ADVERTISEMENT

കൊച്ചി∙ ഫാക്ടിന്റെ ഭൂമിയിൽ കിൻഫ്ര നടപ്പാക്കാനുദ്ദേശിക്കുന്ന പെട്രോകെമിക്കൽ പാർക്കിൽ ഫാക്ടറികൾ സ്ഥാപിക്കാൻ സ്ഥലം കിട്ടും മുൻപേ നിക്ഷേപകർ രംഗത്ത്. ബിപിസിഎല്ലിനു പുറമേ മണാലി പെട്രോകെമിക്കൽസും വിദേശത്തുള്ള മലയാളികളുടെ കമ്പനികളുമാണ് സ്ഥലം ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചി റിഫൈനറിയിൽ നിന്നുള്ള ഉപോൽപ്പന്നങ്ങൾ അസംസ്കൃത വസ്തുവാക്കി മറ്റ് ഉൽപന്നങ്ങൾ നിർമിക്കുകയാണ് എല്ലാ നിക്ഷേപകരും ലക്ഷ്യമിടുന്നത്. ബിപിസിഎല്ലിന് 170 ഏക്കറാണു വേണ്ടത്. മണാലി പെട്രോകെമിക്കൽസിന് 25 ഏക്കറും. മറ്റ് നിക്ഷേപകർക്ക് പത്തിൽ താഴെ ഏക്കർ സ്ഥലം വീതമാണു വേണ്ടത്.

പുറമേ 40 ഏക്കർ സ്ഥലം ജനറിക് മരുന്നുകൾ നിർമിക്കുന്ന ഫാർമ കമ്പനികൾക്കായും മാറ്റി വച്ചിട്ടുണ്ടെന്ന് കിൻഫ്ര എംഡി വിങ് കമാൻഡർ (റിട്ട.) കെ.എ.സന്തോഷ് കുമാർ അറിയിച്ചു. എന്നാൽ ഫാക്ടിന്റെ സ്ഥലം ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്രമന്ത്രിസഭാ യോഗം ഈ മാസം തന്നെ സ്ഥലവിൽപ്പനയ്ക്ക് അനുമതി നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്. കളമശേരിയിൽ ഫാക്ടിന്റെ 481 ഏക്കറാണ് ഏറ്റെടുക്കുക. സംസ്ഥാന സർക്കാർ നൽകിയ സ്ഥലമായതിനാൽ അതിൽ 150 ഏക്കറിന് ഒരു രൂപ വീതമാണു വില. ബാക്കി 331 ഏക്കർ വാങ്ങാൻ 900 കോടി നൽകേണ്ടി വരും. അങ്ങനെ കിട്ടുന്ന സ്ഥലത്ത് പാർക്ക് സ്ഥാപിക്കുന്നതുൾപ്പടെ ആകെ പദ്ധതിച്ചെലവ് 1200 കോടിയാണ്. കിഫ്ബിയാണു ധനസഹായം നൽകുന്നത്.

വിവിധ നിക്ഷേപകർക്കുള്ള പൊതു സൗകര്യങ്ങളും ലാബുകളും ഗ്യാസ് പൈപ്പ് ലൈനും മറ്റും കിൻഫ്ര ഒരുക്കും. വെള്ളവും വൈദ്യുതിക്കു സബ്സ്റ്റേഷനും റോഡുകളുമെല്ലാം പാർക്ക് അധികൃതരുടെ ചുമതലയാണ്. പദ്ധതി പ്രായോഗികമാണെന്ന് കൺസൽറ്റന്റിന്റെ പ്രാഥിമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 40 ലക്ഷം രൂപ കൺസൽറ്റന്റിനു കിൻഫ്ര ഫീസ് നൽകിയിട്ടുണ്ടെന്ന് ഗോവിന്ദൻ നമ്പൂതിരി നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ കിൻഫ്ര വ്യക്തമാക്കി. വിശദമായ ഡിപിആർ തയ്യാറായിട്ടുമുണ്ട്. എന്നാൽ പ്രോജക്ട് റിപ്പോർട്ടിനു പുറമേ പദ്ധതി നടപ്പാക്കാൻ സഹായിക്കലും കെമിക്കൽ വ്യവസായങ്ങൾക്ക് പരിസ്ഥിതി അനുമതി ലഭിക്കാനുള്ള നടപടിക്രമങ്ങളുടെ പൂർത്തീകരണവും കൺസൽറ്റന്റിന്റെ ചുമതലയാണ്. അതിനായി കൂടുതൽ ഫീസ് നൽകേണ്ടി വരും. ആദ്യ ഗഡുമാത്രമാണു നൽകിയതെന്നും കിൻഫ്ര അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com