ADVERTISEMENT

മലയാളിയുടെ ഓണാഘോഷത്തിന് അത്തച്ചമയത്തിന്റെ പൂവിളി ഉയർത്തിയ രാജനഗരിയിൽ ഓണവിപണിയും ഉഷാർ. സ്റ്റാച്യു ജംക്‌ഷൻ, കിഴക്കേക്കോട്ട ജംക്‌ഷൻ എന്നിവിടങ്ങളിൽ റോഡിന് ഇരുവശവും നാനാ വർണത്തിലുള്ള പൂക്കളും മുല്ലപ്പൂവും ധാരാളമായി വിൽപ്പനയ്ക്കുണ്ട്. 

പ്രധാനമായും സ്റ്റാച്യു ജംക്‌ഷൻ കേന്ദ്രീകരിച്ചാണ് ഓണത്തിന്റെ വിൽപ്പന തകൃതിയാകുന്നത്. രാത്രി ഏറെ വൈകിയും  കച്ചവടം നീളും. ജമന്തി, അരളി, റോസ് തുടങ്ങിയ പൂക്കളുമായി 50 പേരടങ്ങുന്ന സംഘമാണ് തമിഴ്‌നാട്ടിൽ നിന്ന് എത്തിയിരിക്കുന്നത്. തൃശൂർ ജില്ലയിലുള്ളവരും പൂക്കളുമായി ഇവിടെ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. കോയമ്പത്തൂർ പൂച്ചന്തയിൽ നിന്നാണ് ഇവരൊക്കെ പൂക്കൾ എടുക്കുന്നത്.  ജില്ലയിൽ പൂ വിപണി ഏറ്റവും സജീവം ഇവിടെയാണെന്നാണ് ഇവർ പറയുന്നത്. വിഷുവിനും പൂക്കളുമായി ഇവർ ഇവിടെ എത്താറുണ്ട്. 

കഴിഞ്ഞ വർഷത്തേക്കാളും പൂ വിപണി വിപുലമാണ്. കഴിഞ്ഞ വർഷം മഴക്കെടുതികൾ കാരണം കച്ചവടങ്ങളുടെ കുറവും വിപണികളിൽ ഉണ്ടായിരുന്നു. അതൊക്കെ മാറ്റി ഇത്തവണ വിപണി ഉഷാറാക്കാൻ എല്ലാ കച്ചവടക്കാരും ശ്രമിക്കുന്നുണ്ട്. 

വിവിധ നിറങ്ങളിലുള്ള ജമന്തിക്ക്  കിലോ 100 രൂപയാണ് വില, 130 രൂപയാകും വാടാമല്ലിക്ക്, അരളിക്ക് 300 രൂപ വരെയാകും, റോസിന് 400 രൂപയാണ് വില. ആവശ്യക്കാർക്കായി 50,100 രൂപയുടെ കിറ്റുകളും ലഭ്യമാണ്. 

വസ്ത്ര വിപണിയാണ് ഏറ്റവും തിരക്കേറിയ മറ്റൊരിടം. എല്ലാ വസ്ത്രശാലകളിലും കഴിഞ്ഞ കുറെ ദിവസങ്ങളിലായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പലരും വിവിധ ഓഫറുകളും, സമ്മാന കൂപ്പണുകളും, ഡിസ്‌കൗണ്ടുകളും നൽകി ആളുകളെ ആകർഷിക്കുന്നുണ്ട്.  

മഹാബലിയെ വരവേൽക്കാനുള്ള ഓണത്തപ്പനുമായി എരൂർ, മൂവാറ്റുപുഴ സ്വദേശികളും ദിവസങ്ങളായി തൃപ്പൂണിത്തുറയിൽ ഉണ്ട്. ഓണത്തപ്പൻ കിറ്റുകൾ 100 രൂപ മുതൽ മുകളിലേക്കാണ് വില. ഒരെണ്ണം മാത്രമാണ് വേണ്ടതെങ്കിൽ 20 രൂപയ്ക്കും ലഭിക്കും. 

വീട്ടുമുറ്റങ്ങളിലെ പൂക്കളങ്ങൾക്ക് സമാപനം കുറിച്ച് 11 നു പുലർച്ചെ ഓണത്തപ്പനെ വരവേൽക്കുന്നതിനുളള കുരുത്തോലയും തുമ്പപ്പൂവും തെങ്ങിൻ പൂക്കുലയും വാഴയിലകളും ഓണത്തപ്പന്മാരും എല്ലാം ലഭിക്കുന്ന ഗൃഹാതുര ഓണവിപണിയാകും നാളെ (10–09–19 ) സ്റ്റാച്യൂ ജംക്‌ഷനിലെ രാജപ്രതിമക്കു ചുറ്റും അരങ്ങേറുന്നത്. ഇത് വർഷത്തിൽ ഒരു ദിവസം മാത്രം കാണാവുന്ന കാഴ്ചയാണ്. 

ചട്ടിയും കലങ്ങളും നാഴിയും ഇടങ്ങഴിയും പറകളും പീഠങ്ങളും എല്ലാം ഈ കച്ചവടക്കാഴ്ച്ചയിലെ ദൃശ്യങ്ങളാണ്. എതിരേൽപിന് പൂക്കുല, തെങ്ങിൻ ചൊട്ട, കുരുത്തോല, തുമ്പ, നാഴി, ഇടങ്ങഴി, പറ ആവണിപ്പലകയും, എലിപ്പെട്ടിയും വരെ ഇവിടെ ലഭ്യമാക്കാനുള്ള തിരക്കിലാണ് കച്ചവടക്കാർ.  ഉപ്പേരിയും അച്ചാറും പച്ചക്കായും പൂക്കളും എല്ലാമായി കുടുംബശ്രീയുടെ പ്രത്യേക സ്റ്റാളുകളും ഇവിടെയുണ്ട്. 

ഓണസദ്യ ഒരുക്കുന്ന തിരക്കിലാണ്  വിവിധ കേറ്ററിങ് സ്ഥാപനങ്ങൾ. ഓഫിസുകൾ, കോളജുകൾ തുടങ്ങിവയ്ക്ക് എല്ലാം ഇവർ ഓണസദ്യ എത്തിച്ചു നൽകുന്നുണ്ട്. ഏകദേശം 180 രൂപ വരും ഒരു ഇല സദ്യക്ക് തിരുവോണത്തിന് എല്ലാ വിഭവങ്ങളും കൂട്ടി സദ്യയുണ്ണാൻ കേറ്ററിങ് സ്ഥാപങ്ങൾക്കു ഓർഡർ നൽകി കാത്തിരിക്കുന്ന വീട്ടമ്മമാരും ഏറെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com