ADVERTISEMENT

‘പ്രണയത്തിന്റെ രതിഭാവം’ ഇത്ര മനോഹരമായി ആവിഷ്കരിച്ച മറ്റൊരു ഗാനം മലയാളത്തിലുണ്ടോ എന്നു സംശയമാണ്. ഒരു ചിത്രം വരച്ച പോലെയാണ് ഭരതന്റെ ഓരോ ഫ്രെയിമും ഈ ഗാനത്തില്‍ നിറഞ്ഞത്. കവിത തുളുമ്പുന്ന വരികൾ കാലത്തിനപ്പുറത്ത് പ്രണയ ഹൃദയങ്ങളെ തൊട്ടു. ഒരേസമയം മനസ്സുകൊണ്ട് മലയാളി സ്വീകരിക്കുകയും, കപട സദാചാരങ്ങളെ കൊണ്ടു തള്ളുകയും ചെയ്ത ഗാനം. എന്നാൽ, അതിമനോഹരമായ കാവ്യസൃഷ്ടിയാണു പ്രണയത്തിന്റെ ഈ ‘ഇന്ദ്രനീലിമ’യെന്നത് കാലാതീത ഭാവത്തിൽ നിന്നു വ്യക്തം. 

കുടുംബസമേതമിരുന്ന് ടിവി കാണുമ്പോൾ ഈ ഗാനം വന്നാൽ ഒന്നുകിൽ ചാനൽ പെട്ടന്ന് മാറ്റപ്പെടും. അല്ലെങ്കിൽ, ആ സമയം ‘നിനക്കു പഠിക്കാനൊന്നുമില്ലേ’ എന്ന ചോദ്യം നേരിടാത്ത കൗമാരക്കാരനോ കൗമാരക്കാരിയോ നമുക്കിടയിൽ കുറവായിരിക്കും. സത്യത്തിൽ സദാചാര മൂല്യത്തിന്റെ അങ്ങേയറ്റത്ത് നിഷേധിക്കപ്പെട്ട മനോഹരമായ ഗാനം പിന്നീട് കാണുന്നതു വളരെ വൈകിയാകും. അന്ന് നിഷേധിച്ചതിന്റെ ജാള്യത ഉള്ളിലുള്ളതു കൊണ്ട് ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കിയായിരിക്കും ചിലപ്പോൾ ഇന്നും പാത്തുംപതുങ്ങിയും പാട്ടു കാണുന്നത്. 

1988ൽ ‘വൈശാലി’ എത്തുമ്പോൾ തന്നെ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ദൃശ്യങ്ങളിലെ മനോഹാരിതയും സംഗീതവും ആലാപനവും കപടസദാചാര ബോധത്തിന്റെ കെട്ടുകൾ പൊട്ടിച്ചു. ‘ഹിന്ദോള’ രാഗത്തിൽ കെ.എസ്.ചിത്രയുടെ അതിമനോഹരമായ ആലാപനം. വരികളെഴുതിയ ഒഎൻവിയും സംഗീതം നൽകിയ ബോംബെ രവിയും നമ്മെ വിട്ടു പിരിഞ്ഞെങ്കിലും കാലാതീതമായി നിൽക്കുകയാണ് ഗാനം. തലമുറകളിൽ പ്രണയ രതിയുടെ സ്വപ്നങ്ങൾ നിറച്ചു തന്നെ...

 

ഗാനം: ഇന്ദ്രനീലിമയോലും 

 

രചന: ഒഎൻവി

 

സംഗീതം: ബോംബെ രവി

 

ആലാപനം: കെ.എസ്.ചിത്ര

 

 

ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ

 

ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു(2)

 

ഇന്നൊരു ഹൃദയത്തിൻ കുന്ദ ലതാഗൃഹത്തിൽ

 

പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ

 

അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ

 

അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ)

 

 

 

സ ഗ മ ധ മ ഗ സ

 

ഗ മ ധ നി ധ മ ഗ

 

മ ധ നി സ നി ധ മ ധ സ

 

 

 

വർഷാമയൂരമെങ്ങോ പീലി നിവർത്തിടുമ്പോൾ

 

ഹർഷാശ്രു പൂക്കളിൽ നിന്നുതിർന്നതെന്തേ

 

മൃദുരവമുതിരും മധുകരമണയെ

 

ഇതളുകലുലഞ്ഞു വീർപ്പുതിർന്നത്തെന്തേ

 

ഉന്മത്ത കോകിലത്തിൻ ആലാപ ശ്രുതി കേൾക്കെ

 

പെൺകുയിൽ ചിറകടിച്ചുണർന്നതെന്തേ

 

അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ)

 

 

 

ചിത്രാ നക്ഷത്രമിന്നു രാവിൽ ശീതാംശുവിനോ-

 

ടൊത്തുചേരുവനോടി അണഞ്ഞതെന്തേ

 

തരിവള ഇളകി അരുവികൾ കളിയായ്‌

 

തടശിലയെപ്പുണർന്നു ചിരിപ്പതെന്തെ

 

ഹംസങ്ങൾ ഇണചേരും വാഹിനീതടങ്ങളിൽ

 

കൺചിമ്മി വന ജ്യോത്സ്ന മറഞ്ഞതെന്തേ

 

അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com