ADVERTISEMENT

വാർത്തകളെന്ന പേരിൽ വ്യാജസൃഷ്ടികൾ പ്രചരിക്കുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്. ആരെങ്കിലും ഗൂഢലക്ഷ്യത്തോടെ തയാറാക്കുന്ന അവ, സത്യമെന്നു ധരിച്ച് ധാരാളംപേർ സമൂഹ മാധ്യമങ്ങളിൽ ‘ഷെയർ ചെയ്യുന്നു’. അതുമൂലം ദോഷമുണ്ടായവർ സംഗതി അന്വേഷിച്ചു കണ്ടെത്തുന്ന നേരം കൊണ്ട് വ്യാജൻ ലോകം മുഴുവൻ എത്തിയിരിക്കും. വ്യാജന്റെ തുടക്കമെവിടെ എന്നു കണ്ടെത്താൻ, ഷെയർ ചെയ്ത ആളുകളുടെ ശൃംഖല തപ്പിത്തപ്പി പിന്നിലേക്കു പോയാൽ സാധിക്കുമെങ്കിലും അതു പ്രായോഗികമല്ല. ആയിരക്കണക്കിനു പ്രൊഫൈലുകളിലൂടെ പിന്നിലേക്കു പോകുന്നതെങ്ങനെ...

അതിന് വിവരസാങ്കേതികവിദ്യ തന്നെവേണം. കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ് ടെക്നിസാങ്റ്റ് ടെക്നോളജീസ് ആവിഷകരിച്ച ഇന്റഗ്രിറ്റി (integrite) എന്ന സോഫ്റ്റ്‌വെയർ ഈ ജോലി അതിവേഗം കൃത്യതയോടെ ചെയ്യും. വ്യാജ വാർത്തകളുടെ ഉറവിടവും ലക്ഷ്യവും കണ്ടെത്തേണ്ടത് വ്യക്തികളുടെയും സർക്കാരുകളുടെയും സംഘടനകളുടെയും മാത്രമല്ല, വൻ കമ്പനികളുടെയും ആവശ്യമായി മാറുന്നത് ഏറെക്കാലമായി നിരീക്ഷിച്ചശേഷമാണ് ടെക്നിസാങ്റ്റ് സിഇഒ നന്ദകിഷോർ ഹരികുമാർ അതിനുള്ള മറുമരുന്ന് ആലോചിച്ചത്.
സമൂഹത്തിൽ അക്രമത്തിനു വഴിതുറക്കുന്ന പോസ്റ്റുകൾക്കും വ്യക്തികളെയും സംഘടനകളെയും ആക്ഷേപിക്കുന്ന പോസ്റ്റുകൾക്കുമപ്പുറം, വമ്പൻ സാമ്പത്തിക കുറ്റകൃത്യങ്ങളും വ്യാജസൈബർ പാതയിലൂടെ നടക്കുന്നു. വൻകിട ബ്രാൻഡുകളുടെ സൈറ്റുകളെന്നു തോന്നിക്കുന്ന വ്യാജസൈറ്റുകൾ, വ്യാജ റിക്രൂട്മെന്റ് സൈറ്റുകൾ, ഒരു ബ്രാൻഡിനെ മോശമാക്കാൻ എതിരാളികൾ നടത്തുന്ന വ്യാജസൈറ്റുകളും വ്യാജ പ്രചാരണങ്ങളും എന്നിങ്ങനെ നൂറുനൂറു കുറ്റകൃത്യങ്ങൾ...

സൈബർ പ്രവർത്തനങ്ങൾ മുഴുവൻ നിരീക്ഷിച്ച്, പാറ്റേണുകൾ കണ്ടെത്തുകയും ഓരോ പോസ്റ്റിന്റെയും പിന്നിലെ യഥാർഥ ലക്ഷ്യം കണ്ടെത്തുകയുമാണു ഇന്റഗ്രിറ്റിയുടെ മെഷീൻ ലേണിങ് രീതി. സർക്കാർ തലത്തിലും വാണിജ്യതലത്തിലും എന്നിങ്ങനെ രണ്ടായാണു സമീപനം. സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കാൻ നടക്കുന്ന വ്യാജപ്രചാരണങ്ങൾ സർക്കാരിനെ അറിയിക്ക‌ും, പ്രചാരണം തുടങ്ങി രണ്ടു മണിക്കൂറിനുള്ളിൽ ഇത്തരം ആശയവിനിമയം നടക്കുകയും അങ്ങനെ ഔദ്യോഗിക ഇടപെടലിലൂടെ തടയാനാവുകയും ചെയ്യും.

കമ്പനികൾ ഇന്റഗ്രിറ്റിയുടെ സേവനം പ്രയോജനപ്പെടുത്തിയാൽ അവർക്കെതിരായ പ്രചാരണവും അവരുടെ പേരിലെ ജോലി–പണം തട്ടിപ്പുകളും വ്യാജ സൈറ്റുകളുമൊക്കെ പകർപ്പവകാശ (കോപ്പിറൈറ്റ്) ലംഘനങ്ങളുമൊക്കെ കണ്ടെത്തി ആദ്യമണിക്കൂറുകളിൽത്തന്നെ തടയാനാകുമെന്നതാണു നേട്ടം. ഇതു കമ്പനികൾക്കു വൻ സാമ്പത്തികനഷ്ടമൊഴിവാക്കുമെന്ന് നന്ദകിഷോർ പറയുന്നു.

ഇന്റർനെറ്റ് അധോലോകമെന്നു വിളിക്കാവുന്ന ഡാർക്നെറ്റും നിരീക്ഷിച്ചാണ് ഇന്റഗ്രിറ്റി പ്രവർത്തിക്കുക.ഇന്ത്യയിൽ മാത്രമല്ല, ഗൾഫ് രാജ്യങ്ങളിലും ഇന്റഗ്രിറ്റി ഉടൻ വാണിജ്യാടിസ്ഥാനത്തിൽ എത്തും. ഒട്ടേറെ സ്ഥാപനങ്ങളിൽ സോഫ്റ്റ്‌വെയർ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുവിജയിച്ചുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com