ADVERTISEMENT

ഫ്ളാറ്റ് വിൽക്കാനോ ഏതെങ്കിലും ഇൻഷുറൻസ് സ്കീമിൽ ചേർക്കാനോ നിങ്ങളെ സമീപിക്കുന്നവർ നൽകുന്ന ചോയ്സ് ശ്രദ്ധിച്ചിട്ടുണ്ടോ? മിക്കവരും മൂന്ന് ചോയ്സ് നൽകും. ഒന്ന് മിക്കവാറും പേർ വേണ്ടെന്നു വയ്ക്കുന്നതാവും. വിലക്കൂടുതലോ ലാഭക്കുറവോ കാരണമാകാം. മറ്റൊന്ന് ഒട്ടും പോരാ എന്ന ലൈനിലുള്ളതായിരിക്കും. വില കുറവായിരിക്കാം, പക്ഷേ തീരെ പോര. മൂന്നാമത്തെ ചോയ്സ് വിലയിലും വരുമാനത്തിലും ഗുണത്തിലുമെല്ലാം മികച്ചതായിരിക്കും. അതു സ്വയം തിരഞ്ഞെടുത്തു എന്നു നിങ്ങളെക്കൊണ്ടു തോന്നിപ്പിക്കുന്നതിലാണ് അവരുടെ വിജയം. നിങ്ങൾ അതിലേക്കു തന്നെ എത്തും എന്ന്  അവർക്കറിയാം.

ഇതു നമ്മൾ പലതവണ കണ്ടുപരിചയിച്ച നാടൻ വിജ്ഞാനമാണ്. അമേരിക്കയിലെ കൊളംബിയ ബിസിനസ് സ്കൂളിലെ സ്റ്റാർ പ്രഫസറായ ഷീന അയ്യങ്കാർ ചോയ്സ് എന്ന വിഷയത്തിൽ ആഗോള വിദഗ്ധയാണ്. അതേക്കുറിച്ചു പുസ്തകം പോലും എഴുതിയിട്ടുണ്ട്. ചോയ്സ് കൂടിയാലും കുഴപ്പമാണത്രെ. കല്യാണത്തിൽപോലും.

സായിപ്പിന്റെ നാട്ടിൽ ഡേറ്റിങ് വഴിയാണു കല്യാണം. പത്തിരുപതു പേർ ഡേറ്റിങ്ങിനായി പിറകേ നടക്കുന്ന പെൺകുട്ടിക്ക് ഒരാളെ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാവുമെന്നു ഷീന പറയുന്നു. അഥവാ ഒരാളെ കണ്ടുപിടിച്ചാലും അബദ്ധമായേക്കും. നമ്മുടെ നാട്ടിൽ ഒരുപാടു കല്യാണാലോചനകൾ വന്നാലും ഇതാണു സ്ഥിതിയെന്നറിയാമല്ലോ. ഒരെണ്ണം തിരഞ്ഞെടുക്കാൻ പാട്. കഷ്ടിച്ച് നാലഞ്ച് ആലോചന മാത്രമെങ്കിൽ വേഗം നടക്കും.

മനുഷ്യൻ ഓരോരോ സ്ഥിതിവിശേഷങ്ങളിൽ തീരുമാനമെടുക്കുന്നതിന്റെ ശാസ്ത്രമാണു ഷീനയുടെ ഗവേഷണ വിഷയം. സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്റ് ഈ വിഷയത്തിലായിരുന്നു. ഏറ്റവും മികച്ച പ്രബന്ധത്തിനുള്ള അവാർഡും കിട്ടി. വിൽക്കാൻ നോക്കുന്നതിനിടെ കാറിന് 50 നിറങ്ങളുണ്ടെന്ന് ആദ്യമേ പറഞ്ഞാൽ ആരും വാങ്ങില്ല. രണ്ടോ മൂന്നോ ചോയ്സ് മാത്രമുള്ള കാര്യങ്ങളാണ് ആദ്യം അവതരിപ്പിക്കേണ്ടത്. നിറങ്ങളുടെ വലിയ ചോയ്സ് അവസാനം മതി. ആദ്യമേ ചോയ്സ് കൂടിയാൽ ആരും തീരുമാനമെടുക്കില്ല.

ഏതു ബിസിനസ് ചെയ്യുന്നവർക്കും ഇതൊരു പാഠമാണ്. ഡസൻ കണക്കിനു വിഭവങ്ങളുള്ള ബുഫെ റസ്റ്ററന്റിനെക്കാൾ ജനത്തിനു താൽപ്പര്യം രുചിയുള്ള കുറച്ചു വിഭവങ്ങളുള്ള റസ്റ്ററന്റിനോടാകും. 

സർവതും സ്വയം ചൂസ് ചെയ്യണമെന്ന സ്വഭാവം കളയണമെന്നു ഷീന പറയുന്നു. വേണ്ടതു മാത്രം സ്വയം ചൂസ് ചെയ്യുക. ബാക്കി താനേ വരുന്നതു മതിയെന്നു വയ്ക്കുക.

ഒടുവിലാൻ∙ ഫെയ്സ്ബുക് ഓഫിസിലും പുറത്തും മാർക്ക് സക്കർബർഗിന് എന്നും ഒരേ വേഷം. ജീൻസും വട്ടക്കഴുത്തുള്ള (കോളർ ഇല്ലാത്ത) ടീഷർട്ടും. കോടികളിൽ കുളിച്ചിട്ടും എന്തുകൊണ്ട് ഒരേ വേഷം? ഒരുപാടുണ്ടായാൽ ഏത് ധരിക്കണമെന്ന കൺഫ്യൂഷൻ വരുമത്രെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com