സേതുവും സുലുവും ഇപ്പോഴും എന്തൊക്കെയോ പറയുന്നില്ലേ? മിഥുനമാസ കിനാവ് കണ്ട് അവർ ഇപ്പോഴും പ്രണയിക്കുകയാണോ?

allimalar-kaavil-song
SHARE

‘പിന്നെയും ചിരിക്കുന്നു പൂവുകൾ

മണ്ണിലീ വസന്തത്തിൻ ദൂതികൾ’

കാലം മുന്നോട്ട് പോകുമ്പോൾ മനുഷ്യർക്കും ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് മാറ്റം വരാം. ചേർന്നു നിൽക്കുന്നവരെ പിരിയേണ്ടി വരാം. അതിനൊക്കെ കാലവും ഋതുഭേദങ്ങളുമൊക്കെ സാക്ഷിയാവും. ‘മിഥുനം’ കുറെയധികം അലച്ചിലുകളുടെയും വേദനകളുടെയും കഥ പറയുന്ന സിനിമയാണ്. അതിനപ്പുറം പ്രണയം, വിവാഹാന്തര ജീവിതം ഒക്കെ ഉള്ളു തൊടുന്ന രീതിയിൽ ആ സിനിമയിൽ കടന്നു വരുന്നു.

ഒരുപാട് സ്നേഹിച്ചവർ പിരിയുന്നത് ഒരുപാട് ഓർമകൾ ബാക്കിവച്ചാണ്. അങ്ങനെ ഒരോർമയുടെ തുരുത്തിൽ വച്ചാണ് സേതുമാധവനും സുലോചനയും പിരിയുന്നത്.

‘അല്ലിമലർ കാവിൽ പൂരം കാണാൻ അന്ന് നമ്മൾ പോയി രാവിൽ നിലാവിൽ’ എന്നവർ കുട്ടിക്കാലം മുതലുള്ള ഓർമകളിൽ മുഴുകുന്നു. ഓർമകളെയും വേദനകളെയും പാട്ടായി അത് പോലെ തന്നെ കേൾക്കുന്നവരിലേക്കെത്തിക്കുക പ്രയാസമാണ്. പക്ഷേ വളരെ ഭംഗിയായി ഈ പാട്ട് കേൾക്കുന്നവരിലേക്ക് മുറിവ് പടർത്തുന്നു.

മിഥുനം തിരശീലയ്ക്കു മുന്നിലും പിന്നിലും ഒരുപാട് വലിയ കലാകാരന്മാരുടെ ഒത്തുചേരൽ ആയിരുന്നു. ഈ പാട്ടിനു പിന്നിലുമുണ്ടായിരുന്നു അങ്ങനെയൊരു കൂടിച്ചേരൽ. എം.ജി.രാധാകൃഷ്ണന്റെ ആർദ്രമായ ഈണത്തിന് ഒഎൻവി കുറുപ്പിന്റെ കവിത തുളുമ്പുന്ന വരികൾ. ഒപ്പം എം.ജി.ശ്രീകുമാറിന്റെ ആലാപനവും കൂടിയാകുമ്പോൾ മലയാളത്തിൽ ജനിച്ചത് കവിതയും വിരഹവും ഓർമകളും നിറഞ്ഞു തുളുമ്പി നിൽക്കുന്ന അതിമനോഹരാമായ ഒരു പാട്ടാണ്. ഇന്നും കാലത്തിനൊപ്പം സഞ്ചരിക്കുന്ന മലയാളികളുടെ ഗൃഹതുരതയുടെ ഈണവും താളവുമായ പാട്ട്.

സിനിമ: മിഥുനം

 

സംഗീതം: എം.ജി.രാധാകൃഷ്ണൻ

 

രചന: ഒ.എൻ.വി.കുറുപ്പ്

 

ഗായകൻ: എം.ജി.ശ്രീകുമാർ

 

അല്ലിമലർക്കാവിൽ പൂരം കാണാൻ

അന്നു നമ്മൾ പോയി രാവിൽ നിലാവിൽ

ദൂരെയൊരാൽമര ചോട്ടിലിരുന്നു മാരിവിൽ

ഗോപുര മാളിക തീർത്തു

അതിൽ നാമൊന്നായ് ആടിപ്പാടി 

 

ഒരു പൊൻമാനിനെ തേടി നാം പാഞ്ഞു

കാതര മോഹങ്ങൾ കണ്ണീരിൽ മാഞ്ഞു

മഴവില്ലിൻ മണിമേട ഒരു കാറ്റിൽ വീണു

മണ്ണിലേ കളിവീടും മാഞ്ഞുവോ

ഇന്നതും മധുരമതോർമ്മയായ് 

മരുഭൂവിലുണ്ടോ മധുമാസ തീർത്ഥം 

 

വെറുതേ സൂര്യനെ ധ്യാനിക്കുമേതോ

പാതിരാപ്പൂവിന്റെ നൊമ്പരം പോലെ

ഒരു കാറ്റിലലിയുന്ന ഹൃദയാർദ്ര ഗീതം

പിന്നെയും ചിരിക്കുന്നു പൂവുകൾ 

മണ്ണിലീ വസന്തത്തിൻ ദൂതികൾ 

ഋതുശോഭയാകെ ഒരു കുഞ്ഞുപൂവിൽ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS