കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാർദ്രമേതോ സ്വകാര്യം
മറയുന്ന സന്ധ്യേ നിന്നെ തേടി
ഈറൻ നിലാവിൻ പരാഗം....
ഒറ്റ കേൾവിയിൽ കാതിലും മനസ്സിലും നിറയുന്ന ഈണവും വരികളുമാണ് പാട്ടുകളെ എന്നും കേൾക്കുന്നവരുടെ അകത്തളങ്ങളിൽ നിലനിർത്തുന്നത്. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും മുഴുവൻ ഭംഗിയുമുള്ള ഈണങ്ങൾ കാലമെത്ര കഴിഞ്ഞാലും ഇവിടെ ആർദ്രമായി നിലനിൽക്കും. സമ്മർ ഇൻ ബെത്‌ലഹേം എന്ന സിനിമ വിശേഷണങ്ങളൊന്നുമില്ലാതെ തന്നെ മലയാളികൾ വീണ്ടും വീണ്ടും കാണുന്ന, ആസ്വദിക്കുന്ന ഒന്നാണ്. സംവിധാനം, തിരക്കഥ, അഭിനയം തുടങ്ങി ആ സിനിമയുടെ ഓരോ മേഖലയിലും പണിയെടുത്തവരുടെ മികവ് എടുത്തു പറയേണ്ടതു തന്നെ. പക്ഷേ പാട്ടുകൾ ഇല്ലാതെ സമ്മർ ഇന്‍ ബത്‌ലഹേം എന്ന സിനിമയ്ക്കു നിലനിൽപ്പില്ല.
ബെത്‌ലഹേമിന്റെ തണുപ്പിലേക്ക്, അവിടുത്തെ അവധി കാലത്തിലേക്ക്, പ്രണയത്തിന്റെ സൗന്ദര്യത്തിലേക്ക് ഒപ്പം ഇന്നുമവസാനിക്കാതെ ആ സിനിമ ബാക്കി വച്ച സംശയത്തിലേക്ക് ഒക്കെ സംവിധായകനും സംഘവും നമ്മെ കൊണ്ടുപോവുകയാണ്.
‘എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു, ദൂര തീരങ്ങളും മൂക താരങ്ങളും സാക്ഷികൾ’ , എന്ന് പ്രണയം നിറച്ചു പാടുകയാണ് നമുക്കിന്നും അജ്ഞാതയായ, രവിശങ്കറിനെ പ്രണയിക്കുന്ന അവൾ. ആരെന്ന് ഒന്നുമറിയാത്ത അവളുടെ പ്രണയത്തെ മുഴുവൻ ഒറ്റ പാട്ടിലൂടെ കാണുന്നവരിലേക്ക് എത്തിക്കുന്ന മാജിക് ആണ് ഈ ഗാനം.
സിനിമയിലെ മറ്റെല്ലാ പാട്ടുകളെയും പോലെ ഈ പാട്ടും ഇന്നും മലയാളത്തിലെ ഹിറ്റ് ചാർട്ടുകളിൽ നിലനിൽക്കുന്നു. വിദ്യാസാഗറിന്റെ സംഗീതം, ഗിരീഷ് പുത്തഞ്ചേരിയുടെ രചന, സുജാതയുടെയും ശ്രീനിവാസിന്റെയും ആലാപനം... മികച്ചത് എന്തെന്നു കണ്ടു പിടിക്കാനാവാത്ത വിധം പൂർണതയുണ്ട് ഈ പാട്ടിനു പിന്നിലെ ഓരോ വിഭാഗത്തിനും. 1998 ലാണ് സമ്മർ ഇൻ ബെത്‌ലഹേം പുറത്തിറങ്ങിയത്. 25 വർഷം ആഘോഷിക്കാറായ ഈ വേളയിലും നായകനു പൂച്ചയെ അയച്ചു ബെത്‌ലഹേമിലെ അവധിക്കാലത്തെ എല്ലാ സംഭവങ്ങൾക്കും കാരണക്കാരിയായ പെൺകുട്ടിയെ മലയാളികൾ അന്വേഷിക്കാറുണ്ട്. ആ അന്വേഷണത്തിനു പ്രണയം നിറച്ച പശ്ചാത്തല സംഗീതമാവാറുണ്ട് സിനിമയിലെ പാട്ടുകൾ. ബെത്‌ലഹേമിലെ ഒരു കാലത്തിനെന്ന പോലെ മലയാള സിനിമയിലെ ഭംഗിയുള്ള ഒരു കാലത്തിന്റെയും ഈണമാണ് 'എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു...'
സംഗീതം: വിദ്യാസാഗർ
രചന: ഗിരീഷ് പുത്തഞ്ചേരി
ആലാപനം: സുജാത മോഹൻ/ ശ്രീനിവാസ്
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ
കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാർദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറൻ നിലാവിൻ പരാഗം
എന്നെന്നും ഈ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാൻ നിൽക്കവേ
പൂവിന്റെ നെഞ്ചിൽ തെന്നൽ മെയ്യും
പൂർണേന്ദു പെയ്യും വസന്തം
മെയ് മാസ രാവിൽ പൂക്കും മുല്ലേ
നീ തന്നു തീരാ സുഗന്ധം
ഈ മഞ്ഞും എൻ മിഴിയിലെ മൌനവും
എൻ മാറിൽ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാൻ...