ADVERTISEMENT

കൊച്ചി ∙  കൊച്ചിക്കു പുറമേ, കേരളത്തിലെ മറ്റിടങ്ങളിൽക്കൂടി പ്രകൃതിവാതക ലഭ്യതയ്ക്കു സാഹചര്യം സൃഷ്ടിച്ചു കൊച്ചി – കൂറ്റനാട് എൽഎൻജി പൈപ് ലൈൻ കമ്മിഷൻ ചെയ്തു. കൊച്ചി – കൂറ്റനാട് – മംഗളൂരൂ പൈപ് ലൈൻ പദ്ധതിയിലെ ആദ്യ സുപ്രധാന നാഴികക്കല്ലാണു 96 കിലോമീറ്റർ ദൈർഘ്യമുള്ള കൊച്ചി – കൂറ്റനാട് ലൈൻ കമ്മിഷനിങ്.ആകെ 444 കിലോമീറ്ററാണു കൊച്ചി – കൂറ്റനാട് – മംഗളൂരു പൈപ് ലൈനിന്റെ ദൈർഘ്യം. ശേഷിച്ച 347 കിലോമീറ്ററിൽ 342 കിലോമീറ്ററിലും പൈപ്പ് സ്ഥാപിച്ചു കഴിഞ്ഞു. കാസർകോട്, മംഗളൂരു മേഖലകളിലായി 5 കിലോമീറ്ററിൽ മാത്രമേ പൈപ്പിടാനുള്ളൂ.

കൂറ്റനാട് വരെ വാതകം എത്തുമെങ്കിലും തൃശൂർ, പാലക്കാട് ജില്ലകളിലൊന്നും സിറ്റി ഗ്യാസ് പദ്ധതി യാഥാർഥ്യമാകാത്തതിനാൽ  ജനങ്ങൾക്കു നേരിട്ടു പ്രയോജനം ലഭിക്കാൻ വൈകും. നിലവിൽ കൊച്ചിയിൽ മാത്രമാണു വാതക ലഭ്യത.2010 ൽ അനുമതി ലഭിച്ച പദ്ധതി, പൈപ് ലൈൻ സ്ഥാപിക്കുന്നതിനോടു പ്രാദേശികമായി ഉയർന്ന എതിർപ്പുകളിൽ തട്ടി 6 വർഷത്തോളം ഏറെക്കുറെ മരവിച്ച സ്ഥിതിയിലായിരുന്നു.2016 ലാണു പദ്ധതിക്കു ജീവൻ വച്ചതും പൈപ്പിടൽ തുടങ്ങിയതും. ആദ്യ ഘട്ടം കമ്മിഷനിങ് കഴിഞ്ഞതോടെ, ഘട്ടം ഘട്ടമായി ശേഷിച്ച ഭാഗങ്ങളിൽ കൂടി ഏതാനും മാസങ്ങൾക്കകം കമ്മിഷനിങ് നടക്കും.

കൊച്ചി പുതുവൈപ്പിലെ എൽഎൻജി ടെർമിനലിൽ നിന്നാണു പ്രകൃതി വാതകം കേരളത്തിലെ വിവിധ ജില്ലകളിലൂടെ പൈപ് ലൈൻ വഴി മംഗളൂരുവിൽ എത്തുക.പൈപ് ലൈൻ പൂർണ സജ്ജമാകുമ്പോൾ കേരളത്തിലെ വ്യവസായശാലകൾക്ക് ഇന്ധനമായി പ്രകൃതി വാതകം ഉപയോഗിക്കാനാകും. പാചക ആവശ്യത്തിനു പുറമേ, പരിസ്ഥിതി സൗഹൃദ വാഹന ഇന്ധനമായും വാതകം ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com