ADVERTISEMENT

ന്യൂഡൽഹി∙ കുപ്പിയിലാക്കിയ ശീതള പാനീയങ്ങളുടെ ഉപയോഗം ഇന്ത്യയിൽ കുതിച്ചുയരുമെന്നു റിപ്പോർട്ട്. 2021 ആകുമ്പോഴേക്കും വാർഷിക ആളോഹരി ഉപയോഗം 84 കുപ്പിയാകും എന്നാണ് പെപ്സികോയുടെ ബോട്ട്‌ലിങ് പങ്കാളികളായ വരുണ ബവ്റിജസ് ലിമിറ്റഡ് (വിബിഎൽ) പറയുന്നത്. 2016ൽ ഇതു 44 കുപ്പി ആയിരുന്നു.ജ്യൂസ്, കുപ്പിവെള്ളം എന്നിവയിൽ വലിയ വ്യാപാര വർധന പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ 2018ലെ വാർഷിക റിപ്പോർട്ട് പറയുന്നു. മധ്യവർഗ വിഭാഗങ്ങളുടെ വളർച്ച, വർധിച്ച ധനശേഷി, നഗരവൽകരണം, ഗ്രാമീണ മേഖലയിലെ വൈദ്യുതീകരണം, ഉൽപന്ന വൈവിധ്യം, പാക്കേജിങ്ങിലും അളവിലും നടപ്പാക്കുന്ന ആധുനിക ആശയങ്ങൾ എന്നിവയാണ് വളർച്ചയ്ക്കു തുണയാകുന്നത്.

കാർബണേറ്റ് ചെയ്ത പാനീയങ്ങളിൽ കോള അല്ലാത്തവയ്ക്കും നാരങ്ങ അടിസ്ഥാനമായവയ്ക്കും വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ പെപ്സികോ ഉൽപന്നങ്ങളുടെ 51% കാർബണേറ്റഡ് പാനീയങ്ങളാണ്.ബ്രാൻഡഡ് കുപ്പിവെള്ളത്തിന്റെ വിൽപന ഏറെ വർധിക്കും. ജലജന്യ രോഗങ്ങളെക്കുറിച്ചു ജനങ്ങൾക്കുള്ള ആശങ്കയും നഗരങ്ങളിലെ ശുദ്ധജല ക്ഷാമവുമാണ് കാരണം.ജ്യൂസുകൾ ആരോഗ്യപ്രദമാണെന്ന തിരിച്ചറിവിൽ നഗരങ്ങളിൽ അവ പ്രഭാത ഭക്ഷണത്തിന്റെയും സാമൂഹിക കൂട്ടായ്മകളുടെയും അവിഭാജ്യ ഘടകമാകുകയാണ്. ശീതള പാനീയ ഉപയോഗത്തിലെ നഗര–ഗ്രാമീണ അന്തരം നാൾക്കുനാൾ കുറയുകയാണെന്നും വിബിഎൽ പറയുന്നു.  

ആളോഹരി ഉപയോഗം ഇരട്ടി ആയാലും ശീതള പാനീയങ്ങളുടെ വൻ വിപണികളായ രാജ്യങ്ങളിലെ ഉപയോഗത്തിന്റെ ഏഴയലത്തുപോലും ഇന്ത്യ എത്തില്ല. യുഎസിൽ ഇത് പ്രതിവർഷം 1496 കുപ്പികളാണ്. ജർമനിയിൽ 1221. മെക്സിക്കോ 1,489, ബ്രസീൽ 537 എന്നിങ്ങനെ പോകുന്നു കുപ്പിക്കണക്ക്.രാജ്യത്തെ 21 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും പെപ്സികോ ഉൽപന്നങ്ങൾ വിറ്റഴിക്കുന്ന വിബിഎല്ലിന്റെ 2018ലെ വിറ്റുവരവ് 3,862.28 കോടി രൂപയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com