ADVERTISEMENT

തകരാറുകളെത്തുടർന്ന് കട്ടപ്പുറത്തായ എയർഇന്ത്യ വിമാനങ്ങൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ തീർത്ത് സർവീസിനിറക്കാൻ തീരുമാനം. വെറുതെ കിടക്കുന്ന 19 വിമാനങ്ങൾ ഒക്ടോബറിനകം പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കാനാണുദ്ദേശം. സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്ന എയർഇന്ത്യയെ കൂടുതൽ ആകർ‌ഷകമാക്കുക എന്ന ലക്ഷ്യവും അടിയന്തര നടപടികൾക്കു പിന്നിലുണ്ട്.

മൂന്നു ഘട്ടങ്ങളായാണ് എയർഇന്ത്യയുടെ തന്നെ എൻജിനീയറിങ് വിഭാഗം വിമാനങ്ങളുടെയും എൻജിനുകളുടെയും അറ്റകുറ്റപ്പണികൾ നിർവഹിക്കുക. ആദ്യഘട്ടത്തിൽ രണ്ട് ബോയിങ് 787 വിമാനങ്ങളാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുക.
രണ്ടാം ഘട്ടത്തിൽ നാല് ബോയിങ് 777 വിമാനങ്ങളും സർവീസിനെത്തിക്കും. അവസാനഘട്ടത്തിൽ ഒക്ടോബർ അവസാനത്തോടെ 13 എയർബസ് 320 വിമാനങ്ങളും പറത്തുകയാണു ലക്ഷ്യം. വിമാനങ്ങളെല്ലാം ഉപയോഗപ്പെടുത്തി ശൈത്യകാല ഷെഡ്യൂളിൽ പുതിയ സർവീസുകൾ ആരംഭിക്കും.

500 കോടി രൂപയാണ് അറ്റകുറ്റപ്പണികൾക്കായി ചെലവഴിക്കുക.
ദീർഘദൂരം പറക്കാവുന്ന വിമാനങ്ങൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയെത്തുന്നതോടെ എയർഇന്ത്യയുടെ വിമാനശ്രേണിയിൽ സർവീസ് നടത്തുന്ന 128 വിമാനങ്ങളാകും. ഇതോടെ ഓസ്ട്രേലിയ, യുഎസ് സെക്ടറുകളിൽ പുതിയ സർവീസുകൾ എയർഇന്ത്യ ആരംഭിക്കും. ഇതിനു പുറമെ പുതിയ ആഭ്യന്തര സെക്ടറുകളും പരിഗണനയിലുണ്ട്.

സർക്കാർ വീണ്ടും സ്വകാര്യവൽക്കരണ നടപടികൾ ആരംഭിച്ച എയർഇന്ത്യ കൂടുതൽ മികവോടെയാകും ഇത്തവണ നിക്ഷേപകർക്കു മുന്നിലെത്തുക. കടബാധ്യതകൾ കുറച്ചും പ്രകടനം മികവാക്കിയും കൂടുതൽ പ്രവർത്തനക്ഷമമായി വിമാനങ്ങളുമായും എത്തുന്ന എയർഇന്ത്യയെ വാങ്ങാൻ ഗൾഫ് മേഖലയിൽ നിന്നുള്ള പ്രമുഖ വിമാനക്കമ്പനി ഒരു ഇന്ത്യൻ കമ്പനിയുടെ  സഹകരണത്തോടെയെത്തുമെന്ന് സൂചനയുണ്ട്. ജെറ്റ് എയർവെയ്സ് സർവീസ് നിർത്തിയതോടെ ഇന്ത്യയിൽ നിന്നു വിദശത്തേക്കുള്ള സർവീസുകൾ കുറഞ്ഞതും പുതിയ നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്.

ഡിസംബർ അവസാനത്തോടെ വിൽപന നടപടികൾ പൂർത്തിയാക്കുകയാണു ലക്ഷ്യം. വിൽപന നടപടികളുടെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനുമുമ്പ് കഴിഞ്ഞ സാമ്പത്തികവർഷത്തെ വരുമാനക്കണക്കുകൾ പ്രഖ്യാപിക്കേണ്ടതുണ്ട്. ജൂൺ അവസാനത്തോടെ ഇതു വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഓഡിറ്റിങ് പൂർത്തിയാകുന്നതേയുള്ളൂ. കമ്പനിയുടെ സാമ്പത്തിക, പ്രവർത്തന, വാണിജ്യ മികവുകൾ പരമാവധി പ്രകടമാകുന്നതായിരിക്കും സാമ്പത്തികവർഷത്തെ കണക്കുകൾ എന്നാണു പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com