ആ കണ്ണീർ തിരകൾ ഇനിയും അടങ്ങിയിട്ടില്ല, ഉള്ളിലിരമ്പിയ സങ്കടക്കടൽ അത്രയേറെ ആഴമുള്ളതല്ലേ?

Mail This Article
ഉണരുമീ ഗാനം
ഉരുകുമെന്നുള്ളം...
കടൽ കാണാൻവരുന്ന ഓരോരുത്തരുടെയും ഉള്ളിൽ കലമ്പിയാർക്കുന്ന മറ്റൊരു കടലുണ്ടെന്നു തോന്നാറുണ്ട്... ഉൾവേവിന്റെ കടൽ...കണ്ടുനിൽക്കുന്നവരുടെ ഉള്ളിലിരമ്പുന്ന തീരാനൊമ്പരങ്ങളുടെ വേവുകളേറ്റു വാങ്ങിയാകണം കടൽ അടങ്ങാതായത്, തിര ഒടുങ്ങാതായത്.. അതുകൊണ്ടായിരിക്കാം കടലിന്റെ കാത്തിരിപ്പിനു പോലും ഒരു കയ്‌പും കാൽപനികതയുമുണ്ടായത്...
കടലാഴത്തിന്റെ കഥയാണ് പത്മരാജന്റെ ‘മൂന്നാം പക്കം. കടലെടുക്കുന്ന കാത്തിരിപ്പിന്റെയും. മൂന്നാം പക്കത്തിലെ ‘ഉണരുമീ ഗാനം’ എന്ന പാട്ടു കേൾക്കുമ്പോഴൊക്കെ ഞാൻ ഒർമിക്കാറുണ്ട്, കൊച്ചുമകനെ കാത്തിരുന്ന ഒരു മുത്തശ്ശന്റെ കഥ. കാത്തിരുന്നു കാത്തിരുന്നു മുതിർന്ന മുത്തശ്ശന്റെ കഥ... കാത്തിരിപ്പിനു ശേഷമുള്ള കൂടിച്ചേരലിനൊടുവിൽ കൺനനയിച്ച വേർപാടിന്റെ കഥ. അതു കൊണ്ടാകാം ഇളയരാജയുടെ ഈണത്തിൽ വേണുഗോപാൽ ‘ഉണരുമീ ഗാനം’ പാടുമ്പോൾ കേട്ടുനിൽക്കുന്നവരുടെ ഉള്ളിലും ഒരു തേങ്ങലിരമ്പുന്നത്. കഥ പറഞ്ഞു തീരുമ്പോഴും നിറകണ്ണുകളിൽ തിരയൊടുങ്ങാതാകുന്നത്.
പത്മരാജൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം എക്കാലവും നമുക്കൊരു നൊമ്പരമായി ബാക്കിയാകുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് കല്യാണി രാഗത്തിൽ ഇളയരാജ ഈണമിട്ട ഈ ഗാനം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മെലഡികളിലൊന്നായതും അതുകൊണ്ടാണ്. ജി.വേണുഗോപാലിന്റെ ഭാവമധുരമാർന്ന ശബ്ദത്തിൽ ഈ ഗാനം കേട്ടിരിക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു സങ്കടക്കടൽ ഇരമ്പിയാർക്കുന്നപോലെ.. വേണുഗോപാലിന്റെ സംഗീതജീവിതത്തിലെ അവിസ്മരണീയ അനുഭവംകൂടിയായി മാറുകയായിരുന്നു ഈ ഗാനം.
ഗാനം: ഉണരുമീ ഗാനം
ചിത്രം: മൂന്നാംപക്കം
ഗാനരചന: ശ്രീകുമാരൻ തമ്പി
സംഗീതം: ഇളയരാജ
ആലാപനം: ജി. വേണുഗോപാൽ
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹലാളനം നീ നീന്തും സാഗരം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
കിലുങ്ങുന്നിതറകൾ തോറും
കിളിക്കൊഞ്ചലിന്റെ മണികൾ
കിലുങ്ങുന്നിതറകൾ തോറും
കിളിക്കൊഞ്ചലിന്റെ മണികൾ
മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം
മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം
എന്നിലെ എന്നേ കാണ്മൂ ഞാൻ നിന്നിൽ
വിടർന്നൂ മരുഭൂവിൻ എരിവെയിലിലും പൂക്കൾ
നിറമാലചാർത്തി പ്രകൃതി
ചിരികോർത്തു നിന്റെ വികൃതി
നിറമാലചാർത്തി പ്രകൃതി
ചിരികോർത്തു നിന്റെ വികൃതി
വളരുന്നിതോണഭംഗി പൂവിളികളെങ്ങും പൊങ്ങി
വളരുന്നിതോണഭംഗി പൂവിളികളെങ്ങും പൊങ്ങി
എന്നിൽ നിന്നോർമ്മയും പൂക്കളം തീർപ്പൂ
മറയായ്കീ മധുരം ഉറഞ്ഞു കൂടും നിമിഷം