വിദേശപ്പറക്കൽ വൈകി വിസ്താര, എയർഏഷ്യ ഇന്ത്യ

vistara
SHARE

ഇന്ത്യൻ വിമാനക്കമ്പനികൾക്കു വിദേശത്തേക്കു പറക്കുന്നതിനുള്ള അനുമതിക്ക് ഇളവനുവദിച്ചതിൽ അഴിമതിയാരോപിച്ച് സിബിഐ അന്വേഷണം നടക്കുന്നതിനാൽ വിസ്താര, എയർഏഷ്യ ഇന്ത്യ എന്നിവയുടെ വിദേശ സർവീസുകൾക്കുള്ള അനുമതി നീളുന്നു. ഇരുകമ്പനികളും കഴിഞ്ഞ വർഷം മധ്യത്തോടെ അപേക്ഷിച്ചിരുന്നു.
ഇന്ത്യൻ വിമാനകമ്പനികൾക്ക് വിദേശസർവീസുകൾ നടത്തുന്നതിന് 5 വർഷം ആഭ്യന്തര സർവീസുകൾ നടത്തിയ പരിചയവും 20 വിമാനങ്ങളുമായിരുന്നു നേരത്തെ അടിസ്ഥാന മാനദണ്ഡം നിശ്ചയിച്ചിരുന്നത്. ജൂൺ 2014ലാണ് ഇത് മാറ്റി 20 വിമാനങ്ങളുള്ള കമ്പനികൾക്ക് വിദേശ സർവീസിന് അനുമതി നൽകാമെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചത്. 5 വർഷത്തെ പറക്കൽ പരിചയം ഇന്ത്യയിലെ പഴയ വിമാനക്കമ്പനികളുടെ എതിർപ്പു മറികടന്നാണ് വേണ്ടെന്നുവച്ചത്.      

air-aisha-india

കഴിഞ്ഞ വർഷം പകുതിയോടെ നാലര വർഷത്തോളം ആഭ്യന്തര സർവീസുകൾ പൂർത്തിയാക്കിയ വിസ്താരയും എയർഏഷ്യയും വിദേശ സർവീസുകൾ ആരംഭിക്കുന്നതിന് അനുമതി തേടി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നൽകി. മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ ഒരു വിമാനക്ക്മ്പനി വ്യോമയാന വകുപ്പിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചുവെന്നാണ് സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്. അന്വേഷണം ഇനിയുമെങ്ങുമെത്താത്തതിനാൽ വിസ്താരയ്ക്കും എയർഏഷ്യയ്ക്കും വിദേശ പറക്കലിന് അനുമതി നൽകുന്നതു നീണ്ടുപോവുകയാണ്. ഇതിനിടെ പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം, വിദേശ സർവീസിനു അനുമതി നൽകൽ പരിഗണിക്കാൻ മന്ത്രിതല സമിതിക്കു രൂപം നൽകിയെങ്കിലും അവിടെയും തീരുമാനമൊന്നുമായിട്ടില്ല.

ഈ വർഷാദ്യം മുതൽ വിദേശത്തേക്കു പറക്കാനാണ് എയർഏഷ്യ ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. തെക്കുകിഴക്കേഷ്യൻ രാജ്യങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ പറക്കാൻ നിശ്ചയിച്ചിരുന്നത്. രാജ്യത്തെ ചെറുകിട നഗരങ്ങളെ ബന്ധിപ്പിച്ച് മലേഷ്യ, ഇന്തൊനീഷ്യ, ബംഗ്ലദേശ്, നേപ്പാൾ എന്നിവിടങ്ങളിലേക്കു പറക്കാനായിരുന്നു ലക്ഷ്യം.

നിലവിൽ ഇന്ത്യയിലെ 17 നഗരങ്ങളെ കേന്ദ്രീകരിച്ചാണ് എയർ ഏഷ്യ സർവീസ് നടത്തുന്നത്. ബെംഗളൂരു, കൊൽക്കത്ത, ഡൽഹി എന്നീ നഗരങ്ങൾ ഹബ്സ്റ്റേഷനുകളാക്കിയാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ബെംഗളുരു കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയിൽ ടാറ്റയ്ക്ക് 51ശതമാനവും എയർഏഷ്യയ്ക്ക് 49 ശതമാനവും ഓഹരികളാണുള്ളത്.

ടാറ്റയുടെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താരയും 20 വിമാനങ്ങൾ സ്വന്തമാക്കി സർവീസിനായി ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല. ഈ വർഷം വിസ്താര ആഭ്യന്തര സർവീസുകൾ നടത്തി 5 വർഷം പൂർത്തിയാക്കുകയും ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA