‘തൂമഞ്ഞിൽ നെഞ്ചിലൊതുങ്ങി മുന്നാഴി കനവ്
തേനോലും സാന്ത്വനമായി ആലോലം കാറ്റ്...’
പ്രണയത്തിന്റെ ഏറ്റവും തീവ്രമായ അവസ്ഥാന്തരങ്ങൾ മനുഷ്യർ അനുഭവിക്കുന്നത് വിരഹത്തിലാണെന്നു പറയാറുണ്ട്. ആ അവസ്ഥയും അതിന്റെ മുറിവും ഏറ്റവും തീവ്രമായി നമുക്കു മുന്നിൽ തുറന്നിടുന്ന പാട്ടുകളുണ്ട്. സമൂഹത്തിലെ ‘തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി’ അങ്ങനെയൊരു പാട്ടാണ്. പ്രണയ നഷ്ടം കൊണ്ട് ഒറ്റയ്ക്കായി പോയ കരച്ചിലിനെ ഭംഗിയായി ആ പാട്ട് കേൾക്കുന്നവരുടെ കാതിലെത്തിക്കുന്നു.
‘മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ, സ്വർണമീനുകളും പാടും കിളിയുമില്ലാതെ നീ ഇന്നേകാനായ് എന്തിനെൻ മുന്നിൽ വന്നു’- എന്ന് കേൾക്കുമ്പോൾ അതിശയം തോന്നുന്നത്രയും ഭംഗിയുള്ള വരികളെ വിരഹ വിഷാദത്തിന്റെ ആഴമുള്ള സംഗീതവും ആലാപനവുമായി നമ്മുടെ മുന്നിൽ എത്തിക്കുന്നുണ്ട് ഈ പാട്ട്. പ്രണയം മനുഷ്യന് ഏറ്റവും വലിയ കൂട്ട് തരും പോലെ അതിലും വലിയ ഏകാന്തതയും തരുന്നു എന്ന് ആ പാട്ട് മധുരമായി ഓർമിപ്പിക്കുന്നു.
ജോൺസൺ മാഷിന്റെയും കൈതപ്രത്തിന്റെയും യേശുദാസിന്റെയുമൊക്കെ ഒരുപാട് ക്ലാസ്സിക്കുകളിൽ ഒന്നാണ് സമൂഹത്തിലെ ‘തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി’. 30 വർഷമായി ഇവിടെ ഒരുപാട് പേരുടെ വിരഹത്തിനു സാക്ഷിയായി ഈ പാട്ട് ഒഴുകിക്കൊണ്ടേയിരിക്കുന്നത് എല്ലാ രീതിയിലുമുള്ള പൂർണത ഇവർ ഈ പാട്ടിനു നൽകിയതു കൊണ്ടുകൂടിയാണ്.
ഉള്ളിൽ മനോഹരമായി കൊളുത്തി വലിക്കുന്ന വേദന തന്നു കൊണ്ട് ഈ പാട്ട് ഇപ്പോഴും ഒഴുകുന്നു. ഭംഗിയുള്ള മുറിവിനെ വരികളിലേക്കും ഈണത്തിലേക്കും ശബ്ദത്തിലേക്കും വിവർത്തനം ചെയ്തതു പോലൊരു അനുഭവമായി ഈ പാട്ട് എന്നും ഇവിടെ നിറഞ്ഞു നിൽക്കും.
ചിത്രം: സമൂഹം
സംഗീതം: ജോൺസൺ
ഗാനചരന: കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം: യേശുദാസ്
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ )
പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
ആരാമപ്പന്തലിൽ വീണു പോയെന്നോ
മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
പനിനീർ മണം തൂകുമെൻ തിങ്കളേ...
കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ
തോരാഞ്ഞീ പൂവിരൽ തൊട്ടു
പോയെന്നോ
കളഭമില്ലാതെ മാനസഗീതമില്ലാതെ
വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
എതിരേൽക്കുവാൻ വന്നുവോ തിങ്കളേ...