാക്കള്‍ നന്ദനമായി (2)

നളിനനയനാ 

പ്രണയവിരഹം നിറഞ്ഞ വാനില്‍ 

പോരുമോ നീ വീണ്ടും 

(വാര്‍മുകിലേ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SONG OF THE DAY
SHOW MORE
FROM ONMANORAMA