ADVERTISEMENT

കുട്ടിക്കാലത്തു ഞാൻ കേട്ട കഥകളിൽ ശലഭങ്ങൾ പറന്നു വരാൻ തുടങ്ങിയത് എന്നു മുതലാണെന്ന് എനിക്കോർമയില്ല. കഥയെടുപ്പുള്ള കൊമ്പനാനയെ സൂചിമുന കൊണ്ട് നുള്ളിനോവിച്ച തുന്നൽക്കാരനും ആരും മണികെട്ടാൻ മടിക്കുന്ന കള്ളിപ്പൂച്ചയും തിളവേനലറുതിയിൽ ഒരു തുള്ളി വെള്ളത്തിനായി മൺകുടത്തിൽ ചരൽക്കല്ലു കൊത്തിയിട്ട കറുമ്പിക്കാക്കയും ഒന്നാമതെത്താനുള്ള നെട്ടോട്ടപ്പന്തയത്തിനിടയിൽ ഉറങ്ങിപ്പോയ മുയലച്ചാരുമൊക്കെയായിരുന്നു ആദ്യം കേട്ടറിഞ്ഞ തിരക്കഥാപാത്രങ്ങൾ.. അവരോടു കൂട്ടു കൂടാൻ വേണ്ടിമാത്രം രാത്രികളെ കാത്തിരിക്കുമായിരുന്നു എന്റെ പകലുകൾ. ഇളയരാജ ഈണമിട്ട ‘തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം... എന്ന പാട്ടിന്റെ പല്ലവിയായിരിക്കാം കൽക്കണ്ടക്കുന്നിന്റെ ചരിവുകളിലേക്കും കാക്കോത്തിക്കാവിന്റെ കുളിരിലേക്കും എന്റെ കുട്ടിക്കാലത്തെ കൂട്ടിക്കൊണ്ടു പോയതെന്നു പിന്നീട് തോന്നാറുണ്ട്. എത്ര മുതിർന്നാലും മലയാളിയുടെ കുട്ടിപ്പാട്ടീണങ്ങളിൽ ഇളയരാജയുടെ ഈ തുമ്പി പാറിക്കളിക്കാതിരിക്കില്ല.  

 

1982ൽ പുറത്തിറങ്ങിയ ‘ഓളങ്ങൾ’ എന്ന ചിത്രം നമ്മുടെ നൊസ്റ്റാൾജിയയുടെ സംഗീതംകൂടിയാണ് പാടിക്കേൾപ്പിച്ചത്. തിരക്കഥയിലും സംവിധാനത്തിലും ഛായാഗ്രഹണത്തിലും ബാലു മഹേന്ദ്രയുടെ മികവറിയിച്ചൊരു പാവം ചിത്രം. അമോൽ പലേക്കറും പൂർണിമ ജയറാമും തിരക്കാഴ്ചയിൽ നിറഞ്ഞുനിന്ന ഒരു കൊച്ചുകുടുംബചിത്രം. ഒഎൻവി കുറിച്ച വരികൾക്കു ഗായിക എസ്.ജാനകി ചുണ്ടുചേർത്തപ്പോൾ ഏതൊരമ്മയും തന്റെ അരുമക്കുടത്തിനു പാടിക്കൊടുക്കുന്ന കളിയീണമുണരുകയായിരുന്നു. സിനിമയേക്കാൾ ഹിറ്റായി ഗാനം. ഈണത്തിന്റെ മാസ്മരികത കൊണ്ടാവാം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വരെ ഇതേ ഈണത്തിൽ ഇളയരാജ പിന്നീട് പാട്ടൊരുക്കി. ബാലു മഹേന്ദ്രയുടെ തന്നെ അന്യഭാഷാ ചിത്രങ്ങളിൽ ഇതേ ഈണം ആവർത്തിക്കപ്പെട്ടു. തെലുങ്ക് ചിത്രമായ ‘നിരീക്ഷണ’യിലും അതിന്റെ തമിഴ് റിമേക്കിലും ഈ ഈണം നാം കേട്ടു. തമിഴ് ചിത്രമായ ‘ഓട്ടോ രാജ’യിലും 1996ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ‘ഓർ ഏക് പ്രേം കഹാനി’യിലും ഇതേ ഈണം വേണമെന്നു ബാലുമഹേന്ദ്ര ശഠിച്ചതും വെറുതെയല്ല.  

 

ഭാഷാഭേദാമന്യേ ആസ്വാദകർ നെഞ്ചിലേറ്റുന്ന ഇളയരാജസംഗീതത്തിന്റെ മാജിക് ഓരോ കേൾവിയിലും ഇപ്പോഴും തുടരുന്നു. പാട്ടിന്റെ തുടക്കത്തിലുള്ള ലാ..ലാ..ലല..ലല... എന്ന ഹമ്മിങ് തന്നെയായിരുന്നു പാട്ടിന്റെ ഏറ്റവും വലിയ ആകർഷണം. അതിനൊത്തു പാട്ടിലുടനീളം മുഴങ്ങുന്ന പാശ്ചാത്യ സംഗീതത്തിന്റെ മാസ്മരികത കൂടി ഇഴചേരുമ്പോൾ ആരും കൂടെച്ചേർന്നുപാടാതെ പോകില്ല ഈ ഈണം...  

 

ചിത്രം: ഓളങ്ങൾ 

ഗാനം: തുമ്പീ വാ 

രചന: ഒഎൻവി 

സംഗീതം: ഇളയരാജ 

ആലാപനം: എസ്.ജാനകി 

 

തുമ്പീ വാ തുമ്പക്കുടത്തിൻ‌ 

തുഞ്ചത്തായ് ഊഞ്ഞാലിടാം‌ം (2) 

ആകാശപ്പൊന്നാലിന്നിലകളെ 

ആയത്തിൽ തൊട്ടേ വരാം‌ (2) 

തുമ്പീ വാ തുമ്പക്കുടത്തിൻ‌ 

തുഞ്ചത്തായ് ഊഞ്ഞാലിടാം‌ം (2) 

 

മന്ത്രത്താൽ പായുന്ന കുതിരയെ 

മാണിക്യകയ്യാൽ‌ തൊടാം‌ം (2) 

ഗന്ധർവ്വൻ‌ പാടുന്ന മതിലക 

മന്ദാരം‌ പൂവിട്ട തണലിൽ (2) 

ഊഞ്ഞാലേ പാടാമോ 

ഊഞ്ഞാലേ പാടാമോ 

മാനത്തു മാമന്റെ തളികയിൽ 

മാമുണ്ണാൻ പോകാമൊ നമുക്കിനി 

(തുമ്പീ വാ) 

 

പണ്ടത്തെ പാട്ടിന്റെ വരികൾ 

ചുണ്ടത്ത് തേൻ‌തുള്ളിയായ് (2) 

കൽക്കണ്ട കുന്നിന്റെ മുകളിൽ 

കാക്കാച്ചി മേയുന്ന തണലിൽ (2) 

ഊഞ്ഞാലേപാടിപ്പോയ് 

ഊഞ്ഞാലേപാടിപ്പോയ് 

ആക്കയ്യിൽ ഈക്കയ്യിലൊരുപിടി 

കയ്ക്കാത്ത നെല്ലിക്കായ് മണി തരൂ 

(തുമ്പീ വാ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com