"അണിനിലാ തിരിയിട്ട മണിവിളക്കായ് മനം അഴകൊടെ മിന്നി തുടിച്ചതാവാം
ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാണോ"
പ്രണയത്തെക്കാൾ ഭംഗി അതിനായുള്ള കാത്തിരിപ്പാണെന്ന് പറയാറുണ്ട്. പ്രണയ വിരഹങ്ങളെക്കുറിച്ച് നിരവധി പാട്ടുകൾ മലയാളത്തിൽ പുറത്ത് വന്നിട്ടുണ്ടെങ്കിലും പ്രണയത്തിനായുള്ള കാത്തിരിപ്പ് ഇവിടെ ഇത്രയധികം ആഘോഷിക്കപ്പെട്ടില്ല. 1997ൽ പുറത്തിറങ്ങിയ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന സിനിമയിലെ ‘പിന്നെയും പിന്നെയും’ എന്ന പാട്ട് വരികളുടെയും ആലാപനത്തിന്റെയും ഭംഗി കൊണ്ട് മാത്രമല്ല തീർത്തും വ്യത്യസ്തമായ ഒരു സന്ദർഭത്തെ കൂടി വരച്ചു കാണിച്ചാണ് കേൾക്കുന്നവരുടെ മനസ്സിൽ കയറിയത്. ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യാസാഗർ സംഗീതം നൽകി യേശുദാസ് പാടിയ ഈ പാട്ട് എക്കാലത്തെയും ഹിറ്റ് ചാർട്ടിൽ മുൻപന്തിയിലാണ്.
"പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊന്‍വേണുവൂതുന്ന മൃദു മന്ത്രണം ", എന്നു തുടങ്ങുന്ന പാട്ട് അപരിചിതരായ രണ്ട് പേരുടെ പ്രണയ സ്വപ്നങ്ങളിലൂടെയും അവർ കണ്ട് മുട്ടുന്ന യാത്രയിയിലൂടെയുമൊക്കെ സഞ്ചരിക്കുന്നു. സിനിമയുടെ കഥയോടും മൂഡിനോടുമൊക്കെ ചേർന്ന് കൊണ്ട് ഒഴുകുന്ന ഈ പാട്ട് 'അലയുമീ തെന്നലെൻ കരളിലെ തന്ത്രിയിൽ അലസമായ് കൈവിരൽ ചേർത്തതാവാം... മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകൾ മെല്ലെ പിടഞ്ഞതാവാം ", എന്ന് ഈ കാത്തിരിപ്പിനെ കുറിച്ചെഴുതുന്നു.
കൃഷ്ണഗുഡി റെയിൽവേ സ്റ്റേഷനും അവിടെ ഇതൾ വിരിയുന്ന ഗിരിയുടെയും മീനാക്ഷിയുടെയും പ്രണയവുമൊക്കെയാണ് കമൽ സംവിധാനം ചെയ്ത ഈ സിനിമ പറയുന്നത്. ആ പ്രണയത്തുടക്കത്തിനു മുൻപുള്ള കാത്തിരിപ്പാണ് 'പിന്നെയും പിന്നെയും'. കഥാസന്ദർഭങ്ങളോട് ഇഴുകി ചേർന്നുള്ള സംഗീതം, ഭംഗിയുള്ള വരികൾ, ഹൃദയം തൊടുന്ന ആലാപനം ഒക്കെയായി പാട്ട് സിനിമയോടു ചേർന്നു നിൽക്കുന്നു. ആ ചേർന്ന് നിൽക്കലിന്റെ ഭംഗി തന്നെയാണ് ഈ പാട്ടിനെ ഇന്നും എല്ലാവരുടെയും പ്രിയപ്പെട്ട ഒന്നാക്കുന്നത്.
ചിത്രം: കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
സംഗീതം: വിദ്യാസാഗർ
ഗിരീഷ് പുത്തഞ്ചേരി
ഗായകൻ: കെ ജെ യേശുദാസ്
ചിത്രം: കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊന്‍വേണുവൂതുന്ന മൃദു മന്ത്രണം
പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ
പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം
അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍
അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം
താനെ തുറക്കുന്ന ജാലകച്ചില്ലില്‍ നിൻ
തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം
തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍
നെറുകയില്‍ ചന്ദനം തൊട്ടതാവാം
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍
കുസൃതിയാല്‍ മൂളി പറന്നതാവാം
അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം
അഴകോടെ മിന്നി തുടിച്ചതാവാം
ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം