‘മഞ്ഞണിഞ്ഞ മലരിയില്‍ നിനവുകള്‍ മഞ്ഞളാടി വന്ന നാൾ
ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍
പൂരം കൊടിയേറും നാള്‍ ഈറന്‍ തുടിമേളത്തൊടു
ഞാനും വാല്‍ക്കണ്ണാടി നോക്കി’
പ്രണയം കൊണ്ട് നിറയുമ്പോൾ ചുറ്റും കാണുന്നതൊക്കെ അതിമനോഹരമാകുെമന്നു പറയാറുണ്ട്. പ്രണയകാലത്ത് വാൽക്കണ്ണാടിയിൽ നോക്കിയാലോ... പ്രണയത്തെ ഏറ്റവും സുന്ദരമായി കാണികളിലെത്തിച്ച ഭരതൻ സംവിധാനം ചെയ്ത കേളിയിലെ ക്ലാസ്സിക് ഗാനമാണ് ‘താരം വാൽക്കണ്ണാടി നോക്കി’. ഭരതന്റെ തന്നെ മനോഹരമായ സംഗീതസംവിധാനത്തിൽ കൈതപ്രത്തിന്റെ ഉള്ളു തൊടുന്ന വരികളിൽ ഈ പാട്ട് ഓരോ കേൾവിയിലും തൊടുന്നത് കേൾക്കുന്നവരുടെ ആത്മാവിലാണ്. ചിത്രയുടെ പകരം വയ്ക്കാനില്ലാത്ത ശബ്ദവും ആലാപനവും കൂടിയാവുമ്പോൾ പാട്ടിന്റെ ഭംഗി ഒന്നുകൂടി ഉയരുന്നു.
നാരായണൻ കുട്ടിയുടെയും ശ്രീദേവിയുടെയും പ്രണയകാലം സിനിമയിൽ അടയാളപ്പെടുത്തുന്ന പാട്ടാണ് ‘താരം വാൽക്കണ്ണാടി നോക്കി’. ദൂരെയേതോ താരം നോക്കിയ വാൽക്കണ്ണാടിയെക്കുറിച്ചു പറഞ്ഞു തുടങ്ങുന്ന പാട്ട് ഞാനും നമ്മളും നോക്കുന്ന വാൽക്കണ്ണാടിയിൽ എത്തുന്നു. പ്രണയം നിറഞ്ഞ രാത്രിയിൽ രണ്ട് പേർ നിറഞ്ഞ മനസ്സോടെ നോക്കുന്ന വാൽക്കണ്ണാടിയെക്കുറിച്ച് പാടി ചിത്ര കേൾക്കുന്നവരുടെ മനസ്സിലും പ്രണയം നിറയ്ക്കുന്നു.
പ്രേക്ഷകരെ മുഴുവൻ പാട്ടിന്റെ മൂഡിലേക്കു പതിയെ കൊണ്ടെത്തിക്കുന്ന മാജിക് ഉണ്ട് ചില പാട്ടുകൾക്ക്. പതിയെ പതിയെ കേൾക്കുന്നവരിലേക്ക് ആ പാട്ട് ആഴ്ന്നിറങ്ങുന്നു. അങ്ങനെ ആഴ്ന്നിറങ്ങി ഇന്നും മനസ്സിൽ നിന്ന് ഇറങ്ങി പോകാത്ത ഗാനമാണ് ‘താരം വാൽക്കണ്ണാടി നോക്കി’...
ചിത്രം: കേളി
സംഗീതം: ഭരതൻ
രചന: കൈതപ്രം
ആലാപനം: കെ.എസ് ചിത്ര
താരം വാൽക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാൽക്കണ്ണാടി നോക്കി
നിലാവുചൂടി ദൂരെ ദൂരെ ഞാനും
വാൽക്കണ്ണാടി നോക്കി
മഞ്ഞണിഞ്ഞ മലരിയിൽ
നിനവുകൾ മഞ്ഞളാടി വന്ന നാൾ
ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ
പൂരം കൊടിയേറും നാൾ
ഈറൻ തുടിമേളത്തൊടു ഞാനും
നൂറു പൊൻതിരി നീട്ടിയെൻ
മണിയറ വാതിലോടാമ്പൽ നീക്കി ഞാൻ
ഇലക്കുറി തൊട്ടു കണിക്കുടം തൂവി
ഇല്ലം നിറ ഉള്ളം നിറ
മാംഗല്യം പൊഴിയുമ്പോൾ നമ്മൾ
ആ... ആ... ആ... നമ്മൾ