ADVERTISEMENT

കൊച്ചി∙ വ്യവസായം തുടങ്ങാൻ വരുന്നവർ നാടിനെ സഹായിക്കാൻ വരുന്നവരാണെന്ന ചിന്ത ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വകുപ്പിന്റെ ‘അസെൻഡ് കേരള 2019’ നിക്ഷേപകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘നമ്മളെ ചൂഷണം ചെയ്യാൻ വരുന്നവരാണെന്ന നിലയ്ക്കല്ല സംരംഭകരെ കാണ്ടേത്. വ്യവസായ യൂണിറ്റിനുള്ള അപേക്ഷയിൽ എല്ലാ രേഖകളും ശരിയാണെങ്കിലും ലൈസൻസ് കൊടുക്കാതിരിക്കുന്ന ചില ഉദ്യോഗസ്ഥരുണ്ട്. ആ മനോഭാവവുമായി ഇനി തുടരാൻ പറ്റില്ല. 30 ദിവസത്തിനകം ലൈസൻസ് നൽകിയില്ലെങ്കിൽ അടുത്ത ദിവസം ലൈസൻസ് കിട്ടിയതായി കണക്കാക്കി യൂണിറ്റ് പ്രവർത്തനം തുടങ്ങാമെന്ന നിയമം വന്നു കഴിഞ്ഞു. വ്യവസായ ലൈസൻസിനു 30 ദിവസമൊന്നും വേണ്ട. ശീലം വരാൻ വേണ്ടി തൽക്കാലം വച്ചതാണ്.

ഭാവിയിൽ ഇത് 15 ദിവസമാകും. ഉദ്യോഗസ്ഥർ ഒരു ഫയലും വച്ചുതാമസിപ്പിക്കരുത്. പദ്ധതി മുടക്കുന്നവരാകരുത്. അപേക്ഷയിൽ നിശ്ചിത ദിവസത്തിനകം അംഗീകാരം നൽകുന്ന നില വില്ലേജ് ഓഫിസ് മുതൽ മുകളിലേക്ക് എല്ലാ ഓഫിസുകളിലുമുണ്ടാകണം.’–മുഖ്യമന്ത്രി പറഞ്ഞു.
സംരംഭകർക്ക് അപേക്ഷ സമർപ്പിക്കാനുള്ള ഏകജാലക സംവിധാനമായ ‘കെ–സ്വിഫ്റ്റിന്’ ചടങ്ങിൽ തുടക്കം കുറിച്ചു. ഇൻവെസ്റ്റ് കേരള’ ഗൈഡ് മുഖ്യമന്ത്രി പ്രകാശിപ്പിച്ചു. സംരംഭകരെ സഹായിക്കാനുള്ള എല്ലാ വിവരങ്ങളും സർക്കാർ ഉത്തരവുകളം ഉൾക്കൊള്ളിച്ചുള്ള ‘ഇൻവെസ്റ്റ് കേരള’ വെബ്‌പോർട്ടൽ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ, വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, ഫിക്കി പ്രസിഡന്റ് സന്ദീപ് സൊമാനി, സിഐഐ ദക്ഷിണമേഖലാ ചെയർമാൻ ആർ. ദിനേശ്, ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ്, ടൈ കേരള ചാപ്റ്റർ പ്രസിഡന്റ് എം.എസ്.എ. കുമാർ എന്നിവർ പ്രസംഗിച്ചു.

സ്വകാര്യമേഖലയിലും വ്യവസായ പാർക്ക്: ഇ.പി.ജയരാജൻ

സ്വകാര്യമേഖലയിലും വ്യവസായ പാർക്കുകൾ ആരംഭിക്കുമെന്നു മന്ത്രി ഇ.പി.ജയരാജൻ. ഗ്രാമങ്ങളിൽ 25 ഏക്കറിലും നഗരങ്ങളിൽ 15 ഏക്കറിലുമാണു സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങുക. സർക്കാർ മേഖലയിലുള്ള വ്യവസായ പാർക്കുകൾക്ക് നൽകുന്ന എല്ലാ അടിസ്ഥാനസൗകര്യങ്ങളും സ്വകാര്യമേഖലയിലുള്ള പാർക്കുകൾക്കും നൽകും. പഠനം പൂർത്തിയാക്കിയിറങ്ങുന്നവർക്കും തിരിച്ചെത്തുന്ന പ്രവാസികൾക്കും തൊഴിലിന്റെ കാര്യത്തിൽ കേരളം സുരക്ഷിതമാണെന്ന തോന്നലുണ്ടാക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com