ADVERTISEMENT

'ഒരു കാണാ നൂലിൽ ദൈവം കോർത്തു നമ്മെ, ഇനി എന്നാളും ഒന്നായി ചേർന്നിരിക്കാൻ '

 

ഒറ്റ കേൾവിയിൽ പ്രണയിയെ കുറിച്ചാണോ എഴുതുന്നത് എന്ന തോന്നലുണ്ടാവുമെങ്കിലും ഈ വരികൾ പാടുന്നത് ഒരു സുഹൃത്തിനെ പറ്റിയാണ്. ഉപാധികളോ കെട്ടുപാടുകളോ ഇല്ലാതെ എന്നും നമ്മുടെ കൂടെയുണ്ടാവുന്ന സുഹൃത്ത് സത്യത്തിൽ നമ്മൾ മുഖം കാണുന്ന കണ്ണാടി തന്നെയാണ്. വളരെ കുറച്ചേ സൗഹൃദങ്ങളെ കുറിച്ച് പാട്ടുകളും വർണ്ണനകളും ഉണ്ടാവാറുള്ളു... ഇത്രയധികം നമ്മുടെ ജീവിതത്തിന്റെയും അതിജീവിതത്തിന്റെയും ഭാഗമായതു കൊണ്ടാവാം... പക്ഷേ ഹാപ്പി ഡേയ്‌സിലെ ‘ഓ മൈ ഫ്രണ്ട്’ എന്ന പാട്ട് സൗഹൃദത്തെ ലളിതമായി ഭംഗിയായി വരികളിലേക്കും ഈണത്തിലേക്കും പകർത്തുന്നു.

 

ഡബ്ബ് ചെയ്തിറങ്ങുന്ന സിനിമയിലെ പാട്ടുകൾ പൊതുവെ ഈണത്തിനൊത്തു വരികൾ ഒപ്പിച്ചെഴുതുകയാണ് എന്ന ആരോപണം സ്ഥിരം നേരിടാറുണ്ട്. പക്ഷേ ഈ പാട്ട് ആദ്യം കേട്ടതു മുതൽ ഇന്നു വരെ ഉണ്ടാക്കിയ തരംഗം വളരെ വലുതാണ്. സ്കൂൾ, കോളജ് സൗഹൃദ കൂട്ടായ്മകളിൽ മുതൽ സുഹൃത്തുക്കൾ ഒത്തു ചേരുന്ന ഇടങ്ങളിലെല്ലാം ഈ പാട്ട് ഒഴുകി കൊണ്ടേ ഇരുന്നു. കേരളത്തിന്റെ ‘ഫ്രണ്ട്ഷിപ് ആന്തം’ എന്നാണ് ഇന്നും ആ പാട്ട് അറിയപ്പെടുന്നത്. ഒരു ഡബ്ബിങ് സിനിമയെ സംബന്ധിച്ചു വലിയ നേട്ടമാണിത്. ആ സിനിമയും ഈ പാട്ടും ജീവിതത്തിൽ മധുര മനോഹര കാലത്തേക്ക് നമ്മളെ കൂട്ടി കൊണ്ട് പോയ്ക്കൊണ്ടിരിക്കും. 

 

ഈ നേട്ടം വെറുതെ വന്നതല്ല. ഭംഗിയുള്ള ലളിതമായ വരികൾ, ഏത് ഭാഷയിലും ഉള്ളിൽ തട്ടുന്ന ഈണം, ഭംഗിയുള്ള ആലാപനം ഒക്കെ ഈ പാട്ടിനെ എന്നുമോർക്കുന്ന ഒന്നായി മാറ്റുന്നു. മിക്കി ജി മെയ്റുടെ സംഗീതം, രാജീവ് ആലുങ്കലിന്റെ മൊഴിമാറ്റിയ ഭംഗിയുള്ള വരികൾ, അജയ് സത്യന്റെ ഊർജം നിറഞ്ഞ ആലാപനം ഒക്കെ കൂടി ആ പാട്ടിനെ ഇന്നും ഇവിടെ നിലനിർത്തുന്നു. നമ്മൾ ഇപ്പോഴും നമ്മുടെ സുഹൃത്തുക്കളോടു പാടുന്നു, 

 

'മനസ്സിനു മറയില്ലാ

സ്നേഹത്തിനതീരില്ല, 

ഇനി നമ്മൾ പിരിയില്ല' എന്ന്...

 

 

സംഗീതം: മിക്കി ജെ മേയർ

 

വരികൾ: രാജീവ് ആലുങ്കൽ

 

ആലാപനം: അജയ് സത്യൻ 

 

 

മനസ്സിനു മറയില്ല സ്നേഹത്തിനതിരില്ല

ഇനി നമ്മൾ പിരിയില്ല വീ ആർ ഫ്രണ്ട്‌സ്

പുസ്തക താളുകളിൽ അക്ഷരത്താഴുകളെ

ഒന്നായി തുറന്നീടും വീ ആർ ഫ്രണ്ട്‌സ്

ദുഃഖങ്ങളിൽ കൂടെ നിൽക്കാം

സ്വർഗ്ഗങ്ങളെ സ്വന്തമാക്കാൻ

ഓ മൈ ഫ്രണ്ട്

നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം

ഓ മൈ ഫ്രണ്ട്

നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം 

 

സൗഹൃദങ്ങൾ പങ്കു വെച്ച് ഹൃദയവാതിൽ നാം തുറന്നേ

പതിയെ നമ്മൾ തമ്മിലേതോ പുതിയ ഭാവം കണ്ടറിഞ്ഞേ

ഒരു കാണാനൂലിൽ ദൈവം കോർത്തു നമ്മെ

എന്നും ഒന്നായി ഒന്നായി ചേർന്നിരിക്കാൻ

ദൂരെ ആകാശ തണലിൽ തനിച്ചിരിക്കാം

ദുഃഖങ്ങളിൽ കൂടെ നിൽക്കാം

സ്വർഗ്ഗങ്ങളെ സ്വന്തമാക്കാൻ

ഓ മൈ ഫ്രണ്ട്

നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം

ഓ മൈ ഫ്രണ്ട്

നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം

 

സ്നേഹമേ നീ കുട നിവർത്തി പൊൻവസന്തം നീ വിടർത്തി

മൗനമായെൻ നെഞ്ചിനുള്ളിൽ ആ സുഗന്ധം നീ പരത്തി

നിന്റെ കാണാത്ത കനവെന്റെ കവിളിൽ തൊട്ടു

എന്നിൽ മായാത്ത സ്വപ്നങ്ങൾ ചിറകണഞ്ഞു

ഈ അണയാത്ത സ്നേഹത്തിൻ അതിരില്ലാതെ

ദുഃഖങ്ങളിൽ കൂടെ നിൽക്കാം

സ്വർഗ്ഗങ്ങളെ സ്വന്തമാക്കാൻ

ഓ മൈ ഫ്രണ്ട്

നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം

ഓ മൈ ഫ്രണ്ട്

നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com