ADVERTISEMENT

നൂറോളം ജീവനക്കാരുള്ള എന്റെ സ്ഥാപനത്തിൽ പരിശോധന നടത്തിയ ലേബർ ഓഫിസർ, തൊഴിലാളി പ്രതിനിധികളെയും ഉൾക്കൊള്ളിച്ചുള്ള ഒരു പരാതിപരിഹാര കമ്മിറ്റി രൂപീകരിച്ച് അതു സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. രകമ്മിറ്റിയുടെ രൂപീകരണം സംബന്ധിച്ച വിശദാംശങ്ങളെന്തൊക്കെ?

1947ലെ വ്യവസായ തർക്ക നിയമത്തിൽ 2010ൽ കൂട്ടിച്ചേർത്ത വകുപ്പ് 9സി അനുസരിച്ച് ഇരുപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഒന്നോ അതിലധികമോ പരാതി പരിഹാര കമ്മിറ്റികൾ ഉണ്ടായിരിക്കേണ്ടതാണ്. ജീവനക്കാരുടെ വ്യക്തിഗത പരാതികൾക്ക് പരിഹാരം ഉണ്ടാക്കുന്നതിനാണ് ഈ കമ്മിറ്റികൾ രൂപീകരിക്കുന്നത്.

വ്യവസായ തർക്ക നിയമത്തിലെ വകുപ്പ് 2(കെ) അനുസരിച്ച് തൊഴിലാളികളും തൊഴിലാളികളും തമ്മിലോ തൊഴിലുടമകളും തൊഴിലുടമകളും തമ്മിലോ തൊഴിലാളികളും തൊഴിലുടമകളും തമ്മിലോ ഉള്ള തൊഴിൽ സംബന്ധിച്ച തർക്കങ്ങൾ മാത്രമാണ് വ്യവസായ തർക്കം എന്ന നിർവചനത്തിന്റെ പരിധിയിൽ വരിക. പക്ഷേ നിയമത്തിൽ 1965ൽ കൂട്ടിച്ചേർത്ത വകുപ്പ് 2എ അനുസരിച്ച് ഒരു ജീവനക്കാരനെ ജോലിയിൽനിന്നു പിരിച്ചുവിട്ടതു സംബന്ധിച്ച് അയാൾ ഒരു തർക്കം ഉന്നയിക്കുന്ന പക്ഷം ആ തർക്കത്തിൽ മറ്റ് ജീവനക്കാരോ യൂണിയനോ പങ്കാളിയാകുന്നില്ല എങ്കിൽപ്പോലും അത് ഒരു വ്യവസായ തർക്കമായി കണക്കാക്കാം.

ഒരു തൊഴിലാളി തന്നെ ജോലിയിൽ നിന്നു പിരിച്ചുവിട്ടതു സംബന്ധിച്ചതല്ലാതെ തൊഴിലുടമയ്ക്കെതിരെ വ്യക്തിഗതമായി ഉന്നയിക്കുന്ന തർക്കങ്ങളൊന്നും തന്നെ വ്യവസായതർക്കമായി കണക്കാക്കില്ല എന്ന് ചുരുക്കം. തൊഴിലാളികളുടെ വ്യക്തിഗത പരാതികൾ വ്യവസായ തർക്കമായി കണക്കാക്കാത്തതിനാൽ അവ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ സംവിധാനം വേണം എന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം കണക്കിലെടുത്താണ് മുകളിൽ പറഞ്ഞ വകുപ്പ് 9സി നിയമത്തിൽ കൂട്ടിച്ചേർത്തത്. അതു പ്രകാരം രൂപം നൽകുന്ന പരാതി പരിഹാര കമ്മിറ്റിയിൽ തൊഴിലാളി പ്രതിനിധികളുടെയും തൊഴിലുടമാ പ്രതിനിധികളുടെയും എണ്ണം തുല്യമായിരിക്കണം.

കമ്മിറ്റിയിൽ പരമാവധി 6 അംഗങ്ങളേ ഉണ്ടാകാൻ പാടുള്ളൂ. കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം തൊഴിലുടമയുടെ പ്രതിനിധിയും തൊഴിലാളികളുടെ പ്രതിനിധിയും മാറി മാറി വഹിക്കേണ്ടതുണ്ട്. കമ്മിറ്റിക്കു ലഭിക്കുന്ന പരാതികൾ സംബന്ധിച്ച നടപടിക്രമങ്ങൾ 30 ദിവസങ്ങൾക്കകം തീർക്കേണ്ടതുണ്ട്. കമ്മിറ്റിയുടെ തീർപ്പിൽ തൃപ്തനല്ലാത്ത തൊഴിലാളിക്ക് അപ്പീൽ ബോധിപ്പിക്കാവുന്നതാണ്. അത്തരം അപ്പീലുകളിന്മേൽ തൊഴിലുടമ ഒരു മാസത്തിനകം തീർപ്പു കൽപ്പിക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com