sections
MORE

മരടിന്റെ ഓണച്ചന്തം

SHARE

കർഷകരും ഉപയോക്താക്കളും ഒരുപോലെ ഹാപ്പിയാകുന്ന രാജ്യാന്തര പച്ചക്കറി മാർക്കറ്റിലെ കർഷക കൂട്ടായ്മയുടെ പ്രത്യേക ഓണച്ചന്ത ഇന്നുകൂടി. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക ചന്തയിൽ 5 മണിക്കൂറിനുള്ളിൽ 6 ലക്ഷത്തിന്റെ വിനിമയമാണ് നടന്നത്. ഇടനിലക്കാരെ ഒഴിവാക്കി തമിഴ്നാട്ടിലെ 'ഉഴവർച്ചന്ത' മാതൃകയിൽ പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മയുടെ വിഷരഹിത നാടൻ പച്ചക്കറി ലേലമാണ് മരട് മാർക്കറ്റിൽ നടക്കുന്നത്.

എല്ലാ വ്യാഴാഴ്ചയുമാണ് ലേലം. ഈ വ്യാഴാഴ്ച മൂന്നാം ഓണം ആകും. അതിനാലാണ് ഇന്ന് പ്രത്യേക ചന്ത നടക്കുന്നതെന്ന് കർഷക കൂട്ടായ്മയുടെ കേന്ദ്ര കമ്മിറ്റി ജനറൽ കൺവീനർ കുര്യാക്കോസ് വെട്ടിക്കാട്ടിൽ, മാർക്കറ്റ് അതോറിറ്റി അസി. സെക്രട്ടറി ഷീലാ പോൾ എന്നിവർ പറഞ്ഞു. കഴിഞ്ഞ വർഷം പ്രളയത്തിൽ നഷ്‌‌ടമായത് ഇക്കുറി വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയാണ് കർഷകർക്ക്.

ഓണം മുന്നിൽ കണ്ട് കർഷകർ കൂടുതൽ ഉൽപന്നങ്ങൾ എത്തിച്ചിട്ടുണ്ട്. ഓണവിപണിയിലെ താരമായ നേന്ത്രക്കായ ആവശ്യമനുസരിച്ചുണ്ട്. ലേലത്തറയുടെ തെക്കേ ഹാൾ നേന്ത്രക്കായ്ക്കായി മാത്രം മാറ്റി വച്ചിരിക്കുന്നു.കഴിഞ്ഞ ദിവസത്തെ ഓണച്ചന്തയിൽ നേന്ത്രക്കായ ലേല വില പ്രതീക്ഷിച്ചതിലും കൂടുതൽ ഉയരാതിരുന്നത് ഉപയോക്താക്കൾക്ക് ആശ്വാസമായി. സഹകരണ സംഘങ്ങളും മറ്റും കൂട്ടമായെത്തിയായിരുന്നു കഴിഞ്ഞ ദിവസത്തെ ഓണച്ചന്ത ഉഷാറാക്കിയത്. ഇന്നും അത് ആവർത്തിക്കുമെന്ന പ്രതീക്ഷയാണുള്ളത്. ലേലം വിളിച്ചു വിലപേശിയും കർഷകരിൽനിന്ന് ഇന്നു നേരിട്ടു വാങ്ങാനാകും.

വിവിധ കൃഷിഭവനുകളുടെ സഹായത്തോടെ കർഷകർ വിളയിച്ച നേന്ത്രക്കായ, മത്തൻ, കുമ്പളം, ചീര, പടവലം, കയ്പ, വെണ്ട, വഴുതന, ചേന തുടങ്ങിയവയ്ക്കു പുറമെ നാടൻ പയർ, ഇല, വാഴക്കുടപ്പൻ, വാഴപ്പിണ്ടി, കപ്പ തുടങ്ങിയവയും ഉണ്ടാകും. മുളന്തുരുത്തി, ആലങ്ങാട്, കരുമാലൂർ, കുന്നുകര, പാറക്കടവ്, ചെല്ലാനം, നെടുമ്പാശേരി, ചെങ്ങമനാട്, എടയ്ക്കാട്ടുവയൽ, തിരുവാണിയൂർ എന്നീ പഞ്ചായത്തുകളിലെ കർഷക കൂട്ടായ്മകളുടെ ഉൽപന്നങ്ങളാണുള്ളത്. രാവിലെ ഏഴരയ്ക്കു തുടങ്ങും. ഉൽപന്നം തീരുന്നതനുസരിച്ച് 11ഓട‌െ സമാപിക്കും.

പച്ചക്കറികൾക്ക് ന്യായവില

മരട് മാർക്കറ്റിലെ കർഷക കൂട്ടായ്മയുടെ കഴിഞ്ഞ ദിവസം നടന്ന പ്രത്യേക ഓണച്ചന്തയിലെ പ്രധാന ഇനങ്ങളുടെ വിനിമയ
നിരക്ക് (കിലോഗ്രാമിന്)

നേന്ത്രക്കായ 60 – 65
ചേന 25– 30
ഞാലിപ്പൂവൻ 65 – 70
മത്തങ്ങ 29 – 25
ചെറുപഴം 30 – 35
കപ്പ 16 –18
കുക്കുംബർ– 30– 35
ചേമ്പ് – 30– 35

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA