ADVERTISEMENT

2021ഓടെ ലോകത്തിൽ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാകും ഇന്ത്യ. എന്നാൽ 2019 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് മേയിൽ രേഖപ്പെടുത്തിയത്. രണ്ടാം എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള ആദ്യ ബജറ്റാണ് ധനമന്ത്രി നിർമലാ സീതാരാമൻ ജൂലൈ അഞ്ചിന് അവതരിപ്പിക്കാൻ പോകുന്നത്. സാമ്പത്തികമാന്ദ്യം ബാധിച്ച വിപണിയെ ഉത്തേജിപ്പിക്കുകയാകും സർക്കാരിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ചു വാഹന വിപണി.

ജിഎസ്ടി കുറയ്ക്കുകയാണെങ്കിൽ വിൽപ്പന കൂടുമെന്നാണ് വാഹനനിർമാതാക്കൾ പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 5% വളർച്ച രേഖപ്പെടുത്തിയിടത്ത് ഈ വർഷം തുടക്കത്തിൽതന്നെ –19% വളർച്ച കുറഞ്ഞു. ഇരുചക്ര വാഹന വിൽപ്പനയിൽ –11.6% കുറവുണ്ടായി. ഉപയേ‌ാക്താക്കളുടെ ഡിമാൻഡ് കുറഞ്ഞതാണ് പ്രധാന കാരണം. ഇന്ധന വില, പലിശ നിരക്ക്, ഇൻഷുറൻസ് തുക എന്നിവയും വലിയ തോതിൽ വർധിച്ചു. കൂടാതെ ലോക്സഭാ തിരഞ്ഞെടുപ്പും വിൽപ്പനയെ സ്വാധീനിച്ചുവെന്നു വേണം കരുതാൻ. തേർഡ് പാർട്ടി ഇൻഷുറൻസ് കുത്തനെ കൂട്ടിയതും തിരിച്ചടിയായി.

ഭാരത് സ്റ്റേജ് 4–ൽ നിന്നു ഭാരത് സ്റ്റേജ് 6ലേക്ക് 2020 ഏപ്രിൽ 1 മുതൽ മാറണമെന്ന നിയമം നടപ്പാകുന്നതോടെ നിർമാണച്ചെലവ് കൂടുമെന്നതാണ് കമ്പനികളെ വലയ്ക്കുന്ന പ്രശ്നം. 10–15 % വരെ വില വർധനവും തന്മൂലം ഉണ്ടാകും. ജിഎസ്ടി 28% ൽ നിന്നു 18% ആക്കുകയാണെങ്കിൽ ഉപഭോക്താക്കളുടെമേൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കാം.  നിലവിൽ 28% ജിഎസ്ടിയോടൊപ്പം വാഹനത്തിന്റെ നീളം, വിഭാഗം, എൻജിൻ കപ്പാസിറ്റി എന്നിവയനുസരിച്ച് 1–22% അധിക സെസ്സും നൽകേണ്ടിവരും. നിലവിൽ 350 സിസി ഉള്ള ബൈക്കിന് സെസ് ഉൾപ്പടെ 31% നികുതി നൽകേണ്ടി വരുന്നുണ്ട്. അതിനാൽ ഓട്ടോമൊബൈൽ ഇൻഡസ്ട്രിയെ സഹായിക്കുന്ന നികുതി ഇളവുകൾ ബജറ്റിൽ ഉണ്ടായേക്കാം.

ഇ–വാഹനങ്ങൾക്ക് പച്ചക്കൊടി

പരിസ്ഥിതി സൗഹാർദ്ദ വാഹനങ്ങൾക്കു കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്സിഡി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുത വാഹനങ്ങൾക്കു സർക്കാർ സബ്സീഡിയോ നികുതി ഇളവോ നൽകുകയാണെങ്കൽ ടെസ്‌ല പോലുള്ള മുൻനിര ഇലക്ട്രിക് കാർ നിർമാതാക്കൾ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കും.  ഇതുവരെ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നയവും സർക്കാരിൽ നിന്നുണ്ടായിട്ടില്ല.

2023ഓടെ 150 സിസിയിൽ താഴെയുള്ള എല്ലാ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഇലക്ട്രിക് ആക്കണമെന്നാണ് നിതി ആയോഗിന്റെ നിർദേശം. ചെലവു കുറഞ്ഞ, ശേഷി കൂടിയ ബാറ്ററിയുടെ ലഭ്യത, ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുക, സൗരോർജം പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾക്കെല്ലാം ബജറ്റിൽ നിർദേശമുണ്ടാകുമെന്നാണ് കരുതുന്നത്. ‌ഇലക്ട്രിക് ഇരുചക്ര വാഹന നിർമാണരംഗത്തേക്ക് സ്റ്റാർട്ടപ് കമ്പനികളെ ആകർഷിക്കുന്ന പദ്ധതികളും പ്രതീക്ഷിക്കാം. ‌മലിനീകരണം കൂടുതലുള്ള വാഹനങ്ങൾക്ക് ഗ്രീൻ സെസ് ഏർപ്പെടുത്തി ആ തുക പരിസ്തിഥി സൗഹാർദ്ദ വാഹന സംസ്കാരത്തിനു വേണ്ടി (ഗ്രീൻ മൊബിലിറ്റി) വേണ്ടി ഉപയോഗിക്കണമെന്നും നിർദേശങ്ങളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com