ADVERTISEMENT

ചൈനയിലെ സാമ്പത്തിക, വ്യവസായ രംഗങ്ങളിൽ 1979ൽ ആരംഭിച്ച ഉദാരവൽകരണം ഇന്ത്യക്ക് അനുകരണീയമാണ് എന്നു ബോധ്യപ്പെടാൻ വേണ്ടിവന്നതു 12 വർഷം. 1991 ജൂലൈ 24നു ധന മന്ത്രി മൻമോഹൻ സിങ് അവതരിപ്പിച്ച ഇടക്കാല ബജറ്റിലൂടെയാണ് ഇന്ത്യയിൽ ഉദാരവൽകരണത്തിനു തുടക്കമായത്. 1991 മുതൽ 1996 വരെ ധന മന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ ബജറ്റുകൾ രാജ്യത്തെ സാമ്പത്തിക, വ്യവസായ രംഗങ്ങളിൽ വരുത്തിയതു വലിയ മാറ്റങ്ങളാണ്.

ഇറക്കുമതി – കയറ്റുമതി നയം സമൂലമായി പരിഷ്‌കരിച്ച മൻമോഹൻ സിങ് ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ ലോകത്തിനു തുറന്നു കൊടുക്കുകയായിരുന്നു. നവീന വ്യവസായ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകിയ അദ്ദേഹം സോഫ്‌റ്റ്‌വെയർ കമ്പനികൾക്കു രാജ്യാന്തരതലത്തിൽ മത്സരക്ഷമമാകുന്നതിന് അവസരമൊരുക്കുകയും ചെയ്‌തു. നികുതികൾ പലതും പരിഷ്‌കരിച്ചു.

മൂലധന വിപണിയുടെ കർക്കശമായ നിയന്ത്രണത്തിനു സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യെ പ്രാപ്‌തമാക്കിയതും അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. ബാങ്കിങ് രംഗത്തും പരിഷ്‌കാരങ്ങൾക്കു വഴിതുറന്നു. മ്യൂച്വൽ ഫണ്ട് വ്യവസായം സ്വകാര്യ കമ്പനികൾക്കു തുറന്നുകൊടുത്തതും മൻമോഹൻ സിങ്ങാണ്. 1994ലെ അദ്ദേഹത്തിന്റെ ബജറ്റ് നിർദേശപ്രകാരമാണു സേവന നികുതി ഏർപ്പെടുത്തിയത്.

ചിദംബരം വക സ്വപ്‌ന ബജറ്റ്

മൻമോഹൻ സിങ് തുടങ്ങിവച്ച ഉദാരവൽകരണത്തിന് ആക്കം കൂട്ടുന്നതായി പിന്നീട് അവതരിപ്പിക്കപ്പെട്ട എല്ലാ ബജറ്റുകളും. പി. ചിദംബരം 1997 ഫെബ്രുവരി 28ന് അവതരിപ്പിച്ച ബജറ്റ് ‘സ്വപ്‌ന ബജറ്റ്’ എന്നു പോലും വിശേഷിപ്പിക്കപ്പെട്ടു. വ്യക്‌തികൾക്കും ബിസിനസുകൾക്കുമുള്ള നികുതി ബാധ്യത ലഘൂകരിക്കുന്നതായിരുന്നു ആ ബജറ്റ്. അതാകട്ടെ നികുതിദായകരുടെ എണ്ണത്തിൽ വൻ വർധനയ്‌ക്കു സഹായകമായി. 2006ൽ ചിദംബരം അവതരിപ്പിച്ച ബജറ്റിൽ ‘ഒരു രാജ്യം, ഒരു നികുതി’ എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

പുതുമകളുമായി ജയ്‌റ്റ്‌ലി

ചിദംബരത്തിന്റെ ‘ഒരു രാജ്യം, ഒരു നികുതി’ എന്ന ആഗ്രഹത്തിന്റെ സാഫല്യമാണു പിൽക്കാലത്ത് അരുൺ ജയ്‌റ്റ്‌ലി നടപ്പാക്കിയ ജിഎസ്‌ടി. ഫെബ്രുവരിയിലെ അവസാന ദിവസം ബജറ്റ് അവതരിപ്പിക്കുന്ന രീതിക്കു പകരം ആദ്യ ദിനം സ്വീകരിച്ചതും ജയ്‌റ്റ്‌ലി ധനമന്ത്രി ആയിരിക്കുമ്പോൾത്തന്നെ. ജയ്‌റ്റ്‌ലിയാണു റെയിൽ ബജറ്റ് കേന്ദ്ര ബജറ്റിന്റെ ഭാഗമായി അവതരിപ്പിക്കുന്ന രീതി തുടങ്ങിവച്ചതും.

റെയിൽ ബജറ്റിനെ പൊതു ബജറ്റിൽ ലയിപ്പിക്കുകയെന്നതു  ജയ്‌റ്റ്‌ലിയുടെ ആശയമായിരുന്നില്ല. റെയിൽവേയുടെ പ്രവർത്തനം സംബന്ധിച്ചു നിതി ആയോഗ് അംഗം ബിബേക് ദിബ്രോയ് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശയായിരുന്നു അത്. 1924 വരെ റെയിൽ ബജറ്റ് അവതരിപ്പിച്ചിരുന്നതു പൊതു ബജറ്റിന്റെ ഭാഗമായിത്തന്നെയാണ്. വില്യം മൈക്കൽ ആക്‌വർത് അധ്യക്ഷനായ സമിതി സമർപ്പിച്ച ശുപാർശ അംഗീകരിച്ചാണ് 1925 മുതൽ പ്രത്യേക റെയിൽ ബജറ്റ് അവതരിപ്പിക്കാൻ ആരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com