ADVERTISEMENT

കാവേരി തീരത്ത് ഒരിക്കൽ കൂടി അവരൊന്നിച്ചപ്പോൾ, ആ പ്രണയനിമിഷങ്ങളിലേക്ക് എവിടെനിന്നോ ‘ശുദ്ധസാവേരി’ രാഗത്തിൽ ഒരു രവീന്ദ്ര സംഗീതം ഒഴുകിയെത്തി. 

 

 

‘കാവേരീ, പാടാമിനി സഖി നിന്‍ ദേവന്റെ സോപാനമായ്...

 

ആരോമലേ, അലയാഴിതന്‍ ആനന്ദമായ് അലിയുന്നു നീ

 

ആശ്ലേഷമാല്യം സഖീ... ചാര്‍ത്തൂ..’

 

 

മലയാളികളുടെ പ്രിയ കവി ഒഎൻവിയുടെ മനോഹരമായ വരികൾക്ക്, രവീന്ദ്രൻ ശുദ്ധസാവേരി രാഗത്തിലൊരുക്കിയ മാസ്മരിക സംഗീതവും യേശുദാസിന്റേയും ചിത്രയുടേയും സ്വരമാധുരിയും കൂടി ചേർന്നപ്പോൾ പിറന്നത് മലയാളത്തിലെ ഏറ്റവും മികച്ച പ്രണയഗാനങ്ങളിൽ ഒന്ന്.

 

പുരാണത്തിലെ ശിവ പാർവതി പരിണയം ആസ്പദമാക്കി ആർ.സുകുമാരൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ‘രാജശില്പി’ എന്ന ചിത്രത്തിലേതാണ് ഈ പാട്ട്. മോഹൻലാലും ഭാനുപ്രിയയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രം പുറത്തിറങ്ങിയത് 1992ൽ. 

 

ശിവന്റെ പത്നിയായ സതി മരണശേഷം പാർവതിയായി പുനർജന്മം നേടി എന്നൊരു സങ്കൽപ്പമുണ്ട്. ഈ പുരാണകഥ ഇതിവൃത്തമാക്കിയാണ് രാജശില്പി ഒരുക്കിയിരിക്കുന്നത്.

 

തന്നെ മാത്രം പ്രണയിച്ചു കാത്തിരിക്കുന്ന ദുർഗയുടെ സ്നേഹത്തെ അവഗണിച്ചു കൊണ്ട്, മരിച്ചു പോയ ഭാര്യ ഉമയുടെ ഓർമകളിൽ മുഴുകി നടക്കുന്ന ശംഭു, 

ഒടുവിൽ ആ ദുർഗ തന്റെ ഉമ തന്നെയാണെന്നു തിരിച്ചറിയുന്ന നിമിഷത്തിലാണ് ഈ ഗാനം സിനിമയിൽ അവതരിപ്പിക്കുന്നത്.

 

എങ്ങോ തനിക്കു നഷ്ടപ്പെട്ട, വീണ്ടും തന്റെ ജീവിതത്തിലേക്കെത്തിയ ഉമയെ ചേർത്തു പിടിക്കുന്ന ശംഭുവിന്റേയും താൻ തേടിയെത്തിയ ഇത്രയും നാൾ മനസ്സിലേറ്റിയ ശംഭു തന്റെ പ്രണയം തിരിച്ചറിഞ്ഞു ഹൃദയത്തോടു ചേർക്കുമ്പോഴുള്ള ദുർഗയുടേയും ഹൃദയവികാരങ്ങളെയും  ആവാഹിച്ചുകൊണ്ടെഴുതിയതാണു പാട്ടിലെ മനോഹരമായ വരികൾ. ആ വരികളെ ഹൃദയം കൊണ്ട് ചേർത്ത വരികളും ആലാപനവും പാട്ടിനെ വേറിട്ടൊരനുഭവമാക്കി മാറ്റുന്നു.

 

 

ചിത്രം: രാജശില്പി

 

സംഗീതം: രവീന്ദ്രൻ

 

ഗാനരചന: ഒഎൻവി 

 

ആലാപനം: കെ.എസ്.ചിത്ര, കെ.ജെ.യേശുദാസ്

 

 

 

കാവേരീ, പാടാമിനി സഖി നിന്‍ ദേവന്റെ സോപാനമായ്...

 

ആരോമലേ, അലയാഴിതന്‍ ആനന്ദമായ് അലിയുന്നു നീ

 

ആശ്ലേഷമാല്യം സഖീ... ചാര്‍ത്തൂ..

 

 

 

നീളേ വിരഹിണിപോലെ പകലിരവാകേ അലയുകയായ്...

 

എങ്ങോ പ്രിയതമനെങ്ങോ നിറമിഴിയോടെ തിരയുകയായ്...

 

വനതരുസഖിയൊടുമരിയൊരു കിളികളോടും...ദീനദീനമെത്ര കേണു തിരയുകയായ്...

 

ഹൃദയേശ്വരതിരുസന്നിധി അണയുന്നിത സഖി നീ...

 

 

 

പാടും പ്രിയതരമാടും തിരകളിലാഴും സുഖനിമിഷം..

 

ഒന്നായ് ഉടലുകള്‍ചേരും ഉയിരുകള്‍ചേരും നിറനിമിഷം..

 

അരുമയൊടനുപദമനുപദമിവളണയേ..

 

ആത്മഹര്‍ഷമാര്‍ന്നുപാടുമലകടലേ...

 

മധുരധ്വനിതരളം തിരുനടനത്തിനൊരുങ്ങൂ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com