ADVERTISEMENT

പാട്ടുകൾ കാലാതിവർത്തിയായി നിൽക്കുന്നത് പല ഘടകങ്ങൾ കൊണ്ടാകാം. ചിലപ്പോൾ ഈണം മറ്റു ചിലപ്പോൾ ശബ്ദം അല്ലെങ്കിൽ വരികൾ ഇവയൊക്കെ പാട്ടിനെ എക്കാലവും നിലനിർത്താറുണ്ട്. ചില പാട്ടുകളുണ്ട്, നമ്മുടെ ഉള്ളിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവ. ഒരു ഭൂമികയെ മുഴുവനായി വരച്ചിടുന്ന  രചനയാണോ, അതോടൊപ്പം ചേർന്ന് ഒഴുകുന്ന സംഗീതമാണോ, ഇത്‌ രണ്ടിനേയും മറികടക്കുന്ന ആലാപനമാണോ മികച്ചു നിൽക്കുന്നതെന്നു നാം അറിയാതെ പോകും. വരികളിൽ നിന്ന് നേരിട്ട് വരും പോലെയുള്ള ഗാന ചിത്രീകരണവും അതിസ്വാഭാവികമായി അതിൽ അഭിനയിച്ചവരുടെ മികവും കൂടി ചേരുമ്പോൾ പാട്ടുകൾ അനശ്വരമാകും. എല്ലാം കൊണ്ടും കേൾവിക്കാരെ വിസ്മയിപ്പിക്കുന്ന പാട്ടാണ് ‘വെങ്കലം’ എന്ന ചിത്രത്തിൽ പി.ഭാസ്കരൻ മാഷും രവീന്ദ്രനും ചേർന്നൊരുക്കി കെ.എസ്. ചിത്ര പാടി അനശ്വരമാക്കിയ ‘പത്തുവെളുപ്പിന്...’.

 

സമസ്ത മേഖലയിലും മലയാളത്തിലെ മഹാപ്രതിഭകൾ ഒത്തുചേർന്ന സിനിമയായിരുന്നു1993ൽ പുറത്തിറങ്ങിയ വെങ്കലം. ലോഹിതദാസിന്റെ രചനക്ക് ഭരതനായിരുന്നു ചലച്ചിത്ര ഭാഷ്യം നൽകിയത്. ഭാസ്കരൻ മാഷിന്റെ വരികളുടെ ലാളിത്യവും ഭംഗിയും മലയാളി ഹൃദയങ്ങളിലേക്കേത്തിയ ഗാനങ്ങളായിരുന്നു ചിത്രത്തിലേത്.

 

‘പത്തുവെളുപ്പിന് മുറ്റത്ത് നിൽക്കുന്ന കസ്തൂരിമുല്ലക്ക് കാതുകുത്ത്....’ എന്നു തുടങ്ങുന്ന വരികളിലൂടെ വള്ളുവനാട്ടിലെ ഒരു കല്യാണവീട്ടിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടു പോവുകയാണ് ഭാസ്കരൻ മാഷ്.

 

‘പെണ്ണിന് രാത്രിയിൽ പൂത്തിരുവാതിര

ചെക്കന്റെ മോറ് ചെന്താമര’- എന്നൊരു കല്യാണ രാത്രിയെക്കുറിച്ച് നാട്ട് ഭാഷയിൽ എഴുതുന്നത് മലയാളത്തിൽ അപൂർവമായ അനുഭവമായിരുന്നു. അതുപോലെ തന്നെ മനോഹരമായി ഉപയോഗിച്ച വള്ളുവനാടൻ പദപ്രയോഗങ്ങളും.

 

കല്ലടിക്കോടും കിള്ളിക്കുറിശ്ശിയും മായന്നൂർക്കാവും പോലുള്ള അവിടത്തെ ഭൂമികയും പുള്ളിപുലിക്കളി, പാവക്കൂത്ത് തുടങ്ങിയ ഭംഗിയുള്ള കാഴ്ചകളുമൊക്കെയായി വള്ളുവനാടിനെ അങ്ങനെ വരച്ചിട്ടിരിക്കുകയാണ് അദ്ദേഹം. പാട്ടിനെ അതിന്റെ പൂർണ്ണതയിലെത്തിക്കുന്ന രവീന്ദ്രന്റെ സംഗീതവും ചിത്രയുടെ ആഴത്തിൽ പതിഞ്ഞ ആലാപനമികവും പാട്ടിനു നൽകിയ മാനം വളരെ വലുതാണ്. സിനിമയിൽ ഇല്ലെങ്കിലും പാട്ടിന്റെ ബിജു നാരായണൻ പാടിയ പതിപ്പിനും നിരവധി ആരാധകർ ഉണ്ട്. ഈ പാട്ടിന്റെ ഭംഗിയോട് സമന്വയിപ്പിച്ച ചിത്രീകരണ മിഴിവു കൊണ്ട്, ഉർവശിയുടെയും മുരളിയുടെയും അഭിനയ തികവ് കൊണ്ട് കേൾക്കാൻ മാത്രമല്ല കാണാനും തോന്നുന്നവിധം മലയാളികളുടെ മനസ്സിൽ എന്നുമുണ്ടാകും ഈ അനശ്വര ഗാനം.

 

 

സിനിമ: വെങ്കലം 

 

സംഗീതം: രവീന്ദ്രൻ

 

രചന: പി.ഭാസ്ക്കരൻ

 

ആലാപനം: കെ.എസ്. ചിത്ര, ബിജു നാരായണൻ

 

 

പത്തുവെളുപ്പിന് മുറ്റത്തുനിക്കണ

കസ്തൂരിമുല്ലക്ക് കാതുകുത്ത്

എന്റെ കസ്തൂരിമുല്ലക്ക് കാതുകുത്ത്

(പത്തുവെളുപ്പിന്)

 

വില്വാദ്രിനാഥൻ പള്ളിയുണരുമ്പോൾ

പഞ്ചമിചന്ദ്രന് പാലൂട്ട് (2)

വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന്

കല്ലടിക്കോട്ടുന്ന് കല്യാണം

(പത്തുവെളുപ്പിന്)

 

കല്യാണപ്പെണ്ണിനും ചെക്കനുമിന്ന്

കിള്ളിക്കുറിശ്ശിയിൽ വരവേൽപ്പ്(2)

നാക്കില നിറപറ പൂക്കുല പൊൻ‌കണി

നാലുംവച്ചുള്ളൊരു വരവേൽപ്പ്

(പത്തുവെളുപ്പിന്)

 

മാനത്തുരാത്രിയിൽ പുള്ളിപ്പുലിക്കളി

മായന്നൂർ കാവിൽ പാവക്കൂത്ത്

പെണ്ണിനുരാത്രിയിൽ പൂത്തിരുവാതിര

ചെക്കന്റെ മോറ് ചെന്താമര

(പത്തുവെളുപ്പിന്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com