ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ സർക്കാരിന് ഉടനടി നേരിടേണ്ടുന്ന 2 വെല്ലുവിളികൾ സംബന്ധിച്ച് സർക്കാരിന്റെ തന്നെ രേഖകൾ പുറത്തുവന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ കണക്കനുസരിച്ച് രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 5 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. ജനുവരി – മാർച്ച് ത്രൈമാസത്തിൽ 5.8% വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്.

കൃഷി, വ്യവസായ മേഖലകളിലെ മോശം വളർച്ചയാണ് മൊത്തം നിരക്കിനെ കാര്യമായി ബാധിച്ചത്. ചൈന 6.4% വളർച്ചയാണ് ഇതേ സമയത്തു നേടിയത്. മുൻ കൊല്ലം ഇതേ സമയം ഇന്ത്യ 6.6% വളർച്ച നേടിയിരുന്നു.

2018–19 സാമ്പത്തിക വർഷം രാജ്യം നേടിയത് 6.8% വളർച്ചയാണെന്നും വെളിപ്പെടുത്തി. മുൻ കൊല്ലം 7.2% ആയിരുന്നു. കഴിഞ്ഞ 5 വർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാൽ, പ്രതിരോധം, നിർമാണം, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ 7 ശതമാനത്തിലധികം വളർച്ചയുണ്ടായി.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തെ ഏറ്റവും ഉയർന്ന തലത്തിലാണെന്നും സർക്കാർ സമ്മതിക്കുന്നു. 2007–18 ലെ കണക്കാണ് ഇപ്പോൾ തൊഴിൽ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. മൊത്തം തൊഴിൽ ശേഷിയുള്ളവരുടെ 6.1% പേർ തൊഴിൽരഹിതരാണെന്നാണു കണക്ക്. ഗ്രാമീണ മേഖലയിൽ 5.3%, നഗര മേഖലയിൽ 7.8% എന്നിങ്ങനെ.

പുരുഷന്മാരിൽ 6.2%, സ്ത്രീകളിൽ 5.7% പേർ തൊഴിൽരഹിതരാണ്. പുതിയ രീതിയിൽ കണക്കാക്കിയതുകൊണ്ടാണ് ഇത്രയും വർധനയെന്നും മറ്റു വർഷങ്ങളുമായി താരതമ്യപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും തൊഴിൽമന്ത്രാലയം വിശദീകരിച്ചു.
നാഷണൽ സാംപിൾ സർവേ ഒാഫിസ് (എൻഎസ്എസ്ഒ)  ശരിവച്ചതുമായ കണക്കുകൾ ജനുവരിയിൽ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോൾ സർക്കാർ നിഷേധിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com