ADVERTISEMENT

ആധുനിക മത്സ്യബന്ധനോപകരണ വിപണിക്കിതു ‘ലാഭമഴ’ക്കാലം. ഈ രംഗത്തുള്ള കച്ചവടസ്ഥാപനങ്ങളുടെ ‘ചൂണ്ടയിൽ’ പ്രതിദിനം കുടുങ്ങുന്നതു ലക്ഷങ്ങളുടെ വരുമാനം. ഫിഷിങ് റോഡുകളും റീലുകളും ഉപയോഗിച്ചുള്ള മീൻപിടുത്തം യുവാക്കൾക്കിടയിൽ ഹരമായതോടെ ഇവയുടെ വിൽപനയും ലാഭവും കുത്തനെ മുകളിലേക്കാണ്.

സ്പോർട് ഫിഷിങ് തൽപരരുടെ തിരക്കാണു ജില്ലയിലെ ജലാശയങ്ങളിലെങ്ങും. ഫിഷിങ് റോഡ് ഉപയോഗിച്ചുള്ള മീൻപിടിത്തത്തെയും അതിന്റെ സൗകര്യങ്ങളെയും കുറിച്ചു ബോധവാൻമാരായതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും പതിയെ ഈ രംഗത്തേക്കു തിരിയുകയാണ്.  മീൻ പിടിച്ചാലും ഇല്ലെങ്കിലും ഒരു വീട്ടിൽ ഒരു ചൂണ്ട എന്ന നിലയിലാണു കാര്യങ്ങളുടെ പോക്കെന്നു കച്ചവടക്കാർ പറയുന്നു.     

ചൂണ്ടക്കോൽത്തുമ്പിലെ സാമ്പത്തിക ശാസ്ത്രം


ട്രോളിങ് നിരോധനം തുടങ്ങിയതോടെ ഫിഷിങ് റോഡ്, റീൽ, ബ്രെയ്ഡഡ് ലൈൻ(ടങ്കീസിനു പകരം ഉപയോഗിക്കുന്ന കൂടുതൽ ബലമുള്ള നൂല്), ചൂണ്ട, ല്യൂർ(മത്സ്യം പിടിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഇരകൾ),  കൊളുത്തുകൾ മുതലയാവ വിൽക്കുന്ന കടകളിലെല്ലാം തിരക്കോടു തിരക്കാണ്. ഏറ്റവും ചെറിയ കച്ചവടക്കാർ പോലും ഒരു ദിവസം ശരാശരി 40,000 രൂപയുടെ കച്ചവടം നടത്തുന്നുണ്ട്. വലിയ സ്ഥാപനങ്ങളുടെ വിറ്റുവരവ് ആറക്കം കടക്കും.

കൊച്ചി നഗരപരിധിയിൽ മാത്രമുള്ള പ്രധാന കച്ചവട സ്ഥാപനങ്ങളെടുത്താൽ ഈ സീസണിലെ ഒരു മാസത്തെ വിൽപന ഏകദേശം ഒരു കോടി രൂപ കടക്കും. ഇതിനു പുറമേയാണ് ഓൺലൈൻ വിപണിയുടെ ലാഭക്കൊയ്ത്ത്. 1000 രൂപയിൽ തുടങ്ങി 30,000 രൂപ വരെ വിലയിൽ ഫിഷിങ് റോഡുകളും  400–3500 രൂപയ്ക്കു ല്യൂറുകളും 1000 മുതൽ ലക്ഷം രൂപ വരെയുള്ള റീലുകളും ലഭ്യമാണ്. ചൈനീസ് ഉത്പന്നങ്ങൾ ഇതിലും കുറഞ്ഞ വിലയിലും ലഭിക്കുന്നുണ്ട്.

ബ്രെയ്ഡഡ് ലൈനിന് 100 മീറ്ററിന് 350 രൂപ മുതൽ മുകളിലേക്കാണു വില. ബ്രാൻഡഡ് ഉത്പന്നങ്ങൾക്കു വില കൂടും. എന്നാൽ വിലയിൽ കാര്യമൊന്നുമില്ലെന്നും മീൻ പിടിക്കാൻ അറിയില്ലെങ്കിൽ എത്ര വില കൂടിയ ഉപകരണം ഉപയോഗിച്ചാലും പ്രയോജനം ഉണ്ടാകില്ലെന്നുമാണ് ഈ രംഗത്തെ പരിചയസമ്പന്നരുടെ അഭിപ്രായം.

ഒന്നു മീൻ പിടിച്ചുനോക്കിയാലോ?

ഈ തോന്നൽ തന്നെയാണ് സ്പോർട് ഫിഷിങ് വിപണിയുടെ ഏറ്റവും വലിയ പരസ്യവും. ഒറ്റത്തവണ കാണുന്നവർക്കും റോഡ് ഫിഷിങ് വലിയൊരാകർഷണമാണ്. കുറച്ചു നേരം ആരെങ്കിലും മീൻ പിടിക്കുന്നതു കണ്ടിരുന്നാൽ ‘ഒന്നു ശ്രമിച്ചാലോ’ എന്ന തോന്നൽ സ്വാഭാവികം. പിന്നെ റോഡും റീലുമൊക്കെ വാങ്ങി നേരെ കളത്തിലിറങ്ങുകയായി. വിദഗ്ധ ചൂണ്ടക്കാരെക്കാൾ  ഇങ്ങനെ ‘പരീക്ഷണത്തിന്’ എത്തുന്നവരാണു കച്ചവടക്കാരുടെ കീശ നിറയ്ക്കുന്നതെന്നതാണു യാഥാർഥ്യം.

ആദ്യമായി റോഡും റീലും ചൂണ്ടകളുമടങ്ങുന്ന ‘ഫുൾ പാക്കേജ്’ വാങ്ങാനെത്തുന്ന ഏതൊരു സാധാരണക്കാരനും കുറഞ്ഞത് 4000 മുതൽ 6000 വരെ രൂപ മുടക്കും. സ്പോർട് ഫിഷിങ് ലക്ഷ്യമിട്ടെത്തുന്ന ഐടി മേഖലയിൽ നിന്നുൾപ്പെടെയുള്ള ഉയർന്ന പ്രഫഷനലുകളാണെങ്കിൽ ആദ്യമായി വാങ്ങുന്ന പാക്കേജിന്റെ മൂല്യം മിക്കപ്പോഴും 15,000 കടക്കുമെന്നതാണു വിൽപനക്കാരുടെ അനുഭവം. ഇങ്ങനെയെത്തുന്നവരിൽ ചെറിയൊരു ശതമാനം മാത്രമേ ഈ മേഖലയിൽ തുടരാറുള്ളൂ. ഇവരാകട്ടെ അനുഭവ പരിജ്ഞാനം വളരുന്തോറും കയ്യിലുള്ള ഉപകരണങ്ങൾ ഇടയ്ക്കിടെ മാറ്റിക്കൊണ്ടുമിരിക്കും. കാലം ചെല്ലുന്തോറും താൽപര്യമുള്ളവരിൽ ‘മീൻ പിടിത്ത ഭ്രാന്ത്’ കൂടിക്കൊണ്ടിരിക്കുന്നു എന്നതാണ് ഈ വിപണിയുടെ അടിത്തറ തന്നെ.

ഫ്രഷ് ഫിഷല്ലേ! വില ഒരു പ്രശ്നമല്ല

മഴക്കാലം മത്സ്യങ്ങളുടെ പ്രജനനകാലം കൂടിയായതിനാൽ വലിയ മീനുകൾ കൂട്ടത്തോടെ തീരങ്ങളോടടുത്തു വരുന്നതാണു ചൂണ്ടക്കാർക്കു ഗുണമാകുന്നത്. ചന്തകളിൽപ്പോലും മീനിനു ക്ഷാമം അനുഭവപ്പെടുന്ന കാലം കൂടിയായതിനാൽ ചൂണ്ടയിട്ടു കിട്ടുന്ന മീനിനു ‘പൊന്നുംവിലയാണ്’. വറ്റ, ചെമ്പല്ലി മുതലായ മീനുകളാണു പൊതുവേ ഈ സീസണിൽ ലഭിക്കുക

. കിലോഗ്രാമിന് 450 മുതൽ 600 രൂപ വരെ വിലയ്ക്കാണ് ഇവർ ഈ മത്സ്യങ്ങളെ വിൽക്കുന്നത്. ഐസോ മറ്റു രാസപദാർഥങ്ങളോ ഉപയോഗിക്കാത്തതു കൊണ്ടു വാങ്ങാൻ ആവശ്യം പോലെ ആളുമെത്തുന്നുണ്ട്. ആറ്റു മീനുകൾക്കും വൻ ഡിമാൻഡാണ്. സംസ്ഥാനത്തെ വിവിധ ജലാശയങ്ങളിൽ ഫിഷറീസ് തന്നെ നിക്ഷേപിച്ചിട്ടുള്ള കട്‌ല, രോഹു, മൃഗാൾ തുടങ്ങിയ മീനുകളെയും ഫിഷിങ് റോഡ് ഉപയോഗിച്ചു പിടിക്കുന്ന ഒട്ടേറെപ്പേരുണ്ട്.

fish-shop
നഗരത്തിലെ മത്സ്യബന്ധനോപകരണ വിൽപനശാലയിലെ തിരക്ക്

തകർക്കുന്നു, ഓൺലൈൻ കച്ചവടവും

സ്പോർട് ഫിഷിങ്ങുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും ഇപ്പോൾ ഓൺലൈൻ വിപണിയിലും ലഭ്യമാണ്. ഇത്തരം ഉപകരണങ്ങൾ മാത്രം കിട്ടുന്ന സൈറ്റുകളുമുണ്ട്. കച്ചടക്കാരിൽനിന്നു വാങ്ങുന്നതിനേക്കാൾ ലാഭകരമായതിനാലും കൂടുതൽ വ്യത്യസ്തമായ വിവിധ ബ്രാൻഡുകളുടെ ഇനങ്ങൾ ലഭ്യമായതിനാലും ഓൺലൈൻ വിപണിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നു.

എന്നാൽ ഇവയിൽ  പലതും വിദേശ സൈറ്റുകളായതിനാൽ ഓർഡർ ചെയ്ത സാധനം കയ്യിൽ കിട്ടാൻ 20–30 ദിവസം കാത്തിരിക്കേണ്ടി വരുന്നുണ്ട്. മത്സ്യലഭ്യത സീസണിനെക്കൂടി ആശ്രയിച്ചിരിക്കുന്നതിനാൽ  ഇത്രയും നീണ്ട കാത്തിരിപ്പ് പലപ്പോഴും പ്രായോഗികമല്ല. ഇതുകൊണ്ടു തന്നെ അത്യാവശ്യക്കാർ സാധനങ്ങൾക്കായി കടകളിലേക്കു തന്നെ ഓടേണ്ടിയും വരുന്നുണ്ട്. ഓൺലൈനിൽ നിന്നു സാധനങ്ങൾ വാങ്ങി ചെറിയ ലാഭമെടുത്ത് ആവശ്യക്കാർക്കു വിറ്റഴിക്കുന്ന ഇടനില കച്ചവടക്കാരുമുണ്ട്.

കൂടുതലും യുവാക്കളാണ് ഈ ബിസിനസിനു പിന്നിൽ. സ്പോർട് ഫിഷിങ് താൽപര്യമുള്ളവർ വാട്സാപ്പിലൂടെയും മറ്റും ഗ്രൂപ്പുകൾ രൂപീകരിച്ചു ചൂണ്ടയിടാൻ പോകുകയും തുടർന്ന്, വിപണിയുടെ സാധ്യത തിരിച്ചറിയുന്നതോടെ ഇവരിൽ കുറേപ്പേർ ഒരുമിച്ചു പതിയെ കച്ചവടത്തിലേക്കു നീങ്ങുന്നതും പതിവാണ്. നഗരത്തിലെ വീടുകൾ കേന്ദ്രീകരിച്ചു പോലും മത്സ്യബന്ധന ഉപകരണങ്ങളുടെ വിൽപന നടക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com